കരിസ്മാറ്റിക് മുന്നേറ്റവും ഡിവൈന്‍ ധ്യാനകേന്ദ്രവും കേരളസഭയുടെ പുളിമാവാണെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍

 
Arch bisop

ചാലക്കുടി: കരിസ്മാറ്റിക് മുന്നേറ്റവും ഡിവൈന്‍ ധ്യാനകേന്ദ്രവും കേരളസഭയുടെ പുളിമാവാണെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നടക്കുന്ന ആഗോള മലയാളി സംഗമത്തിന് തുടക്കംകുറിച്ച് അര്‍പ്പിച്ച ദിവ്യബലിമധ്യേ വചന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

1976-ല്‍ കരിസ്മാറ്റിക് മുന്നേറ്റം കേരള സഭയില്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചതിന്റെ സുവര്‍ണജൂബിലിയാണ് ആഘോഷിക്കുന്നത്. ജൂബിലിയുടെ ഒന്നാമത്തെ ലക്ഷ്യം പിറകോട്ടു തിരിഞ്ഞുനോക്കി നന്ദി ദൈവത്തിന് പറയുകയാണ്. ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് കരിസ്മാറ്റിക് മുന്നേറ്റം തെളിയിച്ചുവെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. 

ഭക്തിയില്‍നിന്ന് വിശുദ്ധഗ്രന്ഥ വായനയിലേക്കും അതിലൂടെ വിശുദ്ധഗ്രന്ഥത്തെ അടിസ്ഥാനമാക്കിയുള്ള ജീവിതത്തിലേക്കും കടക്കാനുള്ള വലിയ പ്രചോദനം നല്‍കി. ദൈവിളി വര്‍ധിപ്പിക്കുന്നതില്‍ കരുണയുടെ കവാടമായി നിന്നത് കരിസ്മാറ്റിക് മുന്നേറ്റമാണ്. അനേകര്‍ നല്ല സമറയാക്കാരായി മാറി. സുവിശേഷം പ്രസംഗിക്കാത്ത സഭ ചത്ത സഭയാണെന്നു പറഞ്ഞ മാര്‍ തട്ടില്‍ മിഷനിലേക്ക് തുറവി ഉള്ളവരാകാന്‍ സുവര്‍ണജൂബിലി കാരണമാകട്ടെ എന്ന് ആശംസിച്ചു. 

കെസിബിസി കരിസ്മാറ്റിക് കമ്മീഷന്‍ മൂന്നു ദിവസങ്ങളിലായി നടത്തുന്ന സമ്മേളനത്തില്‍ ബിഷപ്പുമാരുടെയും പ്രശസ്തരായ ധ്യാനഗുരുക്കന്മാരുടെയും വചനശുശ്രൂകള്‍ ഉണ്ടാകും. ജീവിതസ്പര്‍ശിയായ പാനല്‍ ചര്‍ച്ചകള്‍, 50 വര്‍ഷങ്ങളെ വിളിച്ചറിയിക്കുന്ന എക്‌സിബിഷന്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും. 

ഇന്നു (മെയ് 1) വൈകുന്നേരം അഞ്ചിന് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പുസ്തക പ്രകാശനം നിര്‍വഹിക്കും. 5.30ന് ‘തീ പിടിപ്പിച്ചവര്‍’ പാനല്‍ സെഷനില്‍ ഫാ. ജോര്‍ജ്ജ് പനയ്ക്കല്‍ വി.സി, സിസ്റ്റര്‍ എല്‍സിസ് മാത്യു എംഎസ്എംഐ, ശാലോം മിനിസ്ട്രീസ് ചെയര്‍മാന്‍ ഷെവ. ബെന്നി പുന്നത്തറ, മനോജ് സണ്ണി, ഇടുക്കി തങ്കച്ചന്‍, റൈജു വര്‍ഗീസ് എന്നിവര്‍ പങ്കെടുക്കും.

വൈകുന്നേരം ഏഴിന് ധ്യാനകേന്ദ്രം  ഡയറക്ടര്‍മാര്‍ പങ്കെടുക്കുന്ന ‘തീ പകര്‍ന്നവര്‍’ പ്രോഗ്രാമില്‍ ഫാ. മാത്യു തടത്തില്‍ വി.സി, ഫാ. ഡേവീസ് പട്ടത്ത് സിഎംഐ, ഫാ. ജോര്‍ജ് പള്ളിക്കുന്നേല്‍, ഫാ. മാത്യു വയലാമണ്ണില്‍, ഫാ. തോമസ് ഒഎഫ്എം (അസീസി ഭരണങ്ങാനം), സിസ്റ്റര്‍ ഡാഫിനി എംഎസ്എംഐ എന്നിവര്‍ പങ്കെടുക്കും. രാത്രി ഒമ്പതിന് ജപമാല റാലി. ജൂബിലി സംഗമം മെയ് മൂന്നിന് സമാപിക്കും.

Tags

Share this story

From Around the Web