ഉറക്കം നഷ്ടപ്പെട്ട് കേന്ദ്രവും ചിറകുവിരിഞ്ഞ് പാറ്റകളും, രാജ്യം കണ്ട ഏറ്റവും വലിയ വിദ്യാർത്ഥി സമരവും അധികാരത്തിന്റെ അഹങ്കാരത്തെ തകർത്ത ചെറുത്തുനിൽപ്പും- ജോർജ് കള്ളിവയലിൽ എഴുതുന്നു
ഡൽഹിഡയറി / ജോർജ് കള്ളിവയലിൽ
എന്റെ മുന്‍ കാമുകന് പോലും എന്നെ ഇത്രയധികം അവഗണിച്ചിട്ടില്ല. ഒരു കൈയില്‍ വൈഫൈയും മറുകൈയില്‍ സത്യവും പിടിച്ചുകൊണ്ടാണ് ഞങ്ങള്‍ വളര്‍ന്നത് - മെഡിക്കല്‍ നീറ്റ് യുജി പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്യുന്ന ജെന്‍സീയുടെ ചില പ്രയോഗങ്ങളാണിത്.
കുച്ചു പുച്ചു, റിസൈന്‍ കരോ (രാജിവയ്ക്കൂ). വിദ്യാഭ്യാസ മന്ത്രിയെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വൈറലായ ടോഡ്ലര്‍ ഓഡിയോ ക്ലിപ്പിലെ ഈ പരിഹാസ സ്പിന്നിന്റെ ലെവലൊന്നു വേറെയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും ഇത്തരം പരിഹാസമുണ്ട്. എല്ലാ മതങ്ങളെയും ജാതികളെയും ലിംഗഭേദങ്ങളെയും ഒന്നിപ്പിച്ചതിനു കേന്ദ്രസര്‍ക്കാരിനു നന്ദി പറയാനും വിദ്യാര്‍ഥികള്‍ മറന്നില്ല. മൊബൈലിലും ലാപ്ടോപ്പിലും നോക്കി സമയം കളയുന്നവരാണു യുവാക്കളെന്നു തെറ്റിദ്ധരിച്ചവരുടെ വായടപ്പിക്കുന്നതാണു ധൈര്യത്തോടെ തെരുവിലിറങ്ങി പോരാടിയ വിദ്യാര്‍ഥികള്‍.
ചെറുത്തുനില്പിന്റെ രാഷ്ട്രീയം
ജന്തര്‍ മന്തറില്‍ നീണ്ട പ്രസംഗങ്ങളില്ല. പകരം ഇന്‍സ്റ്റഗ്രാം റീലുകളും മീമുകളും അടക്കമുള്ള സോഷ്യല്‍ മീഡിയ ട്രെന്‍ഡുകള്‍ പ്രതിഷേധത്തിന്റെ ഭാഷയെ പുനര്‍നിര്‍വചിക്കുന്നു. രസകരവും കുറിക്കു കൊള്ളുന്നതുമായ മുദ്രാവാക്യങ്ങള്‍, സ്റ്റിക്കറുകള്‍, ജിഫ്, കാര്ട്ടൂണുകള്, പോസ്റ്ററുകള്‍, പ്ലാക്കാര്‍ഡുകള്‍, വേഷവിധാനങ്ങള്‍ തുടങ്ങിയവയാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുടരുന്ന പ്രക്ഷോഭത്തെ ശ്രദ്ധേയമാക്കുന്നത്.
ലോകത്താകെ ജനാധിപത്യത്തിന്റെ മറവില്‍ ഏകപക്ഷീയമായി ഭരിക്കുന്നവര്ക്കെതിരേയുള്ള ചെറുത്തുനില്പിന്റെ പുതുരാഷ്ട്രീയമാണ് ഇന്ത്യയിലും ഉണ്ടായത്. മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ രീതിയിലും കൊടിക്കീഴിലുമല്ലാതെ പ്രതികരിക്കുന്ന ജെന്‍സി മുന്നറിയിപ്പാണ്. ദളിതനും ആദിവാസിയും നയിച്ച ഇന്ത്യയിലെ സമരമെന്ന പ്രത്യേകതയുമുണ്ട്. സിജെപി നേതാവ് അഭിജിത് ദിപ്കെ ദളിതനും 26 ദിവസം ഉപവസിച്ചു സമരത്തിനു ശക്തി പകര്‍ന്ന സോനം വാംഗ്ചുക്ക് ആദിവാസിയുമാണ്. സ്വന്തം അവകാശങ്ങള്‍ക്കുവേണ്ടിയല്ല ഇരുവരും പോരാടിയതെന്നതും ശ്രദ്ധേയമായി.
പാറ്റകള്‍ പെരുകിയ ആക്ഷേപം
പ്രതിഷേധിക്കുന്ന ചെറുപ്പക്കാരെ പാറ്റകളോട് (കോക്രോച്ച്) ഉപമിച്ച സുപ്രീകോടതി ചീഫ് ജസ്റ്റീസ് സൂര്യകാന്തിന്റെ പ്രയോഗത്തെ ആക്ഷേപഹാസ്യ രാഷ്ട്രീയ സ്വത്വത്തിന്റെ ബാഡ്ജാക്കി മാറ്റിയതാണു കോക്രോച്ച് ജനതാ പാര്‍ട്ടിയെന്ന സിജെപി. വിദ്യാര്‍ഥികള്‍ക്കു നേരേയുണ്ടായ നിഷ്ഠുര മര്‍ദനത്തിന്റെ വീഡിയോകള്‍ കണ്ടു സമയം പാഴാക്കാനില്ലെന്നു പറഞ്ഞ ഇതേ ചീഫ് ജസ്റ്റീസിനെതിരേ വന്ന പരിഹാസ ട്രോള്‍മഴയില്‍ കണ്ടതു രാജ്യത്തിന്റെ നൊമ്പരമാണ്.
നീറ്റ് പരീക്ഷയില്‍ ആവര്‍ത്തിക്കുന്ന ക്രമക്കേടുകള്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതിയിലെ പി.എസ്. നരസിംഹയും അലോക് അരാദേയും അടങ്ങിയ ബെഞ്ചിന്റെ ഇന്നലത്തെ നിരീക്ഷണം പ്രതീക്ഷയാണ്.
അവഗണിച്ച് തീയില്‍ ചാടി
തുടക്കത്തില്‍ അവഗണിച്ച വിദ്യാര്‍ഥി പ്രക്ഷോഭത്തിനും പ്രതിപക്ഷ സമരങ്ങള്‍ക്കും മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ മുട്ടുമടക്കിയിട്ടും പ്രശ്നം ആളിക്കത്തുകയാണ്. മന്ത്രി രാജിവച്ചാലും ഇല്ലെങ്കിലും പെട്ടെന്നു തീയണയാനിടയില്ല. പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ രണ്ടു ദിവസം ചര്‍ച്ചയ്ക്കുള്ള നോട്ടീസുകളും സ്പീക്കറെ കണ്ടുള്ള ആവശ്യവും തള്ളിയ സര്‍ക്കാരിനു മൂന്നാം ദിവസം ചര്‍ച്ചയ്ക്കു തയാറാണെന്നു പ്രഖ്യാപിക്കേണ്ടിവന്നു. എന്നിട്ടും വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ആഴ്ച പൂര്‍ണമായി സ്തംഭിച്ചു.
ഉറക്കം നടിച്ചവരെ ഉണര്‍ത്തി
ജൂണ്‍ ആറിന് ജന്തര്‍ മന്തറില്‍ സിജെപി സമരം തുടങ്ങിയതാണ്. സര്‍ക്കാര്‍ പക്ഷേ പുല്ലുവിലയാണു കല്പിച്ചത്. കഴിഞ്ഞ മേയ് മൂന്നിലെ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നശേഷം രണ്ടര മാസത്തിലേറെ പ്രധാനമന്ത്രി മോദി കമാന്നൊരക്ഷരം മിണ്ടിയില്ല. ഒടുവില്‍ സമരം കൈവിട്ടുപോയതോടെ വിട്ടുവീഴ്ചകൾ വേണ്ടിവന്നു. നിഷ്പക്ഷ വേദിയായ കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബ്ബിലെത്തിയാണു മന്ത്രിമാര്‍ സിജെപി വക്താക്കളായ അശുതോഷ് രങ്ക, സൗരവ് ദാസ് എന്നിവരുമായി ചര്‍ച്ച നടത്തിയത്.
വിദ്യാര്‍ഥികളുടെ ജന്തര്‍ മന്തര്‍ സമരത്തിനു പിന്തുണയുമായി വിദ്യാഭ്യാസ, സാമൂഹ്യ പ്രവര്‍ത്തകനായ ആക്ടിവിസ്റ്റ് സോനം വാംഗ്ചുക് നടത്തിയ 26 ദിവസം നീണ്ട സമരം അവസാനിപ്പിക്കാനായതു മാത്രമാണു തത്കാലം സര്‍ക്കാരിന് ആശ്വാസം. ദേശീയ മാധ്യമങ്ങള്‍ അവഗണിച്ചപ്പോഴും വാംഗ്ചുകിന്റെ നിരാഹാര സത്യഗ്രഹത്തെക്കുറിച്ച് ഒരാഴ്ച മുമ്പേ ദീപികയുടെ ഇതേ പംക്തിയില്‍ എഴുതിയിരുന്നു. പക്ഷേ, സര്‍ക്കാര്‍ ഉണരാന്‍ വൈകി.
പ്രധാന്റെ രാജിയുടെ രാഷ്ട്രീയം
സിജെപി വക്താക്കളുമായി കേന്ദ്രമന്ത്രിമാര്‍ ഇന്നലെ നടത്തിയ ചര്‍ച്ചയിലും പ്രശ്നപരിഹാരമില്ല. ഇന്നും ചര്‍ച്ചയുണ്ടെങ്കിലും ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്ലാതെ പിന്മാറില്ലെന്നു സിജെപി പ്രഖ്യാപിച്ചിട്ടുണ്ട്. രാജിയില്ലെങ്കില്‍ രാജ്യവ്യാപക പ്രക്ഷോഭമെന്നും സിജെപി ആണയിടുന്നു. കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും സമരം ശക്തമാക്കാന്‍ കോപ്പുകൂട്ടുകയാണ്.
