ഹെയ്തിയിൽ കുട്ടികൾ വിചാരണയോ നീതിയോ ഇല്ലാതെ വർഷങ്ങളോളം ജയിലിൽ: ആശങ്കയിൽ ഐക്യരാഷ്ട്രസഭ
കരീബിയൻ രാജ്യമായ ഹെയ്തിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ കോടതിയിലോ ന്യായാധിപന് മുന്നിലോ ഹാജരാക്കപ്പെടാതെ വർഷങ്ങളോളം ജയിലിൽ കഴിയുന്നതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. ജൂലൈ 20 ന് നടന്ന യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിലാണ് അക്രമബാധിതമായ ഹെയ്തിയിലെ കുട്ടികളുടെ ദാരുണാവസ്ഥയെക്കുറിച്ച് റിപ്പോർട്ട് സമർപ്പിച്ചത്.
ആയുധമേന്തിയ സംഘർഷങ്ങളിലും കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിലും പ്രതികരിക്കവെ, ചില കുട്ടികൾ എട്ട് വർഷത്തോളമായി വിചാരണ പോലും നേരിടാതെ തടവിൽ കഴിയുകയാണെന്ന് ‘കുട്ടികളും ആയുധമേന്തിയ സംഘർഷങ്ങളും’ സംബന്ധിച്ച യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി വനേസ ഫ്രേസിയർ വ്യക്തമാക്കി.
കുട്ടികൾക്കായി നീക്കിവച്ചിട്ടുള്ള തടവറകളിൽ അതിരൂക്ഷമായ ജനത്തിരക്ക് നേരിടുകയാണ്. ഇവയിൽ ഭൂരിഭാഗവും മുതിർന്ന കുറ്റവാളികളാണ് തടവിൽ കഴിയുന്നത്. ആയുധമേന്തിയ ഗാംങ്ങുകളിൽ പെട്ടുപോയ കുട്ടികളെ കുറ്റവാളികളായല്ല, മറിച്ച് ഇരകളായി കണക്കാക്കി അവരെ മോചിപ്പിക്കാനും പുനരധിവസിപ്പിക്കാനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വനേസ ഫ്രേസിയർ ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം മാത്രം ഹെയ്തിയിൽ കുട്ടികൾക്ക് നേരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക അതിക്രമങ്ങൾ, ഗാംങ്ങുകളിലേക്ക് നിർബന്ധിതമായി റിക്രൂട്ട് ചെയ്യൽ തുടങ്ങിയ 2,088 കടുത്ത അതിക്രമങ്ങൾ നടന്നതായി യു.എൻ സ്ഥിരീകരിച്ചു. തെരുവ് ഗാംങ്ങുകളും ഹെയ്തി പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലിലും, ഡ്രോൺ ആക്രമണങ്ങളിലും പെട്ടാണ് ഭൂരിഭാഗം കുട്ടികളും കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്യുന്നത്. കുട്ടികളെ ഗാംങ്ങുകളിലേക്ക് ആകർഷിക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യുന്നത് തടയുമെന്ന് യു.എൻ സുരക്ഷാ കൗൺസിലിൽ യു.എസ് പ്രതിനിധി മൈക്ക് വാൾട്സ് പറഞ്ഞു.