1.58 കോടി നിര്‍ജീവ റേഷന്‍ കാര്‍ഡുകള്‍ റദ്ദാക്കാന്‍ കേന്ദ്രം; ഇ-കെവൈസി പൂര്‍ത്തിയാക്കാന്‍ 3 മാസം അനുവദിക്കും

 
ratiion card



ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് മാസമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റാത്ത 1.58 കോടി നിര്‍ജീവ റേഷന്‍ കാര്‍ഡുകള്‍ ഒക്ടോബര്‍ മുതല്‍ കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി നിഷ്‌ക്രിയമാക്കുന്നു. 


പൊതുവിതരണ ശൃംഖലയിലെ ക്രമക്കേടുകള്‍ തടയുന്നതിനും വ്യാജവും അര്‍ഹതയില്ലാത്തതുമായ കാര്‍ഡുകള്‍ ഒഴിവാക്കുന്നതിനാണ് ഈ നടപടി.

കഴിഞ്ഞ ആറ് മാസമായി റേഷന്‍ ധാന്യങ്ങള്‍ കൈപ്പറ്റാത്ത 'സൈലന്റ് റേഷന്‍ കാര്‍ഡുകള്‍' ആണ് ആദ്യഘട്ടത്തില്‍ നിഷ്‌ക്രിയമാക്കുന്നത്. ഇവരുടെ വിവരങ്ങള്‍ ഡാറ്റാബേസില്‍നിന്ന് ഉടനടി നീക്കംചെയ്യില്ല. 


കാര്‍ഡുടമകള്‍ക്ക് തങ്ങളുടെ അര്‍ഹത തെളിയിക്കുന്നതിനായി മൂന്ന് മാസത്തെ സമയപരിധി അനുവദിക്കും. ഈ കാലയളവിനുള്ളില്‍ ഇ-കെവൈസി പ്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ പുനഃസ്ഥാപിച്ചു നല്‍കും.

അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് മാത്രമാണ് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതെന്ന് ഉറപ്പാക്കാനും മരണപ്പെട്ടവരുടെയോ താമസം മാറിയവരുടെയോ പേരില്‍ നടക്കുന്ന ചോര്‍ച്ചകള്‍ തടയാനുമാണ് സര്‍ക്കാര്‍ ഈ ശുദ്ധീകരണം നടത്തുന്നത്.

ഡിജിറ്റലൈസേഷന്‍, ആധാര്‍ സീഡിങ്, ഇ-കെവൈസി എന്നിവയിലൂടെ ഇതുവരെ 5.8 കോടി റേഷന്‍ കാര്‍ഡുകള്‍ സിസ്റ്റത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. 


'സ്മാര്‍ട്ട്-പിഡിഎസ്' പദ്ധതിവഴി നടപ്പാക്കുന്ന ഈ പ്രക്രിയയില്‍ ജൂലൈ 30 വരെയുള്ള കണക്കനുസരിച്ച് 90.64 ശതമാനം ഇ-കെവൈസി പൂര്‍ത്തീകരണം കൈവരിച്ചിട്ടുണ്ട്.
 

Tags

Share this story

From Around the Web