സമരക്കാര്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കുമെന്നും ആത്മഹത്യ ചെയ്യേണ്ടി വന്ന 21 വിദ്യാര്‍ഥികളുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നല്‍കുമെന്നും കേന്ദ്രസര്‍ക്കാരിനു രേഖാമൂലം ഉറപ്പുനല്കേണ്ടിയും വന്നു. നേരത്തേ ഇതിനു വഴങ്ങിയിരുന്നെങ്കില്‍ ക്രൂരമര്‍ദനത്തിനും നീണ്ട ദുരിതസമരത്തിനും വിദ്യാര്‍ഥികള്‍ ഇരയാകേണ്ടിവരില്ലായിരുന്നു.
എതിര്‍ക്കുന്നവരെ വേട്ടയാടുന്നു
മന്ത്രി പ്രധാനെ സംരക്ഷിക്കാനായി രാജ്യത്തെ യുവാക്കളെ വെറുപ്പിക്കണോയെന്നു പ്രധാനമന്ത്രി മോദി വേഗം തീരുമാനിക്കട്ടെ. വിദ്യാര്‍ഥികളെ തല്ലിച്ചതച്ചതിനെ അപലപിക്കാന്‍ സര്‍ക്കാരിലെ ആരും തയാറായിട്ടില്ല. സര്‍ക്കാര്‍ നടപടികളെ ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി അടക്കമുള്ളവര്‍ വിമര്‍ശിച്ചു. വിദ്യാര്‍ഥിസമരത്തെ പിന്തുണച്ച മോഹന്‍ലാലിന്റെ മകള്‍ വിസ്മയ മുതല്‍ രഞ്ജിനി ഹരിദാസ് വരെയുള്ളവര്‍ക്കെതിരേ സൈബര്‍ അതിക്രമങ്ങളുണ്ടായി.
ഉറക്കം നഷ്ടപ്പെട്ട് സര്‍ക്കാര്‍
പാര്‍ലമെന്റ് മാര്‍ച്ചിനെത്തിയ വന്‍ ജനാവലി പക്ഷേ സര്‍ക്കാരിന്റെ ഉറക്കം കെടുത്തി. ജൂലൈ 20-ലെ സമരത്തിനിടെ പെണ്‍കുട്ടികള്‍ അടക്കമുള്ളവരോടുള്ള പോലീസ് നരനായാട്ടിന്റെ വീഡിയോ ദൃശ്യങ്ങളും റീലുകളും പതിനായിരങ്ങള്‍ പങ്കുചേര്‍ന്ന സമരത്തിന്റെ ഡ്രോണ്‍ ആകാശക്കാഴ്ചയും രാജ്യത്തെ ഉണര്‍ത്തി.
നട്ടപ്പാതിരയില്‍ മോദി വീഡിയോ
പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പ്രശ്നപരിഹാരത്തിനു നെട്ടോട്ടമോടുകയാണ്. വ്യാഴാഴ്ച അര്ധാത്രിയോടടുത്ത് 11.52ന് സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പരിഭ്രാന്തിയുടെ പ്രതിഫലനമായി.
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ മൂന്നു മുതല്‍ അഞ്ചു വര്‍ഷം തടവും 10 കോടി രൂപ പിഴയും അടക്കം ശിക്ഷ ഉയര്‍ത്തിയ ബില്ലിന് കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നല്കി. മന്ത്രിയുടെ രാജിയൊഴികെയുള്ള സമരക്കാരുടെയും പ്രതിപക്ഷ നേതാക്കളുടെയും പ്രധാന ആവശ്യങ്ങളെല്ലാം അംഗീകരിച്ചു. പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിച്ചെങ്കിലും മന്ത്രിയുടെ രാജിയില്ലാതെ ചര്‍ച്ച പ്രയാസമായി.
കുറ്റമറ്റതാകട്ടെ പരീക്ഷകള്‍
2024ലെ നീറ്റ് പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് ഇതേ മോദി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ നിയമം പാസാക്കിയ ശേഷവും സംഭവിച്ചതു മറ്റൊരു ചോദ്യപേപ്പര്‍ ചോര്‍ച്ചയാണ്. കോണ്‍ഗ്രസ് ഭരണകാലത്തും ചോദ്യം ചോര്‍ന്നുവെന്നു പറയുന്നതു സ്വന്തം വീഴ്ച മറയ്ക്കാന്‍ മാത്രമേ ഉപകരിക്കൂ. നിയമങ്ങളല്ല, ഫലപ്രദവും സുതാര്യവുമായി പരീക്ഷ നടത്താന്‍ ഓണ്‍ലൈന്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങളാണു വേണ്ടത്.