ചതിച്ചതാ.. ഗിറ്റാര്‍ ഹെല്‍മെറ്റ് വെക്കാത്തതിന് സ്‌കൂട്ടര്‍ ഉടമയ്ക്ക് 500 രൂപ ചലാന്‍

 
guitar

ബെംഗളൂരു: ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴയെന്ന് കരുതി ചലാന്‍ കിട്ടി. പക്ഷേ ചലാനിലെ ചിത്രം കണ്ടപ്പോഴാണ് യഥാര്‍ഥ 'പ്രതി' ആരാണെന്ന് മനസ്സിലായത്. 

പിന്നില്‍ യാത്രക്കാരനുണ്ടെന്ന് എ.ഐ. ക്യാമറ തെറ്റിദ്ധരിച്ചതോടെ ഗിറ്റാറിനാണ് ഹെല്‍മെറ്റ് വെക്കാത്തതിന്റെ പേരില്‍ പിഴ ചുമത്തിയത്. സംഭവത്തില്‍ സ്‌കൂട്ടര്‍ ഉടമയ്ക്ക് ലഭിച്ചത് 500 രൂപയുടെ ഇ-ചലാന്‍.

ബെംഗളൂരുവിലെ ഹെബ്ബാളില്‍ താമസിക്കുന്ന സൗവിക് ദത്ത കഴിഞ്ഞദിവസം സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് എ.ഐ. ക്യാമറ ദൃശ്യം പകര്‍ത്തിയത്. 

എന്നാല്‍ സ്‌കൂട്ടറിന്റെ രജിസ്റ്റേഡ് ഉടമയായ ഭാര്യയുടെ പേരിലാണ് ഹെല്‍മെറ്റ് ധരിക്കാത്തതിന് പിഴയടയ്ക്കാനുള്ള ഇ-ചലാന്‍ ലഭിച്ചത്. ഇതോടെയാണ് സൗവിക് സംഭവത്തെക്കുറിച്ച് അന്വേഷിച്ചത്.


ചലാനിനൊപ്പം ലഭിച്ച ചിത്രമാണ് സംഭവത്തിലെ കൗതുകകരമായ കാര്യം വ്യക്തമാക്കിയത്. സ്‌കൂട്ടറിന്റെ പിന്‍സീറ്റില്‍ യാത്രക്കാരനുണ്ടായിരുന്നില്ല. 


പകരം സൗവിക്കിന്റെ ചുമലിലെ ബാഗിലുണ്ടായിരുന്ന ഗിറ്റാറിനെയാണ് എ.ഐ. ക്യാമറ യാത്രക്കാരനായി തിരിച്ചറിഞ്ഞത്.

 ഹെല്‍മെറ്റ് ധരിക്കാത്ത പിന്‍സീറ്റ് യാത്രക്കാരനെന്ന നിലയില്‍ ഗിറ്റാറിനെ ക്യാമറ തിരിച്ചറിഞ്ഞതോടെയാണ് പിഴ ചുമത്തപ്പെട്ടത്.

ചലാനിലെ ചിത്രം ഉള്‍പ്പെടെ സൗവിക് തന്നെയാണ് സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്.

 ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറകള്‍ ഉപയോഗിക്കുന്നതിനിടയില്‍ സാങ്കേതിക സംവിധാനത്തിന് സംഭവിച്ച തിരിച്ചറിയല്‍ പിഴവ് കൂടിയാണ് സംഭവം ചൂണ്ടിക്കാട്ടുന്നത്. 

യാത്രക്കാരനെന്ന് കരുതിയത് ഗിറ്റാറാണെന്ന് ചലാനിലെ ചിത്രം തന്നെ വ്യക്തമാക്കിയതോടെ സംഭവം സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടി

Tags

Share this story

From Around the Web