ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണങ്ങളിൽ കടുത്ത ആശങ്കയെന്ന് സിബിസിഐ; എഫ്‌സിആര്‍എ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യം
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 80-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആശംസകൾ നേർന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). എന്നാൽ രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനെതിരായി വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ സിബിസിഐ പ്രസിഡന്റ് ആന്റണി കര്‍ദിനാള്‍ പൂല തന്റെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.
ക്രൈസ്തവരുടെ ജീവനും സ്വത്തിനും കൃത്യമായ സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തരമായി തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ യഥാർത്ഥ കരുത്ത് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലാണെന്നും, ദരിദ്രർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും കൃത്യമായ നീതി ഉറപ്പാക്കണമെന്നും സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ഇതിനുപുറമെ, വിവാദമായ എഫ്‌സിആര്‍എ (FCRA) ഭേദഗതി ബില്‍ പിന്‍വലിക്കാനും സർക്കാർ തയ്യാറാകണമെന്ന് സിബിസിഐ ശക്തമായി ആവശ്യപ്പെട്ടു.