ചേരാനല്ലൂര്‍ വാഹനാപകടം; കാറുടമയായ ജഡ്ജിയുടെ വീട്ടില്‍ നടന്നത് ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന, കാറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നീക്കത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്
 

 
CHERANELLURE NEW


 
    
 
കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ കാറുടമയായ ജഡ്ജിയുടെ വീട്ടില്‍ പരിശോധന. ആലുവയിലെ ഫ്‌ലാറ്റില്‍ ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയാണ് ക്രൈം ബ്രാഞ്ച് നടത്തിയത്. രാത്രി എട്ട് മണിയോടെ ആരംഭിച്ച പരിശോധന പുലര്‍ച്ചെ മൂന്ന് മണിക്കാണ് അവസാനിച്ചത്. പരിശോധനയില്‍ ആഡംബര ഇരുചക്ര വാഹനവും സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു. കാറിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നീക്കത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ്.

അതേസമയം കേസില്‍ വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരായ നടപടിയില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം തൃപ്തിയറിയിച്ചു. പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷന് മുന്‍പില്‍ കുടുംബം നടത്തിയിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു.

ജഡ്ജിക്കെതിരായ തുടര്‍നടപടികളില്‍ തീരുമാനങ്ങള്‍ വരേണ്ടത് കോടതിയില്‍ നിന്നാണ്. പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും കുടുംബം അറിയിച്ചു. ജഡ്ജി റിനോ ഫ്രാന്‍സിസിനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും കുടുംബം വ്യക്തമാക്കി.

കേസിലെ വീഴ്ചയില്‍ എസ്എച്ച്ഒ ഉള്‍പ്പെടെ നാല് പൊലീസുകാരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എസ്എച്ച്ഒ വിശ്വജിത്ത്, സിഐ ശ്യാംകുമാര്‍, ഗ്രേഡ് എസ്‌ഐ മനോജ്, സിപിഒ അരുണ്‍ ജിത്ത് എന്നിവര്‍ക്കെതിരെയാണ് നടപടി. കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിച്ചിരുന്നു.

ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം എഡിജിപി പി. വിജയന്റെ നേതൃത്വത്തിലാണ് അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കുന്നത്. അപകടത്തിന് ശേഷം പ്രതിയുടെ ദൃശ്യങ്ങള്‍ ഒഴിവാക്കാനും മറ്റും പൊലീസിന്റെ ഭാഗത്ത് നിന്ന് ശ്രമങ്ങളുണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതേ തുടര്‍ന്ന് അന്വേഷണ സംഘത്തെ നിയോഗിക്കുകയും കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയുമായിരുന്നു.

കേസിന്റെ ഭാഗമായി ക്രൈം ബ്രാഞ്ച് സംഘം പതിനേഴുകാരന്റേയും അമ്മയുടെയും മൊഴിയെടുത്തിരുന്നു. ജഡ്ജിയെ ചോദ്യം ചെയ്യുന്നതിനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അത് ലഭ്യമായാല്‍ ഉടന്‍ അടുത്ത നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചേരാനല്ലൂര്‍ മാനാപ്പൂറം അമ്പലത്തിന് സമീപത്താണ് കേസിനാസ്പദമായ സംഭവം. അമിത വേഗതയിലെത്തിയ കാര്‍ മാഞ്ഞാലി സ്വദേശിയായ തട്ടുകട ഉടമ ജയബാലകൃഷ്ണന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ജയബാലകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

തുടര്‍ന്നുണ്ടായ പൊലീസ് നടപടികളിലെ വീഴ്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ സമ്മതിച്ചിരുന്നു. തുടക്കത്തില്‍ പൊലീസ് സ്വീകരിച്ച നിലപാട് ശരിയായില്ലെന്നും നരഹത്യാക്കുറ്റം ചുമത്താതിരുന്നത് വീഴ്ചയാണെന്നും പൊലീസ് നടപടികളില്‍ ആശ്ചര്യം തോന്നിയെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇതിനുപിന്നാലെയാണ് വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

Tags

Share this story

From Around the Web