ജൂബിലി മിഷനും സഭയും നേരിടുന്ന വെല്ലുവിളികൾ

 
Thrissur jubless mission

സത്യവും മിഥ്യയും: എന്താണ് ആര്‍ച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ സംഭവിച്ചതെന്താണ് എന്ന് വ്യക്തമാക്കുകയാണ് കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റായ ഡോ. ജോബി കാക്കശ്ശേരി.സത്യം എല്ലാവരും അറിയാന്‍ വേണ്ടിയാണ്.


. കഴിഞ്ഞ 75 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പുണ്യസ്ഥാപനമാണ് ജൂബിലി മിഷന്‍. ഏറ്റവും മികച്ച ചികിത്സ, ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ എന്നും മുന്‍പന്തിയില്‍ നിന്നിട്ടുള്ള ചരിത്രമാണ് ഈ സ്ഥാപനത്തിനുള്ളത്.  സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാണ്. നിലവില്‍ കേരളത്തില്‍ നഴ്‌സുമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. ഈ സത്യം തിരിച്ചറിഞ്ഞ്, നമ്മുടെ സ്ഥാപനത്തിന്റെ ഉന്നതിക്കായി നമുക്ക് കൈകോര്‍ക്കാം


പ്രിയപ്പെട്ട സഹോദരങ്ങളേ, 

വളരെ വേദനയോടു കൂടിയാണ് ഈ വരികള്‍ കുറിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച (11/04/2026) നമ്മുടെ തൃശൂര്‍ അതിരൂപതാ ആസ്ഥാനമായ ആര്‍ച്ച് ബിഷപ്പ് ഹൗസ് അങ്കണത്തില്‍ അരങ്ങേറിയ അങ്ങേയറ്റം വേദനാജനകമായ സംഭവങ്ങള്‍ നിങ്ങളെല്ലാവരും അറിഞ്ഞുകാണുമല്ലോ. രോഗീപരിചരണമെന്ന പാവനമായ ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന നമ്മുടെ മക്കളായ നഴ്‌സുമാരെ മുന്‍നിര്‍ത്തി, ഒരു കൂട്ടം ആളുകള്‍ അതിരൂപതാ ആസ്ഥാനം ഉപരോധിച്ച കാഴ്ച ഏതൊരു വിശ്വാസിയുടെയും ഹൃദയം തകര്‍ക്കുന്നതായിരുന്നു. എഴുപത്തഞ്ചു വര്‍ഷത്തെ പാരമ്പര്യമുള്ള, ലക്ഷക്കണക്കിന് പാവപ്പെട്ടവര്‍ക്ക് അഭയമായ ജൂബിലി മിഷന്‍ ആശുപത്രിയെയും നമ്മുടെ അതിരൂപതയെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള ഒരു വലിയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ സമരമെന്ന് വേദനയോടെ അറിയിക്കട്ടെ.

സത്യവും മിഥ്യയും: എന്താണ് ആര്‍ച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ സംഭവിച്ചത്?

ജൂബിലി മിഷന്‍ ആശുപത്രിയുടെ ഭരണപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൃത്യമായ മാനേജ്‌മെന്റ് സംവിധാനമുണ്ട്. എന്നാല്‍ ഈ പ്രശ്‌നത്തെ അതിരൂപതാ ആസ്ഥാനത്തേക്ക് വലിച്ചിഴച്ചതിന് പിന്നില്‍ കൃത്യമായ അജണ്ടകളുണ്ടെന്നു  വിശ്വസിക്കാതിരിക്കാന്‍ നിവര്‍ത്തിയില്ല. സമരത്തിന് നേതൃത്വം നല്‍കാന്‍ എത്തിയത് ആരാണെന്ന് നാം തിരിച്ചറിയണം. സഭാപരമായ അച്ചടക്ക ലംഘനത്തിന്റെ   പേരില്‍ എറണാകുളം അതിരൂപതയില്‍ നിന്നും നടപടിക്ക് വിധേയനായ ഒരു വൈദികനും, താമരശ്ശേരി രൂപതയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മറ്റൊരു വൈദികനുമാണ് ഈ സമരത്തിന്റെ  മുന്‍നിരയില്‍ ഉണ്ടായിരുന്നത്. നമ്മുടെ അതിരൂപതയുമായോ ജൂബിലി മിഷന്‍ ആശുപത്രിയുമായോ ബന്ധമില്ലാത്ത ഇവര്‍ എന്തിനാണ് തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് ഹൗസിന് മുന്നില്‍ വന്ന് ബഹളം വെച്ചത്? ഇത് സഭയെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടലല്ലേ എന്ന് സംശയിക്കേണ്ടിരിക്കുന്നു.

ജൂബിലി മിഷനിലെ ഭൂരിഭാഗം നഴ്‌സുമാരും സമരത്തില്‍ പങ്കെടുക്കാതെ ജോലിക്കെത്തുന്നത് ജനങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കിയാണ്. അവരോടുള്ള ഹൃദയം നിറഞ്ഞ നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. നമ്മുടെ ആശുപത്രിയിലെ 1113 നഴ്‌സുമാരില്‍ ഭൂരിഭാഗവും സമാധാനപ്രിയരാണ്. എന്നാല്‍ അവരില്‍ ചിലരെ തെറ്റിദ്ധരിപ്പിച്ചും ഭീഷണിപ്പെടുത്തിയും സമരരംഗത്തിറക്കി, ജൂബിലിയുമായി ബന്ധമില്ലാത്ത കുറേപേരെ  ഉപയോഗിച്ച് അതിരൂപതാ ആസ്ഥാനത്തിന്റെ സൈ്വര്യജീവിതം തകര്‍ക്കാനാണ് ഇവര്‍ ശ്രമിച്ചത്. ആര്‍ച്ച് ബിഷപ്പ് ഹൗസ് എന്നത് നമ്മുടെ വിശ്വാസത്തിന്റെ അടയാളമാണ്. അരമനയുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുമാറ് മുദ്രവാക്യം വിളിച്ച് വഴിതടയുന്നതും സഭയെ സ്‌നേഹിക്കുന്ന ആര്‍ക്കും അംഗീകരിക്കാനാവില്ല.

നഴ്‌സുമാരുടെ ശമ്പളം: യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കപ്പെടുമ്പോള്‍

ജൂബിലി മിഷന്‍ മാനേജ്‌മെന്റ് നഴ്‌സുമാരോട് അനീതി കാണിക്കുന്നു എന്ന പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണ്. കേരളത്തിലെ സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന ശമ്പളമാണ് ജൂബിലി മിഷനില്‍ നഴ്‌സുമാര്‍ക്ക് നല്‍കിവരുന്നത്.
നിലവിലെ ശമ്പളം: നിലവില്‍ നമ്മുടെ ആശുപത്രിയില്‍ 32,718 രൂപ മുതല്‍ 65,000 രൂപ വരെയാണ് സ്റ്റാഫ് നഴ്‌സുമാര്‍ക്ക് ശമ്പളമായി നല്‍കുന്നത്. 2018-ലെ ആശുപത്രി ജീവനക്കാരുടെ ശമ്പള പരിഷ്‌കരണ വിജ്ഞാപനം കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുപോലും, ജൂബിലി മിഷന്‍ മാനേജ്‌മെന്റ് അത് കണക്കിലെടുക്കാതെ നഴ്‌സുമാര്‍ക്ക് അര്‍ഹമായ ആ ശമ്പള വര്‍ദ്ധനവ് എല്ലാ കൊല്ലവും കൃത്യമായി നല്‍കിവരുന്നുണ്ട്, അത് തുടരുകയും ചെയ്യും.

ഇടക്കാല ആശ്വാസം: സര്‍ക്കാര്‍ ഉത്തരവിനായി കാത്തുനില്‍ക്കാതെ തന്നെ 2023 ഏപ്രില്‍ മാസം മുതല്‍ മാനേജ്‌മെന്റ് ഇടക്കാല ആശ്വാസമായി ജീവനക്കാര്‍ക്ക് വേതന വര്‍ദ്ധനവ് നല്കിയിട്ടുണ്ട്.
മുന്‍കാല പ്രാബല്യം: 2017 ഒക്ടോബര്‍ മുതലുള്ള ശമ്പള പരിഷ്‌കരണം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കിയ കേരളത്തിലെ അപൂര്‍വ്വം സ്ഥാപനങ്ങളില്‍ ഒന്നാണ് ജൂബിലി മിഷന്‍.
ഇത്രയേറെ ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും, യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (UNA) ആവശ്യപ്പെടുന്നത് അപ്രായോഗികമായ തുകകളാണ്. ഒരു തുടക്കക്കാരനായ നഴ്‌സിന് 40,000 രൂപ അടിസ്ഥാന ശമ്പളവും മറ്റു അലവന്‍സുകളും ചേര്‍ത്ത് ആകെ 61,740 രൂപയെങ്കിലും നല്‍കണമെന്നാണ് അവരുടെ വാദം. സീനിയോറിറ്റിയുള്ള നഴ്‌സുമാര്‍ക്ക് ആനുപാതികമായി വര്‍ദ്ധനവും ഉണ്ടാവും. ഇത്രയും ഭീമമായ തുക നല്‍കാന്‍ ജൂബിലി പോലുളള ഒരു ചാരിറ്റബിള്‍ സ്ഥാപനത്തിന് എങ്ങനെ സാധിക്കും?

പാവപ്പെട്ട രോഗികളുടെ കണ്ണീര്‍ നാം കാണണം

നഴ്‌സുമാരുടെ ശമ്പളം ഇരട്ടിയാക്കിയാല്‍ ആ പണം എവിടെ നിന്ന് വരും? സ്വാഭാവികമായും രോഗികളില്‍ നിന്ന് ഈടാക്കുന്ന ചികില്‍സാ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരും. ഏതൊരു സാധാരണക്കാരനും ആശ്രയിക്കുന്ന സ്ഥാപനമാണ് ജൂബിലി മിഷന്‍. ചികില്‍സിക്കാന്‍ പണമില്ലാതെ സാധാരണക്കാര്‍ വലയുമ്പോള്‍, അവരുടെ കണ്ണീരില്‍ നിന്ന് ശമ്പളം വാങ്ങാന്‍ നമ്മുടെ മക്കള്‍ക്ക് എങ്ങനെ സാധിക്കുന്നു?

75 വര്‍ഷമായി നാം ഉയര്‍ത്തിപ്പിടിക്കുന്ന 'കുറഞ്ഞ ചിലവില്‍ മികച്ച ചികില്‍സ' എന്ന ലക്ഷ്യം ഇല്ലാതാക്കാനാണ് സമരം ചെയ്യുന്നവര്‍ ശ്രമിക്കുന്നത്. ആശുപത്രിയെ സാമ്പത്തികമായി തകര്‍ക്കുക, അതുവഴി സഭയെ പ്രതിരോധത്തിലാക്കുക, വന്‍കിട ആശുപത്രികളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇവരുടെ ഗൂഢലക്ഷ്യം എന്ന് മനസിലാക്കേണ്ടിയിരിക്കുന്നു.


നിയമവാഴ്ചയോടുള്ള വെല്ലുവിളി

സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന 2026ലെ മിനിമം വേജ് നോട്ടിഫിക്കേഷന്‍ അനുസരിച്ചുള്ള ഏത് വര്‍ദ്ധനവും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള 3500 അധികം വരുന്ന എല്ലാ ജീവനക്കാര്‍ക്കും നടപ്പിലാക്കാന്‍ മാനേജ്‌മെന്റ് തയ്യാറാണെന്ന് പലതവണ അറിയിച്ചിട്ടുള്ളതാണ് എന്നിട്ടും ഹൈക്കോടതി ഉത്തരവുകള്‍ ലംഘിച്ചുകൊണ്ട് സമരം ചെയ്യുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്. ആരോഗ്യമേഖലയില്‍ മതിയായ നോട്ടീസ് നല്‍കാതെ സമരം ചെയ്യാന്‍ പാടില്ലെന്ന കോടതി വിധി ഇവര്‍ കാറ്റില്‍ പറത്തിയിരിക്കുകയാണ്.

രോഗികളെ പരിചരിക്കേണ്ട കൈകള്‍ മുദ്രാവാക്യ വിളികളുമുയര്‍ത്തി അരമനയുടെ വാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍, വേദന അനുഭവിക്കുന്നത് സഭയിലെ ലക്ഷക്കണക്കിന് വിശ്വാസികളാണ്. സാമൂഹിക മാധ്യമങ്ങളിലൂടെ സഭയ്ക്കും പിതാക്കന്മാര്‍ക്കുമെതിരെ  അസഭ്യവും തെറ്റായതുമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകായാണ്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയും ഫേസ്ബുക്കിലൂടെയും, ആര്‍ക്കും എന്തിനെക്കുറിച്ചും എന്തും പറയാവുന്ന ഒരു സാഹചര്യം നിലവിലുള്ളപ്പോള്‍, അതിലൂടെ വരുന്ന കാര്യങ്ങള്‍ വിശ്വസിക്കുന്നതിന് മുന്‍പ് നാം രണ്ടുതവണ ആലോചിക്കേണ്ടിയിരിക്കുന്നു .

ജാഗ്രതയോടെ നമുക്ക് മുന്നോട്ട് പോകാം

നമ്മുടെ പ്രിയപ്പെട്ട ജൂബിലി മിഷന്‍ ആശുപത്രി വലിയൊരു പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇത് കേവലം ഒരു ശമ്പള വര്‍ദ്ധനവ് മാത്രമല്ല, മറിച്ച് സഭയെ സ്‌നേഹിക്കുന്നവരും സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരും തമ്മിലുള്ള പോരാട്ടമാണ്. ഈ സമരത്തിന് പിന്നിലുള്ള കറുത്ത കൈകളെ തിരിച്ചറിയുക. സഭാവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് നടപടി നേരിട്ട വൈദികര്‍ എന്തിനാണ് നഴ്‌സുമാരുടെ രക്ഷകവേഷം കെട്ടി നമ്മുടെ പടിക്കല്‍  വരുന്നത് എന്ന് നിങ്ങള്‍ ആലോചിച്ചു നോക്കൂ.

ആശുപത്രിയില്‍ ചികില്‍സ കിട്ടാതെ വലയുന്ന രോഗികളുടെയും, അവര്‍ക്ക് സേവനം നല്‍കാന്‍ ആഗ്രഹിച്ചിട്ടും സമരക്കാരുടെ ഭീഷണി മൂലം മാറിനില്‍ക്കേണ്ടിവരുന്ന  നഴ്‌സുമാരുടെയും അവസ്ഥ കാണേണ്ടതുണ്ട്.

ഈ ദുര്‍ഘട സന്ധിയില്‍ നമ്മുടെ പിന്തുണയാണ് ആശുപത്രിയുടെ കരുത്ത്. ആശുപത്രിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മുന്‍പില്‍ പതറാതെ, സത്യത്തോടൊപ്പം നില്‍ക്കാന്‍ നമുക്ക് സാധിക്കണം. കള്ളപ്രചാരണങ്ങള്‍ വിശ്വസിക്കരുത്. സഭയും ആശുപത്രി മാനേജ്‌മെന്റും എപ്പോഴും നീതിയുടെയും സാധാരണക്കാരുടെയും പക്ഷത്താണ്.

ഈ വിവരം എല്ലാവരിലേക്കും എത്തിക്കുക. സത്യം എല്ലാവരും അറിയട്ടെ. കഴിഞ്ഞ 75 വര്‍ഷമായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന പുണ്യസ്ഥാപനമാണ് ജൂബിലി മിഷന്‍. ഏറ്റവും മികച്ച ചികിത്സ, ഏറ്റവും കുറഞ്ഞ ചെലവില്‍ സാധാരണക്കാരിലേക്ക് എത്തിക്കാന്‍ എന്നും മുന്‍പന്തിയില്‍ നിന്നിട്ടുള്ള ചരിത്രമാണ് ഈ സ്ഥാപനത്തിനുള്ളത്.  സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കില്‍ ശമ്പളം നല്‍കാന്‍ മാനേജ്‌മെന്റ് തയ്യാറാണ്. നിലവില്‍ കേരളത്തില്‍ നഴ്‌സുമാര്‍ക്ക് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന സ്ഥാപനങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. ഈ സത്യം തിരിച്ചറിഞ്ഞ്, നമ്മുടെ സ്ഥാപനത്തിന്റെ ഉന്നതിക്കായി നമുക്ക് കൈകോര്‍ക്കാം


ഡോ. ജോബി കാക്കശ്ശേരി
പ്രസിഡന്റ് , കത്തോലിക്ക കോണ്‍ഗ്രസ് , 
തൃശ്ശൂര്‍

Tags

Share this story

From Around the Web