ഹൈറ്റിയിൽ തുടരുന്ന സംഘർഷങ്ങൾ മൂലം കുടിയിറക്കപ്പെട്ട കുട്ടികൾ ഇരട്ടിയായി: യൂണിസെഫ്

 
HAITY


കടുത്ത സംഘര്‍ഷങ്ങളും അക്രമങ്ങളും മൂലം കരീബിയന്‍ രാജ്യമായ ഹൈറ്റിയില്‍ കുടിയിറങ്ങാന്‍ നിര്‍ബന്ധിതരായ കുട്ടികളുടെ എണ്ണം ഇരട്ടിയായെന്നും, നാളിതുവരെ രാജ്യത്ത് കുടിയിറക്കപ്പെട്ട കുട്ടികളുടെ എണ്ണം ഏതാണ്ട് ഏഴുലക്ഷത്തോടടുത്തുവെന്നും ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി യൂണിസെഫ്. ഒക്ടോബര്‍ 9-ന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.

രാജ്യത്ത് പത്ത് ലക്ഷത്തോളം കുട്ടികളാണ് കടുത്ത ഭക്ഷണക്കുറവ് മൂലം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതെന്ന് അറിയിച്ച ശിശുക്ഷേമനിധി, മുപ്പത്തിമൂന്ന് ലക്ഷത്തോളം കുട്ടികള്‍ക്ക് മാനവികസഹായം ആവശ്യമുണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.

ഹൈറ്റിയില്‍ നിലവില്‍ പതിമൂന്ന് ലക്ഷത്തിലധികം ആളുകളാണ് കുടിയിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്നതെന്ന് യൂണിസെഫ് 'കുട്ടികളെക്കുറിച്ചുള്ള മുന്നറിയിപ്പ്' എന്ന പേരില്‍ പുറത്തുവിട്ട തങ്ങളുടെ പുതിയൊരു റിപ്പോര്‍ട്ടില്‍ എഴുതി. 

രാജ്യത്ത് അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും, മാനവികസഹായലഭ്യത ഇല്ലാത്തത്, കൂടുതല്‍ ദുരിതത്തിലേക്കാണ് ഹൈറ്റിയിലെ ജനങ്ങളെ കൊണ്ടുപോകുന്നതെന്നും യൂണിസെഫ് വിശദീകരിച്ചു.

2025-ന്റെ ആദ്യ പകുതിയില്‍ത്തന്നെ രാജ്യത്തെ അഭയാര്‍ത്ഥി ക്യാമ്പുകളുടെ എണ്ണം 246 ആയിരുന്നുവെന്ന് ശിശുക്ഷേമനിധി അറിയിച്ചു, ഭീകരമായ അക്രമങ്ങളാണ് പ്രദേശത്തെ കുട്ടികള്‍ നേരിടുന്നതെന്ന് യൂണിസെഫ് ഡയറക്ടര്‍ ജനറല്‍ കാതറിന്‍ റസ്സല്‍ പ്രസ്താവിച്ചു.

രാജ്യത്തെ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ 33 ശതമാനത്തിലും അടിസ്ഥാന സംരക്ഷണം ഉറപ്പില്ലാത്തതാണെന്നും, അതുകൊണ്ടുതന്നെ അവിടെയുള്ള കുട്ടികളും സ്ത്രീകളും കൂടുതല്‍ അക്രമങ്ങള്‍ക്ക് ഇരകളാകാനുള്ള സാധ്യത വലുതാണെന്നും ഐക്യരാഷ്ട്രസഭാസംഘടന അറിയിച്ചു. പല സ്‌കൂളുകളും അഭയാര്‍ത്ഥിക്യാമ്പുകളായി പ്രവര്‍ത്തിച്ചുവരികയാണ്.

രാജ്യ തലസ്ഥാനത്തിനാമായ പോര്‍ട്ട് ഓ പ്രന്‍സിന്റെ 85 ശതമാനവും, പ്രധാനപ്പെട്ട വഴികളും സായുധസംഘങ്ങളുടെ നിയന്ത്രണത്തിന് കീഴിലാണെന്ന് യൂണിസെഫ് അറിയിച്ചു. ആളുകള്‍ക്ക് അടിസ്ഥാനസൗകര്യം ഉറപ്പാക്കുന്നതിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ശിശുക്ഷേമനിധി വ്യക്തമാക്കി.
 

Tags

Share this story

From Around the Web