ചെറുപുഷ്പ മിഷൻ ലീഗ് വാർഷികാഘോഷങ്ങൾ അവിസ്മരണീയമായി

 
cerupuspa

കൊപ്പേൽ (ടെക്സാസ്):  വടക്കേ അമേരിക്കയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ (സി.എം.എൽ.) മൂന്നാം വാർഷികാഘോഷങ്ങൾക്ക് അവിസ്മരണീയമായ സമാപ്‌തി. ചിക്കാഗോ സെന്റ് തോമസ് സിറോ-മലബാർ രൂപതയുടെ രജത ജൂബിലിയോടാനുബന്ധിച്ചു നടത്തിയ ഈ ആഘോഷ പരിപാടികൾക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിന്നത്.  അമേരിക്കയിലെ ടെക്സാസ്  സംസ്ഥാനത്തുള്ള കൊപ്പേൽ സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിച്ചു.

മിഷൻ ലീഗിലെ പ്രവർത്തനത്തിലൂടെ നല്ല പ്രേഷിതരായി മാറുവാൻ ഏവർക്കും സാധിക്കട്ടെയെന്നു  ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ആഹ്വാനം ചെയ്‌തു. മിഷൻ ലീഗിന്റെ  വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തിരുസഭയിലെ വിവിധ വിശദ്ധരെ കൂടുതൽ അടുത്തറിയണമെന്നും അവരുടെ ജീവിത മാതൃക ഏവർക്കും പ്രചോദനമാകുമെന്നും ബിഷപ്പ് ഓർമിപ്പിച്ചു.

ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിച്ചു. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് അനുഗ്രഹ പ്രഭാഷണവും മിഷൻ ലീഗ് അന്തർദേശീയ ഡയറക്ടർ ഫാ. ജെയിംസ് പുന്നപ്ലാക്കിൽ മുഖ്യപ്രഭാഷണവും നടത്തി. മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ, ജനറൽ സെക്രട്ടറി ടിസൺ തോമസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ബിൻസ് ചേത്തലിൽ, കൊപ്പേൽ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട്, കൊപ്പേൽ യൂണിറ്റ് പ്രസിഡന്റ് ലില്ലിയൺ സംഗീത്, കോർഡിനേറ്റർമാരായ ആൻ റ്റോമി, റോസ്മേരി ആലപ്പാട്ട് എന്നിവർ പ്രസംഗിച്ചു.

2Rally



അന്നേദിവസം രാവിലെ 9.45ന് ബിഷപ്പ് മാർ ജോയ് ആലപ്പാട്ട്, മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് പറപ്പള്ളിൽ എന്നിവർ ചേർന്ന് പതാക ഉയർത്തിയതോടുകൂടി പരിപാടികൾക്ക് തുടക്കമായി. മിഷൻ ലീഗ് അംഗങ്ങൾക്കായി നടന്ന സെമിനാറിൽ രൂപതാ ജോയിൻറ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ., ഫാ. ഡായി കുന്നത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള യുവജന ടീം ക്‌ളാസ്സുകൾ നയിച്ചു .

തുടർന്ന് നടന്ന വിശുദ്ധ കുർബാനയിൽ ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തും വിവിധ ഇടവകളിൽ നിന്നുമുള്ള വൈദികരും സഹകാർമ്മികരായി.


ആവേശഭരിതമായി  മാറിയ പ്രേഷിത റാലി

മിഷൻ ലീഗിന്റെ വാർഷികത്തിന്റെ ഭാഗമായി ഉച്ചകഴിഞ്ഞു നടന്ന വർണാശബളമായ പ്രേഷിത റാലി ആവേശഭരിതമായി. ടെക്സാസ്, ഒക്കലഹോമ സംസ്ഥാനങ്ങളിലെ വിവിധ ഇടവകളിൽ നിന്നുള്ള കുട്ടികളും മുതിർന്നവരുമടക്കം ആയിരത്തോളം പേർ തങ്ങളുടെ ഇടവകകളുടെ ബാനറുകൾക്ക് പിന്നിൽ അണിചേർന്നു. ഏറ്റവും മുന്നിലായി മിഷൻ ലീഗ് രൂപത ഭാരവാഹികളും ബിഷപ്പുമാരും റാലി നയിച്ചു. മിഷൻ ലീഗിന്റെ ചെമഞ്ഞ പതാകകളുമേന്തി,  സ്നേഹം, ത്യാഗം, സേവനം, സഹനം എന്നീ  മുദ്രാവാക്യങ്ങളുമായി നീങ്ങിയ റാലി കുട്ടികളേയും മുതിന്നവരെയും ഒരേപോലെ ആവേശഭരിതരാക്കി. വിവിധ വിശുദ്ധരുടെ വേഷങ്ങളണിഞ്ഞ കുട്ടി വിശുദ്ധരും, പ്ലോട്ടുകളും, വാദ്യ മേളങ്ങളും റാലിക്ക് കൊഴുപ്പേകി.


മിഷൻ ലീഗ് അമേരിക്കയിൽ

സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ പ്രോത്‌സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തിൽ കേരളത്തിലെ ഭരണങ്ങാനത്ത്  ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷൻ ലീഗ്. 1947 ഒക്ടോബർ മൂന്നിന് ബിഷപ്പ് മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്‌ത ഈ സംഘടന വർഷങ്ങൾക്കു മുൻപുതന്നെ അമേരിക്കയിലെ വിവിധ ഇടവകളിൽ പ്രവർത്തനമാരംഭിച്ചു.

ചെറുപുഷ്പ മിഷൻ ലീഗിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് മൂന്ന് വർഷം മുൻപാണ് ചിക്കാഗോ രൂപതാതലത്തിൽ സംഘടന ഉദ്ഘാടനം  ചെയുന്നത്. ചിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും മിഷനുകളിലും തന്നെ സംഘടനയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുകയും വൈവിധ്യമാർന്ന വിവിധ പരിപാടികൾ യൂണിറ്റ് തലത്തിലും രൂപതാ തലത്തിലും സംഘടിപ്പിച്ചു വരുന്നു.

Tags

Share this story

From Around the Web