പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യാനുള്ള നിയന്ത്രണത്തില്‍ ഇളവ് വരുത്തി കേന്ദ്രം;25 ദിവസത്തെ ഇടവേളയില്‍ എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാം

 
SYLINDER

ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പാചകവാതക സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണത്തില്‍ ഇളവുമായി കേന്ദ്രസര്‍ക്കാര്‍. 

നിലവില്‍ നഗരമേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമാണ് റീഫില്‍ ബുക്കിങ്ങിനുണ്ടായിരുന്ന ഇടവേള. എല്‍പിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫില്‍ ബാക്ക്ലോഗ് (സിലിണ്ടര്‍ ബുക്ക് ചെയ്തിട്ടും വിതരണം ചെയ്യാന്‍ ബാക്കിയുള്ള റീഫില്‍ അപേക്ഷകളുടെ എണ്ണം) ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് ഇളവ്.


പുതിയ തീരുമാനപ്രകാരം നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ എല്‍പിജി സിലിണ്ടര്‍ ബുക്ക് ചെയ്യാം. തിങ്കളാഴ്ച മുതല്‍ തന്നെ ഇളവ് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. 

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം കേന്ദ്ര പെട്രോളിയം-പ്രകൃതിവാകത മന്ത്രാലയം നല്‍കി. കേന്ദ്ര പെട്രോളിയം സഹമന്ത്രി സുരേഷ് ഗോപിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.


യുഎസ്സും ഇസ്രയേലും ഇറാനെ ആക്രമിച്ചതാണ് പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് കാരണമായത്. സംഘര്‍ഷം രൂക്ഷമാകുകയും ആഗോള ഊര്‍ജവിപണിയെ ബാധിക്കുകയും ചെയ്തതോടെ മാര്‍ച്ച് 12 മുതലാണ് ഇന്ത്യയിലെ ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ ബുക്കിങ്ങിന് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉപഭോക്താക്കള്‍ കൂടുതല്‍ സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് സംഭരിക്കുന്നത് തടയാനും വിതരണത്തില്‍ തുല്യത ഉറപ്പാക്കാനുമായിരുന്നു നിയന്ത്രണം. രാജ്യത്ത് എല്‍പിജി ക്ഷാമം ഇല്ലെന്നും സര്‍ക്കാര്‍ അന്ന് വ്യക്തമാക്കിയിരുന്നു.


സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്
മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എല്‍പിജി വിതരണത്തില്‍ ഉണ്ടായ സമ്മര്‍ദ്ദം കണക്കിലെടുത്ത്, നഗര മേഖലകളില്‍ 25 ദിവസവും ഗ്രാമീണ മേഖലകളില്‍ 45 ദിവസവുമായിരുന്നു റീഫില്‍ ബുക്കിംഗിനുള്ള ഇടവേള.
എന്നാല്‍ നിലവിലെ എല്‍പിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും റീഫില്‍ ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്തതോടെ, കേന്ദ്ര സര്‍ക്കാര്‍ ഈ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയിരിക്കുകയാണ്.
ഇനി നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാര്‍ഹിക എല്‍പിജി ഉപഭോക്താക്കള്‍ക്കും 25 ദിവസത്തെ ഇടവേളയില്‍ റീഫില്‍ ബുക്ക് ചെയ്യാം.
 

Tags

Share this story

From Around the Web