ഫ്രാന്‍സിനെ അത്ഭുതപ്പെടുത്തി ‘ഷാര്‍ത്ര് പന്തക്കുസ്താ തീര്‍ത്ഥാടനം’; പങ്കെടുത്തത് ഇരുപതിനായിരത്തോളം യുവജനങ്ങള്‍
പാരീസ്: ഫ്രാന്‍സിലെ കത്തോലിക്കാ സഭയുടെ ചരിത്രം തിരുത്തിക്കുറിച്ച് 44-ാമത് ‘ഷാര്‍ത്ര് പന്തക്കുസ്താ തീര്‍ത്ഥാടന’ത്തില്‍ പങ്കുചേര്‍ന്നത് 20,000ത്തോളം യുവജനങ്ങള്‍. പാരീസില്‍ നിന്നും ഷാര്‍ത്ര് കത്തീഡ്രലിലേക്ക് മൂന്ന് ദിവസങ്ങളിലായി നടന്ന 100 കിലോമീറ്റര്‍ നീണ്ട കാല്‍നട തീര്‍ത്ഥാടനത്തില്‍ 22 രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു. സ്ഥലപരിമിതി മൂലം ആയിരക്കണക്കിന് അപേക്ഷകരെ സംഘാടകര്‍ ഒഴിവാക്കിയിരുന്നു.
ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ യുവജനങ്ങളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളെക്കുറിച്ച,് പങ്കെടുത്ത 4610 ആളുകളെ ഉള്‍പ്പെടുത്തി നടത്തിയ പഠനമാണ് കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. ഫ്രാന്‍സിലെ സാധാരണ പ്രാക്ടീസിംഗ് ക്രൈസ്തവ വിശ്വാസികളുടെ ശരാശരി പ്രായം 57 വയസായിരിക്കെ, ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവരുടെ ശരാശരി പ്രായം 22 വയസാണ്! പങ്കെടുത്തവരില്‍ പകുതിയിലധികം പേരും 25 വയസിന് താഴെയുള്ളവരും, മൂന്നിലൊന്ന് പേര്‍ ആദ്യമായി എത്തിയവരുമാണ്.
തീര്‍ത്ഥാടകരില്‍ 90 ശതമാനത്തിലധികം പേരും കത്തോലിക്കാ സഭ പഠിപ്പിക്കുന്ന വിശ്വാസസത്യങ്ങളില്‍ (പരിശുദ്ധ ത്രിത്വം, യേശുവിന്റെ ഉത്ഥാനം, വിശുദ്ധ കുര്‍ബാനയിലെ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സാന്നിധ്യം) പൂര്‍ണമായി വിശ്വസിക്കുന്നവരും മാസത്തില്‍ ഒരിക്കലെങ്കിലും കുമ്പസാരിക്കുന്നവരുമാണ്. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കായികക്ഷമതയ്ക്കും യുവജനങ്ങളുടെ സൗഹൃദകൂട്ടായ്മകള്‍ക്കും അപ്പുറം ക്രിസ്തുവിന്റെ പ്രബോധനങ്ങളില്‍ ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്താന്‍ യുവതയ്ക്ക് കഴിയുന്നു എന്നതിന്റെ സൂചനയാണ് ഈ കണ്ടെത്തലുകള്‍.
ഫ്രാന്‍സില്‍ ഈസ്റ്ററിന് ജ്ഞാനസ്‌നാനം സ്വീകരിക്കുന്നവരുടെ എണ്ണത്തിലും വന്‍ വര്‍ധനവവ് രേഖപ്പെടുത്തിയിരുന്നു. മതേതര പശ്ചാത്തലത്തില്‍ നിന്നും അക്രൈസ്തവ പശ്ചാത്തലത്തില്‍ നിന്നും കത്തോലിക്കാ വിശ്വാസത്തെ വീണ്ടും പുല്‍കുന്ന യുവതയുടെ ആത്മീയ നവോത്ഥാനത്തിന്റെ നേര്‍ക്കാഴ്ചയാവുകയാണ് ഷാര്‍ത്ര് തീര്‍ത്ഥാടനം.