അറസ്റ്റുചെയ്യപ്പെട്ട കന്യാസ്ത്രീമാര്‍ക്കെതിരെയുള്ള കുറ്റപത്രം റദ്ദാക്കണം: മാര്‍ റാഫേല്‍ തട്ടില്‍

 
mar rafel thattil

കാക്കനാട്: ഛത്തീസ്ഗഡില്‍ അറസ്റ്റു ചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീമാര്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട കുറ്റപത്രം എത്രയും വേഗം റദ്ദാക്കണമെന്ന് സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചു ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.

സിസ്റ്റേഴ്‌സിനു ജാമ്യം ലഭിച്ചത് ആശ്വാസകരമാണ്. തടവിലടക്കപ്പെട്ടത് ഭാരതത്തിന്റെ മതേതരത്വവും നീതിന്യായ സംവിധാനവുമായിരുന്നു.

കേസിലുള്‍പ്പെട്ടിരിക്കുന്ന സിസ്റ്റേഴ്‌സിനു നീതി ഉറപ്പാകുന്നതുവരെ സഭ ഈ വിഷയത്തില്‍നിന്നും  പിന്‍വാങ്ങില്ല. അതോടൊപ്പം, നിയമം കയ്യിലെടുക്കാനും അറസ്റ്റുചെയ്യപ്പെട്ട പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിച്ച വ്യക്തികള്‍ക്കും സംഘടനകള്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ തട്ടില്‍ ആവശ്യപ്പെട്ടു.

സിസ്റ്റേഴ്‌സിന്റെ മോചനം സാധ്യമാക്കുന്നതിനു സഹായിച്ച എല്ലാവര്‍ക്കും  പ്രത്യേകിച്ച്, കേന്ദ്രസര്‍ക്കാരിനും, സംസഥാന സര്‍ക്കാരിനും കക്ഷിരാഷ്ട്രീയ ഭേദമെന്യേ ഈ വിഷയത്തിലിടപെട്ട എല്ലാ ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും, ഭാരതത്തിലെ മതേതര സമൂഹത്തിനും മേജര്‍ ആര്‍ച്ചുബിഷപ് ആത്മാര്‍ത്ഥമായ നന്ദി പ്രകാശിപ്പിച്ചു.

ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും നിലനില്പിനായി ഒരുമനസോടെ  പ്രദര്‍ശിപ്പിച്ച ജാഗ്രത മാതൃകാപരമാണെന്നും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു.

ഭരണഘടന  എല്ലാവര്‍ക്കും  നല്‍കുന്ന മതസ്വാതന്ത്ര്യവും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ഉറപ്പുവരുത്താന്‍ പൊതുസമൂഹം ഒരുമിച്ചുനില്‍ക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് മേജര്‍ ആര്‍ച്ചുബിഷപ് ചൂണ്ടിക്കാട്ടി.

Tags

Share this story

From Around the Web