ക്രൈസ്തവരുടെ മൃതദേഹം സംസ്‌കരിക്കാന്‍ ഭൂമി അനുവദിക്കില്ല: വിവാദ തീരുമാനവുമായി ഛത്തീസ്ഗഢ് ഗ്രാമസഭ, വൈദികര്‍, പാസ്റ്റര്‍മാര്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി 

 
chathisgarh


സുക്മ: ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ പുന്‍പള്ളി ഗ്രാമത്തില്‍ ക്രിസ്ത്യന്‍ വിശ്വാസികളായ മൃതദേഹം സംസ്‌കരിക്കാന്‍ ഭൂമി അനുവദിക്കില്ലെന്ന ഗ്രാമസഭ തീരുമാനം വിവാദത്തില്‍. വൈദികര്‍, പാസ്റ്റര്‍മാര്‍ ഗ്രാമത്തില്‍ പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി ബാനര്‍ സ്ഥാപിച്ചിട്ടുണ്ട്. 

വിശ്വാസപരമായ കാര്യങ്ങള്‍ക്കായി പരിപാടികള്‍ നടത്താന്‍ അനുവദിക്കില്ലെന്നും ബാനറില്‍ പറയുന്നു. ഭരണഘടനയുടെ അഞ്ചാം പട്ടികയില്‍ ഉള്‍പ്പെടുന്ന പ്രദേശമായതിനാല്‍ ഒക്ടോബര്‍ രണ്ടിന് ചേര്‍ന്ന ഗ്രാമസഭാ യോഗത്തില്‍ 1996ലെ നിയമമായ പി.ഇ.എസ്.എ ചൂണ്ടിക്കാട്ടിയാണ് തീരുമാനം എടുക്കുന്നതെന്നാണ് ഇവരുടെ വ്യാഖ്യാനം.

ആദിവാസി സംസ്‌കാരം, പാരമ്പര്യം, സാമൂഹിക ഐക്യം, സാംസ്‌കാരിക സ്വത്വം എന്നിവ സംരക്ഷിക്കാനുള്ള അവകാശം ഗ്രാമസഭക്കുണ്ടെന്നും സാഹചര്യത്തിലും വൈദികര്‍, പാസ്റ്റര്‍മാര്‍ അല്ലെങ്കില്‍ ക്രൈസ്തവ കൂട്ടായ്മകള്‍ക്കോ മറ്റ് ക്രൈസ്തവ പരിപാടികള്‍ക്കോ ആയി പുന്‍പള്ളി ഗ്രാമത്തില്‍ പ്രവേശിക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണെന്നും നോട്ടീസില്‍ പറയുന്നു.

 ഏകദേശം 2,000 പേര്‍ താമസിക്കുന്ന ഗ്രാമത്തില്‍ ക്രൈസ്തവ വിശ്വാസികളായ 21 കുടുംബങ്ങളിലായി 75 പേരാണുള്ളത്. തീരുമാനം നടപ്പായാല്‍ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ 13 കിലോമീറ്ററിലേറെ അകലെയുള്ള ധോര്‍ണാപാലിലേക്കോ 40 കിലോമീറ്ററിലേറെ അകലെയുള്ള സുക്മ ജില്ലാ ആസ്ഥാനത്തേക്കോ പോകേണ്ടിവരും.

Tags

Share this story

From Around the Web