തിയേറ്ററുകളില്‍ പരിശോധനകള്‍ ശക്തം, മാളുകളിലെ തിയേറ്ററുകളില്‍ ഭക്ഷണസാധനങ്ങള്‍ക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നതിനെതിരെ ലീഗല്‍ മെട്രോളജി വകുപ്പിന്റെ കര്‍ശന നടപടി
കൊച്ചി: കേരളത്തിലെ മാളുകളിലെ തിയേറ്ററുകളില്‍ ഭക്ഷണസാധനങ്ങള്‍ക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നതിനെതിരെ ലീഗല്‍ മെട്രോളജി വകുപ്പിന്റെ കര്‍ശന നടപടി.കേരളത്തിലെ മാളുകളിലെ തിയേറ്ററുകളില്‍ ഭക്ഷണസാധനങ്ങള്‍ക്കും വെള്ളത്തിനും അമിതവില ഈടാക്കുന്നതിനെതിരെ ലീഗല്‍ മെട്രോളജി വകുപ്പിന്റെ കര്‍ശന നടപടി.
പരാതികളുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളമുള്ള തിയേറ്ററുകളില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ വകുപ്പ് തീരുമാനിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പൊതുവിപണിയെക്കാള്‍ അഞ്ച് ഇരട്ടി വിലയ്ക്കാണ് പലയിടത്തും ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കൊച്ചി, തിരുവനന്തപുരം തുടങ്ങിയ പ്രധാന നഗരങ്ങളിലെ തിയേറ്ററുകളില്‍ ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ സിവില്‍ സപ്ലൈസ്, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. കൊച്ചി എം.ജി. റോഡിലെ മാളിലുള്ള സിനിപോളിസില്‍ നടത്തിയ പരിശോധനയില്‍ 360 ഗ്രാം പോപ്കോണിന് 540 രൂപയാണ് ഈടാക്കുന്നതെന്ന് കണ്ടെത്തി. നിശ്ചിത അളവില്‍ കുറവ് വരുത്തല്‍, വിപണിവിലയേക്കാള്‍ ഉയര്‍ന്ന തുക ഈടാക്കല്‍, വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ഇതിനെത്തുടര്‍ന്ന് കൃത്യമായി വിലവിവരം പ്രദര്‍ശിപ്പിക്കാത്ത മള്‍ട്ടിപ്ലക്‌സുകള്‍ക്ക് അധികൃതര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
എങ്കിലും, പാക്ക് ചെയ്യാത്ത ഭക്ഷണസാധനങ്ങളുടെ (അണ്‍പാക്ട് ഫുഡ്) വിലനിയന്ത്രണത്തില്‍ ഇടപെടാന്‍ ലീഗല്‍ മെട്രോളജി വകുപ്പിന് പരിമിതികളുണ്ട്. ഈ സാഹചര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും, നിയമനിര്‍മ്മാണം ഉണ്ടായാല്‍ മാത്രമേ മള്‍ട്ടിപ്ലക്‌സുകളിലെ വില പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയൂ എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിനിടയില്‍, ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും വില കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ തിയേറ്റര്‍ ഉടമകളുടെ യോഗം വിളിക്കുമെന്ന് മേയര്‍ വി.വി. രാജേഷ് അറിയിച്ചു. ലൈസന്‍സ് നല്‍കുന്നത് കോര്‍പ്പറേഷനായതിനാല്‍ പാര്‍ക്കിങ് ഫീസ്, ശുചിത്വം, സുരക്ഷ, മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും മേയര്‍ വ്യക്തമാക്കി.