ചേരാനല്ലൂര്‍ വാഹനാപകടം: പതിനേഴുകാരന്റെയും അമ്മയുടെയും മൊഴിയെടുത്തു,അഡീഷണല്‍ ജഡ്ജിയുടെ മൊഴിയെടുക്കുന്നത് സംബന്ധിച്ച് അനുമതി ലഭിച്ചതായി അന്വേഷണസംഘം അറിയിച്ചു
കൊച്ചി: എറണാകുളം ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാറിടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ നടപടികള്‍ ശക്തമാക്കി അന്വേഷണസംഘം. കേസിന്റെ ഭാഗമായി പതിനേഴുകാരന്റെയും അമ്മയുടെയും മൊഴിയെടുത്തു. ആലുവയിലെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. പതിനേഴുകാരന്റെ പിതാവും അപകടമുണ്ടാക്കിയ കാറിന്റെ ആര്‍സി ഉടമയുമായ അഡീഷണല്‍ ജഡ്ജിയുടെ മൊഴിയെടുക്കുന്നത് സംബന്ധിച്ച് അനുമതി ലഭിച്ചതായും അന്വേഷണസംഘം അറിയിച്ചു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി ഉത്തരവിറങ്ങിയിട്ടുണ്ട്.
അതേസമയം കേസില്‍ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ച നടപടിയില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജില്ലയുടെ ഭരണച്ചുമതലയുള്ള ഹൈക്കോടതി ജഡ്ജിയാണ് അന്വേഷണം നടത്തി ഹൈക്കോടതി രജിസ്ട്രിക്ക് സമഗ്രമായ റിപ്പോര്‍ട്ട് കൈമാറിയത്. ജഡ്ജി സ്റ്റേഷനിലെത്തിയത് ഔദ്യോഗിക ആവശ്യത്തിനല്ലെന്നും സന്ദര്‍ശനത്തിന് മുന്‍പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ മുന്‍കൂര്‍ അനുമതി തേടിയിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
പ്രസ്തുത റിപ്പോര്‍ട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണനിര്‍വഹണ സമിതി വിശദമായി പരിശോധിക്കും. വീഴ്ച വരുത്തിയ ജില്ലാ ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള നടപടികളിലേക്ക് സമിതി ഉടന്‍ കടന്നേക്കും.
അതേസമയം കേസില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി എഡിജിപി പി.വിജയന്‍ ഇന്ന് കൊച്ചിയിലെത്തും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് എഡിജിപിയുടെ സന്ദര്‍ശനം.
കേസിലെ പ്രതിയായ 17കാരന്റെ ജാമ്യം റദ്ദാക്കുക, പ്രതിയുടെ ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക, പ്രതിയുടെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളാണ് കൊല്ലപ്പെട്ട ജയ ബാലകൃഷ്ണന്റെ കുടുംബം പ്രധാനമായും ഉന്നയിക്കുന്നത്. ഈ ആവശ്യങ്ങളില്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന ഉറപ്പിന്മേല്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ കുടുംബം നടത്തിവന്നിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചിരുന്നു.
വിഷയത്തില്‍ കുടുംബവുമായി നേരിട്ട് സംസാരിച്ച മുഖ്യമന്ത്രി, അവര്‍ക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍, ഇന്ന് വൈകുന്നേരം നാലുമണിക്കുള്ളില്‍ ആവശ്യങ്ങളില്‍ അനുകൂലമായ നടപടി ഉണ്ടായില്ലെങ്കില്‍ വീണ്ടും ശക്തമായ സമരം തുടങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം.