ബിരിയാണിയില്‍ കോഴിത്തൂവല്‍, വലിയ സംഭവമാക്കേണ്ടെന്ന് ഹോട്ടല്‍ ജീവനക്കാര്‍ ; ബിരിയാണിയുമായി കവാടത്തില്‍ 4 മണിക്കൂര്‍ യുവാവിന്റെ പ്രതിഷേധം,കോര്‍പ്പറേഷന്‍ അധികൃതര്‍ ഹോട്ടലിന് നോട്ടീസ് അയച്ചു

 
biriyani



കോഴിക്കോട്: ചിക്കന്‍ ബിരിയാണിയില്‍ കോഴിത്തൂവല്‍ കണ്ടെത്തിയെന്ന ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് പ്രമുഖ റെസ്റ്ററന്റിനെതിരെ കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗം നടപടിയെടുത്തു. കോഴിക്കോട് അരയിടത്തുപാലത്തിന് സമീപമുള്ള ഹോട്ടല്‍ സാഗറിനെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. വെങ്ങാലി സ്വദേശിയായ റെനീഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ഹോട്ടലിന് നോട്ടീസ് അയച്ചു. സംഭവത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പും കോര്‍പ്പറേഷനും ചേര്‍ന്ന് ഹോട്ടലിനെതിരെ കൂടുതല്‍ തുടര്‍നടപടികള്‍ സ്വീകരിക്കും.

കഴിഞ്ഞദിവസമാണ് റെനീഷ് സാഗര്‍ ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി വാങ്ങിയത്. ബിരിയാണി കഴിക്കാനായി പ്ലേറ്റിലേക്ക് മാറ്റുമ്പോഴാണ് ഇറച്ചിയില്‍ കോഴിത്തൂവല്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ റെനീഷ് ഇതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും റെസ്റ്ററന്റ് അധികൃതരെ വിവരമറിയിക്കുകയും ചെയ്തു. എന്നാല്‍ ഇതൊരു വലിയ സംഭവമാക്കേണ്ടതില്ല എന്ന് പറഞ്ഞ് വിഷയത്തെ നിസാരവത്കരിക്കാനാണ് ഹോട്ടല്‍ ജീവനക്കാര്‍ ശ്രമിച്ചതെന്ന് റെനീഷ് ആരോപിക്കുന്നു. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് ചെയ്‌തോളൂ എന്ന് ഹോട്ടലുകാര്‍ വെല്ലുവിളിച്ചതോടെ ബിരിയാണിയുമായി ഹോട്ടലിന്റെ മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. നാല് മണിക്കൂറോളമാണ് അദ്ദേഹം ഹോട്ടലിന്റെ വാതില്‍പ്പടിയില്‍ ഇരുന്ന് പ്രതിഷേധിച്ചത്.


അതേസമയം, തെറ്റ് തങ്ങളുടെ ഭാഗത്തായതിനാല്‍ റെനീഷിനോട് മാപ്പ് പറഞ്ഞിരുന്നുവെന്നും കാര്യങ്ങള്‍ വിശദീകരിച്ചിരുന്നുവെന്നും ഹോട്ടല്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ റെനീഷ് ഹോട്ടലിന്റെ വാതില്‍ക്കലിരുന്ന് മറ്റ് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്തതെന്നും അവര്‍ ആരോപിച്ചു. വിഷയത്തില്‍ സാഗര്‍ ഹോട്ടലിലേക്ക് ചിക്കന്‍ വിതരണം ചെയ്യുന്ന സ്ഥാപനത്തിനെതിരെയും റെനീഷ് പരാതി ഉന്നയിച്ചിട്ടുണ്ട്

Tags

Share this story

From Around the Web