മഴ മുന്നറിയിപ്പില്‍ മാറ്റം: പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിതീവ്രമാകും. റെഡ് അലേര്‍ട്ട്. നാളെയും വ്യാപക മഴയ്ക്കാണ് സാധ്യത. എല്ലാ ജില്ലകള്‍ക്കും മുന്നറിയിപ്പ് നല്‍കി

 
rain

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വീണ്ടും മഴ അതിതീവ്രമാകുമെന്നാണ് അറിയിപ്പ്. മൂന്ന് ജില്ലകള്‍ക്കാണ് റെഡ് അലേര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് റെഡ് അലേര്‍ട്ടുള്ളത്. 

അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആയിരിക്കും. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും. 

നാളെയും വ്യാപക മഴയ്ക്കാണ് സാധ്യത. എല്ലാ ജില്ലകള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മഴ മാറിയെങ്കിലും കുട്ടനാട്ടില്‍ വെള്ളക്കെട്ട് ദുരിതമൊഴിയുന്നില്ല. കുട്ടനാട് താലൂക്കിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.

 ഗ്രാമീണ റോഡുകളും വെള്ളത്തിലായതോടെ ട്രാക്ടറുകളിലും ചെറുതോണികളിലും ആണ് ആളുകളുടെ യാത്ര. വെള്ളക്കെട്ടിനെ തുടര്‍ന്ന് എസി റോഡിലെ ഗതാഗതം ഭാഗികമായി നിലച്ചു.

കോഴിക്കോട്, കോട്ടയം, ആലപ്പുഴ, വയനാട്, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. 

ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും, കോട്ടയം താലൂക്കിലെയും പത്തനംതിട്ടയിലെ തിരുവല്ല താലൂക്കിലും ആലപ്പുഴയിലെ കുട്ടനാട്, ചെങ്ങന്നൂര്‍, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്ക്കും അവധി ബാധകമാണ്.

 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ക്യാമ്പുകള്‍ അവസാനിക്കുന്നത് വരെ അവധിയായിരിക്കും

Tags

Share this story

From Around the Web