വാഹനങ്ങളിലെ രൂപമാറ്റം: സമിതിയുടെ റിപ്പോര്‍ട്ട് വന്നാല്‍ നിയമനിര്‍മാണമുണ്ടാകുമെന്ന് അബിന്‍ വര്‍ക്കി.ആറന്മുളയില്‍ ദുരിതാശ്വാസത്തിന് എത്തിയ വണ്ടിക്കാണ് പിഴയിട്ടത്
പത്തനംതിട്ട: വാഹനങ്ങളില്‍ വരുത്തുന്ന രൂപമാറ്റത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ട് വന്നാല്‍ നിയമനിര്‍മാണം ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് അബിന്‍ വര്‍ക്കി എം.എല്‍.എ. പറഞ്ഞു.
അടൂരില്‍ രൂപമാറ്റം വരുത്തിയ ജീപ്പിന് 50,000 രൂപ പിഴയിട്ട പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആറന്മുളയില്‍ ദുരിതാശ്വാസത്തിന് എത്തിയ വണ്ടിക്കാണ് പിഴയിട്ടതെന്ന് എം.എല്‍.എ. ആവര്‍ത്തിച്ചു. എം.എല്‍.എ. പരാതിപ്പെട്ടതോടെ രണ്ട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡുചെയ്തിരുന്നു. വണ്ടിക്ക് ആദ്യം 5000 രൂപയാണ് പിഴയിട്ടത്.
എന്നാല്‍, അടൂരില്‍ പതിവ് വാഹനപരിശോധനയ്ക്കിടെയാണ് നടപടിയുണ്ടായതെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥരെ മൂന്നുദിവസത്തിനകം തിരികെയെടുത്തു.
പിന്നീട് വിഷയം ഹൈക്കോടതിലെത്തി. ഓരോ രൂപമാറ്റത്തിനും പ്രത്യേകം പിഴ ചുമത്തണമെന്ന് കോടതി ഉത്തരവിട്ടതോടെ പിഴത്തുക 50,000 രൂപയാക്കി വര്‍ധിപ്പിച്ചു.
എന്നാല്‍, വാഹന ഉടമയെ പിന്തുണച്ച് തിങ്കളാഴ്ച എം.എല്‍.എ. വീണ്ടും രംഗത്തുവന്നു. പ്രളയദുരിതാശ്വാസത്തില്‍ പങ്കെടുത്ത വാഹനമാണെന്ന് വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരോടു പറഞ്ഞപ്പോള്‍ ''നിന്നോട് ആരെങ്കിലും പറഞ്ഞോ പ്രളയദുരിതാശ്വാസത്തില്‍ പങ്കെടുക്കാന്‍'' എന്ന് എം.വി.ഡി. ഉദ്യോഗസ്ഥര്‍ ചോദിച്ചതിന്റെ ഉദ്ദേശ്യം മനസ്സിലാകുന്നില്ലെന്ന് എം.എല്‍.എ. പറഞ്ഞു. ഇത് അനൗചിത്യമാണ്.
ഇതിനെയാണ് ചോദ്യംചെയ്യുന്നത്.
നിര്‍ത്തിയിട്ട വാഹനത്തിനാണ് പിഴയിട്ടത്. അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ ഓവര്‍ സ്പീഡില്‍ പോകുന്ന വാഹനത്തിന് പിഴയിടുമോ? സൈബര്‍ സഖാക്കളോട് ചോദിക്കാനുള്ളത് നിങ്ങള്‍ എം.വി.ഡി.ക്ക് ഒപ്പമാണോ പ്രളയരക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട ഈ ദമ്പതിമാര്‍ക്കൊപ്പമാണോ എന്നാണ്- അബിന്‍ വര്‍ക്കി പറഞ്ഞു.
ജീപ്പിന് അടയ്ക്കാനുള്ള പിഴ, ഉടമ അമലിനും ഭാര്യ ആര്‍ദ്രയ്ക്കും എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ കൈമാറി. ഹൈക്കോടതിയിലെ അഭിഭാഷകര്‍ സമാഹരിച്ച അന്‍പതിനായിരം രൂപയാണ് അഡ്വ.അരുണ്‍ എസ്. നായര്‍ കൈമാറിയത്.
വള്ളസ്സദ്യയ്ക്കെത്തിയ ഏതാനും അഭിഭാഷകര്‍ പ്രളയദിനത്തില്‍ ആറന്മുളയില്‍ കുടുങ്ങിയിരുന്നു. എം.എല്‍.എ. ഇടപെട്ടാണ് ഇവരെ ഓഫ്റോഡിലൂടെ കയറ്റിവിട്ടത്.