വിശുദ്ധ നാട്ടില്‍ മതസ്വാതന്ത്ര്യത്തിന് വെല്ലുവിളി; ക്രൈസ്തവരെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു
ജെറുസലേം: വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളും അധിക്ഷേപ ശ്രമങ്ങളും ആശങ്കാജനകമായി വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളെക്കാള്‍ എണ്ണം ഈ വര്‍ഷം ഉണ്ടാകുമെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജെറുസലേം ആസ്ഥാനമായുള്ള റോസിങ് സെന്റര്‍ ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ് ഡയലോഗ് പുറത്തിറക്കിയ 2026 റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പ്. 2025-ല്‍ ഇസ്രായേലില്‍ ക്രൈസ്തവരെ ലക്ഷ്യമിട്ട് 155 ആക്രമണ സംഭവങ്ങള്‍ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതില്‍ ശാരീരിക ആക്രമണങ്ങള്‍, ദേവാലയ സ്വത്തുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍, ഭീഷണിപ്പെടുത്തലുകള്‍, ക്രൈസ്തവ പ്രതീകങ്ങള്‍ തകര്‍ക്കല്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ ആക്രമണങ്ങളുടെ എണ്ണം ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്നാണ് സംഘടനയുടെ കണ്ടെത്തല്‍. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ രേഖപ്പെടുത്തുന്ന സംഘടനകളുടെ കണക്കുകള്‍ പ്രകാരം ജൂണ്‍ മാസത്തിന്റെ തുടക്കത്തില്‍ തന്നെ 88-ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നിലവിലെ പ്രവണത തുടര്‍ന്നാല്‍ ഈ വര്‍ഷത്തെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ മറികടക്കുമെന്നാണ് വിലയിരുത്തല്‍. ക്രൈസ്തവ പുരോഹിതര്‍ക്കും സന്യാസികള്‍ക്കും നേരെയുള്ള തുപ്പല്‍ അധിക്ഷേപം, വിശുദ്ധസ്ഥലങ്ങള്‍ അപമാനിക്കല്‍, ആരാധനാലയങ്ങള്‍ക്കും ക്രൈസ്തവ സ്വത്തുക്കള്‍ക്കും നേരെയുള്ള നശീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇപ്പോഴും മേഖലയില്‍ ആശങ്കജനകമായ വിധത്തില്‍ തുടരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
തീവ്ര യഹൂദ നിലപാടുള്ളവരില്‍ നിന്നു ഭീഷണി ഉയരുന്ന പശ്ചാത്തലത്തില്‍ വിശുദ്ധനാട്ടിലെ ക്രൈസ്തവ സമൂഹത്തിനിടയില്‍ സുരക്ഷാഭീതിയും കുടിയേറ്റ പ്രവണതയും ആശങ്കാജനകമായ വിധത്തില്‍ ഉയര്‍ന്നതായി സഭാനേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്രൈസ്തവരുടെ സുരക്ഷയും മതസ്വാതന്ത്ര്യവും ഉറപ്പാക്കാന്‍ ഇസ്രായേല്‍ അധികാരികള്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് മേഖലയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും സഭാ പ്രതിനിധികളും ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്.