മെസ്സി ഫുട്ബോൾ തട്ടിപ്പ്, സമഗ്ര അന്വേഷണം പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ, മുൻ സർക്കാരിന്റെ പങ്കും കള്ളപ്പണവും അന്വേഷിക്കും
തിരുവനന്തപുരം: ലയണൽ മെസിയെ കേരളത്തിൽ എത്തിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് കായിക സെക്രട്ടറി സമർപ്പിച്ചത് അതിഗൗരവമായ റിപ്പോർട്ടാണെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. വിഷയത്തിൽ സർക്കാർ ഗൗരവമായി പരിശോധിച്ച് കർശന നടപടിയെടുക്കുമെന്നും, സ്പോൺസർമാരെ തിരഞ്ഞെടുത്തത് എല്ലാ ചട്ടങ്ങളും മറികടന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ സർക്കാരിന്റെ പങ്കിനെക്കുറിച്ചും കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ചും ഉചിതമായ അന്വേഷണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് അധികസഹായമായി 2 ലക്ഷം രൂപ വീതം അനുവദിക്കാൻ തീരുമാനിച്ചു. നഗരങ്ങളിലെ ദരിദ്രർക്കും ഇടത്തരക്കാർക്കും സ്വന്തമായി വീട് നിർമ്മിക്കുന്നതിനോ വാങ്ങുന്നതിനോ സാമ്പത്തിക സഹായം നൽകുന്ന കേന്ദ്രസർക്കാർ പദ്ധതിയായ 'പ്രധാൻ മന്ത്രി ആവാസ് യോജന - നഗരം 2' ധാരണാപത്രത്തിൽ ഒപ്പുവെക്കാൻ തീരുമാനിച്ചു. വീട് നിർമ്മിക്കുമ്പോൾ പദ്ധതിയുടെ ബോർഡ് വെക്കേണ്ടി വരുമെന്ന കേന്ദ്ര നിബന്ധന അംഗീകരിച്ചാണ് ധാരണാപത്രം ഒപ്പിട്ടത്.
പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ബോണസ് നൽകാനുള്ള തീരുമാനവും മന്ത്രിസഭ കൈക്കൊണ്ടു. വിഴിഞ്ഞത്ത് നിന്നുള്ള ഔദ്യോഗിക ചരക്ക് നീക്കത്തിനുള്ള പ്രവർത്തനങ്ങൾക്ക് ഈ വരുന്ന ആഗസ്റ്റ് 18-ന് തുടക്കം കുറിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
വാർത്തകൾ നീക്കം ചെയ്ത മെറ്റയുടെ നടപടിക്കെതിരെ മാധ്യമങ്ങൾ പരാതി നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഇതിനായി സർക്കാർ മാധ്യമങ്ങൾക്കൊപ്പം നിൽക്കും. തന്നെ വിമർശിക്കുന്ന പോസ്റ്റുകൾ നീക്കരുതെന്ന് മെറ്റയ്ക്ക് കത്തെഴുതാമെന്നും, മാധ്യമങ്ങളുടെ നിയമപോരാട്ടത്തിന് സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.