അധ്യാപക നിയമനത്തില്‍ ക്രിസ്ത്യന്‍ എയ്ഡഡ് മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കത്ത്.

കൊച്ചി: അധ്യാപക നിയമനത്തില്‍ ക്രിസ്ത്യന്‍ എയ്ഡഡ് മേഖലയോടുള്ള വിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ കത്ത്.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് അധ്യപക നിയമനത്തില്‍ ക്രൈസ്തവ മാനേജുമെന്റുകള്‍ക്ക് കീഴിലുള്ള എയ്ഡഡ് മേഖലയോടു സര്‍ക്കാര്‍ പുലര്‍ത്തുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.
കത്തോലിക്ക മാനേജ്‌മെന്റുകള്‍ക്ക് കീഴിലെ എയ്ഡഡ് സ്‌കൂളുകളില്‍ നിയമനം നേടിയിട്ടുള്ള 16,000 -ലധികം അധ്യാപകരുടെ നിയമനങ്ങളില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകണം.
ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി നിയമാനുസൃത തസ്തികകള്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒഴിച്ചിട്ടുണ്ടെങ്കില്‍ മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കി അവയെ ക്രമവല്ക്കരിക്കണമെന്ന് കത്തില്‍ ആവശപ്പെട്ടു.
എന്‍എസ്എസ് മാനേജ്‌മെന്റിന്റെ കീഴിലുള്ള സ്‌കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയെതുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
സമാനസ്വഭാവമുള്ള സൊസൈറ്റികള്‍ക്കും ഈ ഉത്തരവ് നടപ്പാക്കാമെന്ന് എന്‍എസ്എസ് കേസിന്റെ ഉത്തരവില്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഈ വിഷയത്തില്‍ കെസിബിസി വിദ്യാഭ്യാസ കമ്മീഷനുവേണ്ടി കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും എന്‍എസ്എസിന് അനുകൂലമായ വിധിയുടെയും അതിനനുസൃതമായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെയും വെളിച്ചത്തില്‍ കത്തോലിക്ക മാനേജ്‌മെന്റുകളുടെ അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
എന്നാല്‍, കോടതി ഉത്തരവ് എന്‍എസ്എസിന് മാത്രം ബാധകമാണെന്നും മറ്റു മാനേജുമെന്റുകളില്‍ ഇതു നടപ്പിലാക്കണമെങ്കില്‍ പ്രത്യേക കോടതി ഉത്തരവ് വേണമെന്നുമാണ് ഇതു സംബന്ധിച്ചിറക്കിയ ഓര്‍ഡറില്‍ സംസ്ഥാന ഗവണ്‍മെന്റ് വ്യക്തമാക്കിയിരിക്കുന്നത്.
എന്‍എസ്എസിന് ലഭിച്ച അനുകൂല വിധി സമാന സാഹചര്യങ്ങളില്‍ മറ്റു സമുദായങ്ങളില്‍പ്പെട്ടവര്‍ക്കും ബാധകമാണെന്നു സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ കത്തോലിക്ക മാനേജ്‌മെന്റുകളുടെ കേസില്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് വിവേചനപരവും തുല്യനീതിയുടെ ലംഘനവുമാണെന്ന് മാര്‍ തട്ടില്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നും ദുരിതത്തിലായ അധ്യാപകര്‍ക്ക് നീതി ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു