2026 ഫുട്‌ബോള്‍ ലോകകപ്പ് സ്റ്റേഡിയങ്ങളിലെ ചാപ്പലുകളും ഗ്വാഡലൂപ്പ മാതാവിന്റെ സാന്നിധ്യവും

 
Fifa
ലോകമെമ്പടുമുള്ള ഫുട്ബോൾ ആരാധകർ 2026-ലെ ഫിഫ ലോകകപ്പിനായി ആവേശത്തോടെ കാത്തിരിക്കുമ്പോൾ, വേദികളിലൊന്നായ മെക്സിക്കോയിലെ സ്റ്റേഡിയങ്ങളിലെ സവിശേഷമായ ഒരു ആചാരവും സൗകര്യവും അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന മെക്സിക്കോയിലെ പ്രമുഖ സ്റ്റേഡിയങ്ങളിൽ കളിക്കാർക്കും ജീവനക്കാർക്കും പ്രാർത്ഥനയ്ക്കായി ഒരുക്കിയിട്ടുള്ള 'രഹസ്യ ചാപ്പലുകൾ' ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ, പ്രത്യേകിച്ച് മെക്സിക്കോയിൽ ഫുട്ബോളും കത്തോലിക്കാ വിശ്വാസവും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളത്. മത്സരത്തിന് തൊട്ടുമുമ്പ് കടുത്ത സമ്മർദ്ദത്തിലൂടെ കടന്നുപോകുന്ന കളിക്കാർക്ക് മാനസികാവസ്ഥ ശാന്തമാക്കാനും പ്രാർത്ഥിക്കാനും വേണ്ടിയാണ് സ്റ്റേഡിയങ്ങളുടെ ഉൾഭാഗങ്ങളിൽ, ഡ്രെസ്സിംഗ് റൂമുകൾക്ക് സമീപമായി ഇത്തരം പ്രാർത്ഥനാ മുറികൾ ഒരുക്കിയിട്ടുള്ളത്. 2026 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകുന്ന മെക്സിക്കോ സിറ്റിയിലെ പ്രശസ്തമായ എസ്റ്റാഡിയോ അസ്റ്റെക്ക (Estadio Azteca) ഉൾപ്പെടെയുള്ള സ്റ്റേഡിയങ്ങളിൽ ഇത്തരം ചാപ്പലുകളുണ്ട്. മെക്സിക്കോയുടെ  സംരക്ഷിക്കയെന്നു വിശ്വസിക്കുന്ന 'ഗ്വാഡലൂപ്പെയിലെ മാതാവിന്റെ' തിരുസ്വരൂപവും ചിത്രങ്ങളും ഈ ചാപ്പലുകളിൽ സ്ഥാപിച്ചിട്ടുണ്ട്.ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയങ്ങളിൽ നടക്കുന്ന നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ ചാപ്പലുകളും കൂടുതൽ സൗകര്യങ്ങളോടെ പുനഃക്രമീകരിക്കുന്നുണ്ട്. മെക്സിക്കോയിലെ സഹായ മെത്രാൻ മോൺസിഞ്ഞോർ ഫ്രാൻസിസ്കോ ജാവിയർ അസെറോ കഴിഞ്ഞ ദിവസം സ്റ്റേഡിയം സന്ദർശിക്കുകയും മൈതാനവും തൊഴിലാളികളെയും ആശീർവദിക്കുകയും ചെയ്തിരുന്നു. കൂടുതൽ ഏകാഗ്രതയോടെയും സ്വകാര്യതയോടെയും കളിക്കാർക്ക് പ്രാർത്ഥിക്കാൻ സാധിക്കുന്ന തരത്തിലേക്ക് ഈ ചാപ്പലുകൾ മാറ്റിസ്ഥാപിച്ചതായി സ്റ്റേഡിയം അധികൃതർ വ്യക്തമാക്കി. "ഗ്വാഡലൂപ്പിലെ മാതാവിന്റെ സംരക്ഷണയിൽ ഈ പുതിയ സ്റ്റേഡിയം ഒരുമയുടെയും സമാധാനത്തിന്റെയും വേദിയായി മാറട്ടെ," എന്ന് മോൺസിഞ്ഞോർ അസെറോ ആശംസിച്ചു. കായികരംഗത്തെ മൂല്യങ്ങൾ കേവലം മത്സരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, പരസ്പര ബഹുമാനത്തിന്റെയും സമാധാനത്തിന്റെയും പാഠങ്ങളാണ് കളിമുറ്റങ്ങൾ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെക്സിക്കോയിലെ കായിക സംസ്കാരത്തിന്റെ ഭാഗമായ ഈ ചാപ്പലുകൾ ലോകകപ്പ് മത്സരങ്ങൾക്കായി എത്തുന്ന അന്താരാഷ്ട്ര താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഒരു പുതിയ അനുഭവമായിരിക്കും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ മൂന്ന് രാജ്യങ്ങൾ സംയുക്തമായാണ് 2026-ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Tags

Share this story

From Around the Web