വെടിനിറുത്തല്‍ നിലനില്‍ക്കുമ്പോഴും ഗാസാ പ്രദേശത്ത് കുട്ടികള്‍ കൊല്ലപ്പെടുന്നു: യൂണിസെഫ്
പാലസ്തീന - ഇസ്രായേല്‍ യുദ്ധത്തിന് താത്കാലികശമനം നല്‍കിയ വെടിനിറുത്തല്‍ നിലനില്‍ക്കുമ്പോഴും, ഗാസാ പ്രദേശത്ത് കുട്ടികള്‍ കൊല്ലപ്പെടുന്നത് തുടരുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്.
വെടിനിറുത്തല്‍ നിലവില്‍ വന്നതിന് ശേഷവും പ്രദേശത്ത് നൂറിലധികം കുട്ടികള്‍ കൊല്ലപ്പെട്ടുവെന്ന് ജനുവരി 13-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ സംഘടന അറിയിച്ചു.
ഇതനുസരിച്ച് ദിനം പ്രതി ഒരു കുട്ടി വീതം ഗാസാ മുനമ്പില്‍ കൊല്ലപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ജനീവയിലുള്ള കേന്ദ്രത്തില്‍നിന്ന് യൂണിസെഫ് വക്താവ് ജെയിംസ് എല്‍ഡര്‍ അപലപിച്ചു.
കുറച്ചുനാളുകളായി ബോംബാക്രമങ്ങളും സായുധസംഘര്‍ഷങ്ങളും കുറഞ്ഞുവെങ്കിലും, ഇനിയും അവ പൂര്‍ണ്ണമായും അവസാനിച്ചിട്ടില്ലെന്ന് യൂണിസെഫ് വക്താവ് അറിയിച്ചു.
ഇന്ന് ശാന്തം എന്ന് ലോകം വിശേഷിപ്പിക്കുന്ന ഈ പ്രദേശത്തെ സ്ഥിതി, മറ്റെവിടെയും 'പ്രതിസന്ധിയായാണ്' കണക്കാക്കപ്പെടുകയെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
വെടിനിറുത്തല്‍ വന്നതിന് ശേഷം ഗാസാ പ്രദേശത്തുനിന്ന് കുട്ടികള്‍ അപ്രത്യക്ഷരാകുകയാണെന്ന് എല്‍ഡര്‍ ഓര്‍മ്മിപ്പിച്ചു.
വെടിനിറുത്തല്‍ പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം, യൂണിസെഫിന്റെ കണക്കുകള്‍ പ്രകാരം ഗാസാ മുനമ്പില്‍ അറുപത് ആണ്‍കുട്ടികളും നാല്‍പ്പത് പെണ്‍കുട്ടികളുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
എന്നാല്‍ യഥാര്‍ത്ഥ കണക്കുകള്‍ ഇതിലധികമായേക്കാമെന്നും, നൂറുകണക്കിന് കുട്ടികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും യൂണിസെഫ് തങ്ങളുടെ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ആക്രമണങ്ങള്‍ തുടരുമ്പോഴും, ഗാസാ പ്രദേശത്ത്, മരുന്നുകളും, പാചകവാതകവും, ഇന്ധനവും, ജലസേചനത്തിനുള്ള പല ഘടകങ്ങളും ഉള്‍പ്പെടെ പ്രാഥമികാവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള പല വസ്തുക്കളുടെയും ലഭ്യത പരിമിതമാണെന്നും യൂണിസെഫ് അറിയിച്ചു.
എന്നാല്‍ ആരോഗ്യരംഗത്തും, ശുചിത്വസേവനസൗകര്യങ്ങളിലും, നിലവിലെ ശൈത്യകാലത്തെക്ക് വേണ്ട കിറ്റുകള്‍ എത്തിക്കുന്നതിലും ജലസേചനസൗകര്യങ്ങള്‍ക്കേറ്റ കേടുപാടുകള്‍ മാറ്റുന്നതിനും, ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നതിനും നിലവിലെ വെടിനിറുത്തല്‍ സഹായകരമായിട്ടുണ്ടെന്നും യൂണിസെഫ് പ്രസ്താവിച്ചു.