പൗരോഹിത്യ സ്വീകരണംവരെ തടയുന്ന ഛത്തീസ്ഗഡിലെ വിവാദ നിയമം; ഇടപെട്ട് സുപ്രീംകോടതി

 
 supreme court


ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ വിവാദ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍. ഛത്തീസ്ഗഡിലെ മതപ രിവര്‍ത്തന നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.

ഗോത്രവര്‍ഗ ക്രിസ്ത്യാനികളെ പ്രതിനിധീകരിക്കുന്ന 'ഇടൈ ആദിവാസി മഹാസഭ' എന്ന സംഘടനയാണ് ഛത്തീസ്ഗഡിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ സമാന നിയമങ്ങള്‍ക്കെതിരെയുള്ള ഹര്‍ജികള്‍ക്കൊപ്പമാണ് ഈ ഹര്‍ജി പരിഗണിക്കുന്നത്.

2026 മാര്‍ച്ച് 19നാണ് ഛത്തീസ്ഗഡ് നിയമസഭ മതപരിവര്‍ത്തന നിരോധന ബില്‍ പാസാക്കിയത്. ഛത്തീസ്ഗഡിലെ മതപരിവര്‍ത്തന നിരോധന നിയമം അനുസരിച്ച് മറ്റൊരു മതവിശ്വാസം സ്വീകരിക്കണമെങ്കില്‍ ഗവണ്‍മെന്റിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അധികാരം ഉള്ളതിനാല്‍ ഭീഷണിയുടെ മുകളില്‍ ഏതു മതപരിവര്‍ത്തനത്തെയും നിര്‍ബന്ധിത മതപരിവര്‍ത്തനമാക്കി മാറ്റാനും എളുപ്പത്തില്‍ കഴിയും. കുറഞ്ഞത് ഏഴ് വര്‍ഷത്തെ തടവ് ശിക്ഷയും സംഘമായുള്ള മതപരിവര്‍ത്തനത്തിന് ജീവപര്യന്തം തടവും 25 ലക്ഷം രൂപ പിഴയുമാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

ചത്തീസ്ഗഡിലെ ബല്‍റാംപൂര്‍ ജില്ലയിലെ ധന്‍വാര്‍ ഇടവകയില്‍ ജസ്യൂട്ട് ഡീക്കന്‍ ബേസില്‍ ഹദ്ദെയുടെ പൗരോഹിത്യ സ്വീകരണം ജില്ലാ ഭരണകൂടത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റിവച്ചത് രണ്ടാഴ്ചമുമ്പായിരുന്നു. സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ പോലീസും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ഡീ ക്കന്‍ ഹദ്ദെ ക്രൈസ്തവനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ആവശ്യപ്പെടുകയായിരുന്നു. മാമ്മോദീസ സര്‍ട്ടിഫിക്കറ്റ് കാണിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ അത് അംഗീകരിച്ചില്ല.

പൗരോഹിത്യ സ്വീകരണം നടത്തിയാല്‍ ഉണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ക്ക് സഭാധികാരികളായിരിക്കും ഉത്തരവാദികളെന്ന ഉദ്യോഗസ്ഥസംഘത്തിന്റെ ഭീഷണിയുടെ കൂടെ അടിസ്ഥാനത്തിലാണ് ചടങ്ങ് മാറ്റിയത്. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തന നിരോധന നിയമം നിലവില്‍ വരുന്നതിന് വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഡീക്കന്‍ ബേസില്‍ ഹദ്ദെ ക്രൈസ്തവ വിശ്വാസിയായത്.

ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതു പ്രചരിപ്പിക്കാനും ഭരണഘടനാപരമായി അവകാശമുള്ള രാജ്യത്ത്, 10 വര്‍ഷത്തിലധികം സെമിനാരിയില്‍ പഠിച്ച ഒരാളുടെ വിശ്വാസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുമ്പോള്‍ ഛത്തീസ്ഗഡിലെ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ കാര്‍ക്കശ്യവും നിഗൂഢലക്ഷ്യങ്ങളുമാണ് മറനീക്കി പുറത്തുവരുന്നത്.

മതപരിവര്‍ത്തന നിരോധന നിയമത്തില്‍ ഇന്ത്യയില്‍ ഏറ്റവും കര്‍ശന വ്യവസ്ഥകള്‍ ഉള്ളത് ഛത്തീസ്ഗഡിലാണ്. സുപ്രീംകോടതിയുടെ ഇടപെടലിനെ പ്രതീക്ഷയോടെയാണ് ക്രൈസ്തവര്‍ കാണുന്നത്.

Tags

Share this story

From Around the Web