ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ മൗനമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. പുതുപ്പള്ളിയിലെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ പുതുപ്പള്ളി സന്ദര്‍ശനം
കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ മൗനമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഉമ്മന്‍ ചാണ്ടിയുടെ മൂന്നാം ഓര്‍മ്മ ദിവസത്തില്‍ പുതുപ്പള്ളി പള്ളിയിലെ കല്ലറയില്‍ എത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷം മുഖ്യമന്ത്രി മടങ്ങി.
മുഖ്യമന്ത്രിയായ ശേഷമുള്ള തന്റെ ആദ്യ കോട്ടയം സന്ദര്‍ശനത്തിനിടെയാണു അദ്ദേഹം പുതുപ്പള്ളിയില്‍ എത്തിയത്.ഉമ്മന്‍ ചാണ്ടിയെക്കുറിച്ചു വൈകാരികമമായ ഓര്‍മ്മക്കുറിപ്പും മുഖ്യമന്ത്രി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

ഏതു പ്രതിസന്ധിയിലും ഉമ്മന്‍ ചാണ്ടി എന്നൊരാള്‍ ഫോണിന്റെ അല്ലെങ്കില്‍ ഒരു നിവേദനത്തിന്റെ മറുതലയ്ക്കല്‍ ഉണ്ടെന്നതു ലോകത്ത് ആകമാനമുള്ള മലയാളികളുടെ സ്വകാര്യ അഹങ്കാരമായിരുന്നു.
ഉമ്മന്‍ ചാണ്ടിയാകുക എന്നത് ആര്‍ക്കും സാധിക്കില്ല. പക്ഷെ സാധാരണക്കാരെ ചേര്‍ത്തു പിടിക്കുകയെന്നത് ഓരോ പൊതുപ്രവര്ത്തകന്റെയും ചുമതലയാണെന്നാണ് ഉമ്മന്‍ ചാണ്ടി സാര്‍ നമ്മളെ പഠിപ്പിച്ചത്.
ഉമ്മന്‍ ചാണ്ടി ഇരുന്ന അതേ കസരയില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തെ പോലെ ആകാനാണു ശ്രമിക്കുന്നത്. അവസാന ആശ്രയമായി തേടിയെത്തുന്നവര്‍ക്ക് മുന്നില്‍ അവരുടെ ഉമ്മന്‍ ചാണ്ടിയാകുകയെന്നത് കാലം ആവശ്യപ്പെടുന്നതാണ്. ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം, മുഖ്യമന്ത്രി കുറിച്ചു.