ചാല സ്വര്‍ണക്കവര്‍ച്ച; മുഖ്യ സൂത്രധാരന്‍ മാളവിക ജ്വല്ലറി ഉടമ ജയറാം, ആസൂത്രണം നടത്തിയത് ആഡംബര ഹോട്ടലില്‍
 

 
chala


 
തിരുവനന്തപുരം: ചാല സ്വര്‍ണക്കവര്‍ച്ചയില്‍ ക്വട്ടേഷന്‍ നല്‍കിയത് മാളവിക ജ്വല്ലറി ഉടമ ജയറാമെന്ന് പ്രതികളുടെ മൊഴി. നാലുലക്ഷം രൂപ ഇതിനായി കവര്‍ച്ചാ സംഘത്തിന് കൈമാറിയതിനും തെളിവുകള്‍ ലഭിച്ചു. കവര്‍ച്ചയുടെ ആസൂത്രണം നടത്തിയത് നഗരത്തിലെ ആഡംബര ഹോട്ടലിലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ആറ്റുകാല്‍ ജ്വല്ലറി ഉടമ അമുലിന് മാത്രമായിരുന്നില്ല നന്ദകുമാറിനോട് പക. നന്ദകുമാറിന്റെ ബിസിനസ് വളര്‍ച്ചയില്‍ അസൂയ മാളവിക ജ്വല്ലറി ഉടമ ജയറാമിനുമുണ്ടായിരുന്നു. ജയറാമാണ് ഒരു ദിവസം സ്വന്തം ഷോപ്പില്‍ വെച്ച് നന്ദകുമാറിന്റെ ബിസിനസ് തകര്‍ക്കുന്നതിനെക്കുറിച്ച് ആദ്യം പറയുന്നത്. 

പിന്നീട് കൃത്യമായ ആസൂത്രണത്തിലൂടെ കവര്‍ച്ച നടത്താന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ജയറാമും അമുലും അനൂപും ദിലീപും തിരുവനന്തപുരത്തെ ഒരു ആഡംബര ഹോട്ടലില്‍ ഒത്തുചേര്‍ന്നു. പദ്ധതിയും തയ്യാറാക്കി. കവര്‍ച്ച നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഇതിനായി ട്രയലും നടത്തിയിരുന്നു.

അനിലും അനൂപും ചേര്‍ന്നാണ് ബൈക്കിലെത്തി സ്വര്‍ണം കവര്‍ന്നത്. കവര്‍ച്ചക്കായി 4 ലക്ഷം രൂപയാണ് അഡ്വാന്‍സായി അനൂപിനും അനിലും നല്‍കിയത്. ബാക്കി തുക കവര്‍ച്ചയ്ക്ക് ശേഷമെന്ന് വാക്ക് ഉറപ്പിക്കുകയും ചെയ്തു. അനൂപിനെയും അനിലിനെയും പിടിച്ചാലും അന്വേഷണം തന്നിലേക്ക് എത്തില്ലെന്നാണ് ജയറാമിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ അമുല്‍ അറസ്റ്റിലായതോടെ അന്വേഷണം ജയറാമിലേക്കും എത്തി. അനൂപും അനിലും ജയറാമിന്റെ പങ്കിനെക്കുറിച്ച് മൊഴി നല്‍കിയിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കവര്‍ച്ചയില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

Tags

Share this story

From Around the Web