ചാല സ്വര്‍ണക്കവര്‍ച്ച: മോഷ്ടിച്ച സ്വര്‍ണം ക്ഷേത്രത്തിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി,പ്രതി അനൂപാണ് സ്വര്‍ണം കുഴിച്ചിട്ടതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ചാലയിലെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മോഷണം പോയ കൂടുതല്‍ സ്വര്‍ണം പൊലീസ് കണ്ടെത്തി. വെള്ളായണിയിലെ ഒരു ക്ഷേത്രത്തിന് സമീപം കുഴിച്ചിട്ട നിലയിലാണ് സ്വര്‍ണം കണ്ടെടുത്തത്. കേസിലെ പ്രതിയായ അനൂപാണ് മോഷ്ടിച്ച സ്വര്‍ണം ഇവിടെ ഒളിപ്പിച്ചു വെച്ചതെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതും സ്വര്‍ണം കണ്ടെടുത്തതും.
ജ്വല്ലറി ഉടമ നന്ദകുമാര്‍ പറഞ്ഞതനുസരിച്ച് 2 കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടത്. ഇതിനായി വെള്ളായണി ഭാഗത്ത് നടത്തിയ തെളിവെടുപ്പിലാണ് കുഴിച്ചിട്ട നിലയില്‍ കൂടുതല്‍ സ്വര്‍ണം കണ്ടെത്തിയത്. വെള്ളായണിയില്‍ നിന്ന് 146 പവന്‍ സ്വര്‍ണമാണ് കണ്ടെടുത്തിരിക്കുന്നത്. നേരത്തെ വയനാട്ടില്‍ നിന്ന് 56 പവന്‍ കണ്ടെടുത്തിരുന്നു. ഇതോടെ 202 പവന്‍ സ്വര്‍ണം ഇതുവരെ കണ്ടെത്താന്‍ പൊലീസിന് സാധിച്ചു.
ചാലയിലെ മാളവിക ജ്വല്ലറി ഉടമ ജയറാം ആണ് ഈ സ്വര്‍ണക്കവര്‍ച്ചയുടെ മുഖ്യ സൂത്രധാരന്‍ എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. നന്ദകുമാര്‍ എന്നയാളുടെ കച്ചവടം തകര്‍ക്കാന്‍ 25 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കിയാണ് പ്രതികള്‍ സ്വര്‍ണം കവര്‍ന്നത്. ഇതില്‍ 4 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയിരുന്നു.