ചാറ്റ്ജിപിടി കൗമാരക്കാര്‍ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ നിയന്ത്രണ ടൂളുകള്‍ അവതരിപ്പിച്ച് ഓപ്പണ്‍എഐ

​​​​​​​

 
CHAT



ചാറ്റ്ജിപിടി കൗമാരക്കാര്‍ സുരക്ഷിതമായും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കുന്നു എന്ന് ഉറപ്പാക്കാന്‍ വേണ്ടി, കൂടുതല്‍ നിയന്ത്രണ ടൂളുകള്‍ അവതരിപ്പിച്ച് ഓപ്പണ്‍എഐ. കുടുംബങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന സവിശേഷതകളാണ് ഓപ്പണ്‍എഐ അവതരിപ്പിച്ചിരിക്കുന്നത്. 


കുട്ടികള്‍ക്കുള്ള പാരന്റല്‍ കണ്ട്രോള്‍ നിയന്ത്രണങ്ങള്‍, സെന്‍സിറ്റീവ് ഉള്ളടക്കം തടയല്‍, ആത്മഹത്യാ ഭീഷണികള്‍ക്കുള്ള അലേര്‍ട്ടുകള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് ചാറ്റ്ജിപിടി ചാറ്റ്‌ബോട്ടില്‍ കാര്യമായ മാറ്റങ്ങള്‍ ഓപ്പണ്‍എഐ വരുത്തിയിരിക്കുന്നത്. 

അമേരിക്കയില്‍ ഒരു കൗമാരക്കാരന്റെ ആത്മഹത്യയ്ക്ക് ശേഷം ചാറ്റ്ജിപിടി വിവാദത്തില്‍ കുടുങ്ങിയതിനു പിന്നാലെയാണ് ഈ പുതിയ മാറ്റം. ചാറ്റ്ബോട്ട് വിശദമായ ആത്മഹത്യാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതിനെത്തുടര്‍ന്നാണ് മകന്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് 16 വയസുള്ള ആണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കാലിഫോര്‍ണിയ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

 ചാറ്റ്ജിപിടിയില്‍ കുട്ടികള്‍ എന്താണ് തിരയുന്നതെന്നും ചോദ്യങ്ങള്‍ ചോദിക്കുന്നതെന്നും മാതാപിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ അനുവദിക്കുന്ന ഫീച്ചറുകളാണ് ഇതിന് പിന്നാലെ ഓപ്പണ്‍എഐ കൊണ്ടു വന്നിരിക്കുന്നത്.

രക്ഷിതാക്കള്‍ക്ക് അവരുടെ അക്കൗണ്ട്, കൗമാരക്കാരായ മക്കളുടെ ചാറ്റ്ജിപിടി അക്കൗണ്ടുമായി ലിങ്ക് ചെയ്യാന്‍ സാധിക്കും. ക്ഷണത്തിലൂടെയോ അല്ലാതെയോ ഇത് ചെയ്യാം. 

കൂടാതെ അക്കൗണ്ട് ലിങ്ക് ചെയ്താല്‍, രക്ഷിതാക്കള്‍ക്ക് അവരുടെ കണ്‍ട്രോള്‍ പേജില്‍ നിന്ന് കൗമാരക്കാരുടെ ചാറ്റ്ജിപിടി ഉപയോഗം കസ്റ്റമൈസ് ചെയ്യാം.

 ചാറ്റ്ജിപിടിയില്‍ ഒരു കൗമാരക്കാരന്‍ ആത്മഹത്യാ സന്ദേശം അല്ലെങ്കില്‍ സ്വയം ഉപദ്രവിക്കല്‍ സന്ദേശം പോസ്റ്റ് ചെയ്താല്‍, മാനുഷിക മോഡറേറ്റര്‍മാര്‍ ആദ്യം ഈ ചാറ്റ് അവലോകനം ചെയ്യും.

 തുടര്‍ന്ന് സാഹചര്യം ഗുരുതരമാണെന്ന് തോന്നുകയാണെങ്കില്‍ ഇമെയില്‍, എസ്എംഎസ് അല്ലെങ്കില്‍ ആപ്പ് വഴി മാതാപിതാക്കളെ അറിയിക്കും. 

കൂടാതെ കുട്ടികളുടെ ചാറ്റ്ജിപിടി ഉപയോഗത്തില്‍ ഇപ്പോള്‍ രക്ഷിതാക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കഴിയും.

 ചാറ്റിംഗിനുള്ള സമയ പരിധികള്‍ നിശ്ചയിക്കുക, എഐ പരിശീലനത്തില്‍ നിന്ന് കുട്ടികളുടെ ഡാറ്റ ഒഴിവാക്കുക, വോയ്സ് മോഡും ഇമേജ് ജനറേഷനും ഓഫാക്കുക, ചാറ്റ് ബോട്ടിന്റെ സേവ് ചെയ്ത മെമ്മറി പ്രവര്‍ത്തനരഹിതമാക്കുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.


അതേസമയം കുട്ടിയുടെ ചാറ്റിന്റെ മുഴുവന്‍ ഉള്ളടക്കവും അലേര്‍ട്ടുകള്‍ പങ്കിടില്ലെന്ന് ഓപ്പണ്‍എഐ പറയുന്നു. 

കുട്ടികള്‍ ആത്മഹത്യയെക്കുറിച്ചോ സ്വയം ഉപദ്രവിക്കുന്നതിനെക്കുറിച്ചോ സംസാരിക്കുന്നു എന്ന് മാത്രമേ രക്ഷിതാക്കളെ അറിയിക്കുകയുള്ളൂ. 


ഈ മാറ്റങ്ങള്‍ സുരക്ഷിതമായ ഒരു എഐ അനുഭവം നല്‍കാനും ഓണ്‍ലൈന്‍ ലോകത്ത് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തം പങ്കുവെക്കാനും ഓപ്പണ്‍എഐ ലക്ഷ്യമിടുന്നു.

Tags

Share this story

From Around the Web