പൗരോഹിത്യ, സന്യാസ പരിശീലനത്തില്‍ നവീകരണത്തിനൊരുങ്ങി സിസിബിഐ
ഗോവ: പൗരോഹിത്യ, സന്യാസ പരിശീലനം നവീകരിക്കാന്‍ ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിസിബിഐ) വൊക്കേഷന്‍ കമ്മീഷന്‍. ഇതുസംബന്ധിച്ച് ഗോവയിലെ ബെനൗ ളിമിലെ ശാന്തി സദനില്‍ നടന്ന പരിശീലന പ്രോഗ്രാമില്‍ ഇന്ത്യയിലെ 25 രൂപതകളില്‍നിന്നുള്ള സന്യസ്ത സഭകളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
പാരമ്പര്യ രീതിയിലുള്ള പരിശീലനത്തെക്കാള്‍ കൂടുതല്‍ സമഗ്രമായ സമീപനത്തിലേക്ക് നീങ്ങാ നുളള നിര്‍ദേശങ്ങളാണ് ചര്‍ച്ചയില്‍ രൂപപ്പെട്ടത്. സഭ പുതിയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തില്‍ അടിയുറച്ച വിശ്വാസ ബലമുളള ശുശ്രൂഷകരെയാണ് നേതൃത്വം രൂപപ്പെടുത്തേണ്ടതെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.
ഫാ. ജോയ് ജെയിംസ് എസ്.ജെ, റിച്ചാര്‍ഡ് ഡിസൂസ, ചാള്‍സ് ലിയോണ്‍ എന്നിവരുള്‍പ്പെടെയുളള റിസോഴ്‌സ് ടീമാണ് നേതൃത്വം നല്‍കിയത്. ഗോവ-ദാമന്‍ സഹായ മെത്രാന്‍ ഡോ. സിമാവോ പ്യൂരിഫിക്കാവോ ഫെര്‍ണാണ്ടസ്, ഇന്ത്യന്‍ മിഷനറി ഡോട്ടേഴ്‌സ് സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ മാര്‍ഗരറ്റ് ജൂലി തുമ്പ എന്നിവര്‍ വിവിധ സെഷനുകള്‍ നയിച്ചു. ഫാ. ഡൊമിംഗോ ഗോണ്‍സാല്‍വസ് പരിപാടി ഏകോപിപ്പിച്ചു.