ഇന്ത്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് രാഹുല്‍ ഗാന്ധി

 
 rahul gandhi

ഡല്‍ഹി: ബിഹാറിലെ വോട്ടര്‍പട്ടിക പുതുക്കുന്നതിലെ ക്രമക്കേടുകളെ ചൊല്ലി തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള വിമര്‍ശനം ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.

ഇന്ത്യാ മുന്നണി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ വോട്ട് മോഷണത്തിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്കും മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ബിഹാറിലെ ഗയയില്‍ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ 'വോട്ട് മോഷണം' പിടിക്കപ്പെട്ടിട്ടും തന്നോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയാണെന്ന് രാഹുല്‍ പറഞ്ഞു.

 'വോട്ട് മോഷണം' എന്നത് 'ഭാരത് മാതയുടെ' ആത്മാവിനു നേരെയുള്ള ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു.

'തിരഞ്ഞെടുപ്പ് കമ്മീഷനോട് എനിക്ക് ഒന്ന് പറയാനുണ്ട്, രാജ്യം മുഴുവന്‍ നിങ്ങളോട് സത്യവാങ്മൂലം നല്‍കാന്‍ ആവശ്യപ്പെടും. ഞങ്ങള്‍ക്ക് കുറച്ച് സമയം തരൂ, എല്ലാ നിയമസഭകളിലും ലോക്‌സഭാ സീറ്റുകളിലും ഞങ്ങള്‍ നിങ്ങളുടെ മോഷണം പിടികൂടി ജനങ്ങളുടെ മുന്നില്‍ കൊണ്ടുവരും,' അദ്ദേഹം പറഞ്ഞു.

Tags

Share this story

From Around the Web