ഇറാഖിലെ ക്രിസ്ത്യാനികളുടെ മടങ്ങിവരവിന് സുരക്ഷയും തൊഴിലവസരങ്ങളും അനിവാര്യം: കല്‍ദായ പാത്രിയാര്‍ക്കീസ്
ബാഗ്ദാദ്: ഇറാഖില്‍ യുദ്ധം മൂലം തകര്‍ന്ന ക്രിസ്ത്യന്‍ മേഖലകള്‍ പുനര്‍നിര്‍മ്മിക്കുന്നതു കൊണ്ടുമാത്രം അവിടെ ക്രിസ്ത്യന്‍ സാന്നിധ്യം നിലനിര്‍ത്താന്‍ പര്യാപ്തമല്ലെന്ന് കല്‍ദായ സഭയുടെ പാത്രിയാര്‍ക്കീസ് പൗലോസ് മൂന്നാമന്‍ നോന.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച വത്തിക്കാന്‍ ന്യൂസുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. തങ്ങളുടെ ചരിത്രപരമായ വാസസ്ഥലങ്ങളിലേക്ക് മടങ്ങിയെത്താനും വിശ്വാസം വീണ്ടെടുക്കാനും അവിടുത്തെ നിവാസികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
പാത്രിയാര്‍ക്കീസായി തെരഞ്ഞെടുക്കപ്പെട്ട് നാല് മാസത്തിനുള്ളില്‍ ക്രിസ്ത്യന്‍ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ സുരക്ഷാ സാഹചര്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായി.
എന്നിരുന്നാലും, കുടിയേറ്റം, ജനസംഖ്യാ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍, അപര്യാപ്തമായ സേവനങ്ങള്‍, യുവജനങ്ങളിലെ പ്രത്യാശ കുറവ് എന്നിവ ഇറാഖിലെ ക്രിസ്ത്യാനികളുടെ ഭാവിയെ തുടര്‍ന്നും ഭീഷണിയിലാക്കുകയാണ്.
2014 ഓഗസ്റ്റ് 6-7 തീയതികളില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രദേശത്ത് സംഹാര താണ്ഡവമാടിയപ്പോള്‍ നിനവേ സമതലത്തിലെ പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും പതിനായിരക്കണക്കിന് ക്രിസ്ത്യാനികള്‍ പലായനം ചെയ്ത സംഭവങ്ങള്‍ പാത്രിയാര്‍ക്കീസ് അനുസ്മരിച്ചു.
പലായനം ചെയ്യുന്ന കുടുംബങ്ങളുടെയും കരയുന്ന കുട്ടികളുടെയും പ്രദേശവാസികളുടെ കണ്ണുകളിലെ ഭയത്തിന്റെയും ദൃശ്യങ്ങള്‍ ഇപ്പോഴും തന്റെ ഓര്‍മ്മയില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ടെന്ന് അന്നു മൊസൂളിലെ കല്‍ദായ ആര്‍ച്ച് ബിഷപ്പായിരുന്ന പൗലോസ് നോന പറയുന്നു.
ഐസിസ് എത്തുന്നതിന് മുന്‍പ് തന്നെ പ്രദേശം വിട്ടുപോകാന്‍ നിനവേ സമതലങ്ങളിലെ ഗ്രാമവാസികളോട് താന്‍ ആവശ്യപ്പെട്ടിരിന്നു.
ആ സമയത്ത് വൈദികരുമായും ഗ്രാമങ്ങളുമായും ബന്ധപ്പെട്ടു; എല്ലാവരെയും സുരക്ഷിതസ്ഥാനത്ത് എത്തിക്കുക എന്നത് ആ രാത്രിയിലെ ഏറ്റവും ദുഷ്‌കരമായ നിമിഷങ്ങളിലൊന്നായിരുന്നുവെന്നും പാത്രിയാര്‍ക്കീസ് ഓര്‍ത്തെടുത്തു.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും, ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള സുരക്ഷാ ഭീഷണികള്‍ക്ക് മുന്‍പുണ്ടായിരുന്നത്ര തീവ്രതയില്ലെങ്കിലും യുദ്ധം, പലായനം, കുടിയേറ്റം എന്നിവയുടെ ആഘാതം ഇപ്പോഴും ശക്തമായി നിലനില്‍ക്കുകയാണ്. പല ക്രിസ്ത്യാനികളും തങ്ങളുടെ പഴയ വാസസ്ഥലങ്ങളിലേക്ക് മടങ്ങിയെത്തിയിട്ടില്ല; അതേസമയം, മറ്റു ചിലര്‍ ഇറാഖ് വിട്ടുപോവുകയോ മറ്റൊരിടങ്ങളില്‍ സ്ഥിരതാമസമാക്കുകയോ ചെയ്തു. ക്രിസ്ത്യാനികളുടെ മടങ്ങിവരവിന് വീടുകളും പള്ളികളും പുനര്‍നിര്‍മ്മിക്കുന്നതിലുപരി സുരക്ഷ, തൊഴിലവസരങ്ങള്‍, അവശ്യ സേവനങ്ങള്‍ തുടങ്ങീ പല കാര്യങ്ങളും ആവശ്യമാണെന്ന് പാത്രിയാര്‍ക്കീസ് നോന ചൂണ്ടിക്കാട്ടി. പലായനം ചെയ്ത ഇറാഖിലെ ക്രൈസ്തവര്‍ക്ക് മടങ്ങി വന്നാല്‍ സുരക്ഷയും മറ്റ് സാഹചര്യവും ഒരുക്കുമെന്ന് അടുത്തിടെ ഭരണകൂടം വ്യക്തമാക്കിയിരിന്നു.