പ്രതിപക്ഷത്തിന് വഴങ്ങി കേന്ദ്രസര്‍ക്കാര്‍: ഓപ്പറേഷന്‍ സിന്ദൂരില്‍ പാര്‍ലമെന്റ് ചര്‍ച്ച

പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ അനുനയശ്രമവുമായി കേന്ദ്രസര്‍ക്കാര്‍. ഓപ്പറേഷന്‍ സിന്ദൂരില്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ലോക്‌സഭയിലും രാജ്യസഭയിലും 16 മണിക്കൂര്‍ വീതം ചര്‍ച്ച ചെയ്യാമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു. അതിനിടെ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുളള നടപടികളും സര്‍ക്കാര്‍ ആരംഭിച്ചതായാണ് വിവരം.
ഓപ്പറേഷന്‍ സിന്ദൂര്‍, ബിഹാര്‍ വോട്ടര്‍ പട്ടിക, ഉപരാഷ്ട്രപതിയുടെ രാജി എന്നീ വിഷയങ്ങളില്‍ ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിച്ചു. ശക്തമായ പ്രതിപക്ഷ പ്രതിഷേധത്താല്‍ സഭാ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓപ്പറേഷന്‍ സിന്ദൂറിലെ ചര്‍ച്ചയിലൂടെ അനുനയ ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. തിങ്കളാഴ്ച ലോക്‌സഭയിലും ചൊവ്വാഴ്ച രാജ്യസഭയിലും 16 മണിക്കൂര്‍ വീതം ചര്‍ച്ചയാകാമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ബിഹാര്‍ വോട്ടര്‍ പട്ടിക ഉള്‍പ്പെടെ കാര്യങ്ങളില്‍ പിന്നീട് ചര്‍ച്ചയാകാമെന്നും എല്ലാം ഒരുമിച്ച് ചര്‍ച്ച ചെയ്യാനാകില്ലെന്നുമായിരുന്നു റിജിജുവിന്റെ മറുപടി.
അതിനിടെ വസതിയില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച്‌മെന്റ് ചെയ്യാനുളള നീക്കവും കേന്ദ്രസര്‍ക്കാര്‍ സജീവമാക്കി. യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ പ്രതിപക്ഷം രാജ്യസഭയില്‍ കൊണ്ടുവന്ന നിര്‍ദേശം അംഗീകരിക്കാതെ, ലോക്‌സഭാ സ്പീക്കര്‍ നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് സൂചന. ഇംപീച്ച് ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചതിനെ തുടര്‍ന്നാണ് മുന്‍ ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറിന് രാജിവയ്‌ക്കേണ്ടി വന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഭരണപക്ഷം കൊണ്ടുവരുന്ന പ്രമേയത്തിലൂടെ ഇംപീച്ച്‌മെന്റ് നടപടി പൂര്‍ത്തിയാക്കി കേന്ദ്രനേട്ടമാക്കി മാറ്റാനാണ് ബിജെപിയുടെ നീക്കം.