ചെരാനെല്ലൂര്‍ വാഹനാപകടം, പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷന്‍; പുതിയ അപ്പീല്‍ ഫയല്‍ ചെയ്തു

 
CHERANELLURE NEW


കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകടക്കേസില്‍ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ പിഴവുകള്‍ തിരുത്തി പുതിയ അപ്പീല്‍ ഫയല്‍ ചെയ്തു. പ്രതിയുടെ പേര് മാസ്‌ക് ചെയ്തുകൊണ്ടാണ് പുതിയ അപ്പീല്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന് കഴിഞ്ഞ ദിവസം കോടതി പ്രോസിക്യൂഷനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. എറണാകുളത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള കോടതിയാണ് നിലവില്‍ ഈ ഹര്‍ജി പരിഗണിക്കുന്നത്.

അപകടസമയം വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 108 കിലോമീറ്റര്‍ വേഗതയിലാണ് വാഹനം ഓടിച്ചിരുന്നത്. യാതൊരുവിധ രേഖകളും പരിശോധിക്കാതെയാണ് ജുവനൈല്‍ ബോര്‍ഡ് പ്രതിക്ക് പ്രഥമിക ഘട്ടത്തില്‍ ജാമ്യം അനുവദിച്ചതെന്നും പ്രോസിക്യൂഷന്‍ കുറ്റപ്പെടുത്തി. 

ശക്തമായ മഴയുള്ള സമയത്ത് അപകടസാധ്യത അറിയാമായിരുന്നിട്ടും, ഒറ്റക്കൈകൊണ്ട് വാഹനം ഓടിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്യുക വഴി അതീവ ജാഗ്രതക്കുറവാണ് പ്രതിയുടെ ഭാഗത്തുനിന്നുണ്ടായത്. കേസില്‍ പ്രതിയെ ഒബ്‌സര്‍വേഷന്‍ റൂമില്‍ ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.


അതിനിടെ, അപകടം നടന്ന സ്ഥലത്ത് അഡീഷണല്‍ ജഡ്ജിയടക്കമുള്ളവര്‍ എത്തി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബം ആരോപിച്ചു. പ്രതിയായ പതിനേഴുകാരനും അച്ഛനായ ജഡ്ജിയും സുഹൃത്തുക്കളും ചേര്‍ന്ന് അപകടസ്ഥലത്ത് മൂന്ന് മണിക്കൂറിലധികം ചെലവഴിച്ചെന്നും കുടുംബം ആരോപിക്കുന്നു.


 എന്നാല്‍ കേസിന്റെ അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെന്നും, അതിനാല്‍ ഇപ്പോള്‍ത്തെ നിഗമനങ്ങളില്‍ എത്തിച്ചേരേണ്ടതില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പിടിക്കപ്പെട്ടാല്‍ ഉടന്‍തന്നെ അവരുടെ മാതാപിതാക്കളെ വിവരം ധരിപ്പിക്കണമെന്നത് നിയമപ്രകാരമുള്ള ബാധ്യതയാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

Tags

Share this story

From Around the Web