ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതബോധനശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ ജൂബിലിക്കൊരുങ്ങി കത്തോലിക്കാസഭ

വത്തിക്കാന്‍:ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മതബോധനശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരികുന്നവരുടെ ജൂബിലിക്കൊരുങ്ങി കത്തോലിക്കാസഭ.
ഈ ജൂബിലി ആഘോഷിക്കപ്പെടുന്ന സെപ്റ്റംബര്‍ 26 മുതല്‍ 28 വരെ തീയതികളില്‍ വത്തിക്കാനിലും റോമിന്റെ വിവിധ ഭാഗങ്ങളിലുമായി നടക്കുന്ന പരിപാടികളില്‍ ഇന്ത്യയില്‍നിന്നുള്‍പ്പെടെ 115 രാജ്യങ്ങളില്‍നിന്നുള്ള ഇരുപതിനായിരത്തിലധികം തീര്‍ത്ഥാടകര്‍ സംബന്ധിക്കുമെന്നാണ് കാണാക്കപ്പെടുന്നതെന്ന്, ജൂബിലിച്ചടങ്ങുകള്‍ ഒരുക്കുന്ന സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ ഡികാസ്റ്ററിയിലെ, ലോകത്തിലെ സുവിശേഷവത്കരണത്തെക്കുറിച്ചുള്ള അടിസ്ഥാന കാര്യങ്ങള്‍ക്കായുള്ള വിഭാഗം സെപ്റ്റംബര്‍ 24 ബുധനാഴ്ച്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു.
മതബോധനവുമായി കാര്യങ്ങളില്‍ വിവിധ രാജ്യങ്ങളിലെ മെത്രാന്‍സമിതികളുമായും, ദേശീയ, രൂപതാതല ഓഫീസുകളുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന വ്യക്തികള്‍ക്കായുള്ള ഈ ജൂബിലി, വെള്ളിയാഴ്ച രാവിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ 'വിശുദ്ധവാതില്‍' കടന്നുകൊണ്ടാകും ആരംഭിക്കുക.
രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചുമണി വരെ ഇതിനായി പ്രത്യേക സൗകര്യങ്ങല്‍ ഒരുക്കിയിട്ടുണ്ട്.
തുടര്‍ന്ന് വൈകുന്നേരം ആറരയ്ക്ക് ബസലിക്കയില്‍ നടക്കുന്ന സായാഹ്നപ്രാര്ഥനയ്ക്ക് ഡികാസ്റ്ററി പ്രൊ-പ്രീഫെക്ട് ആര്‍ച്ച്ബിഷപ് റീനോ ഫിസിക്കെല്ല നേതൃത്വം നല്‍കും.
സെപ്റ്റംബര്‍ 27 ശനിയാഴ്ച രാവിലെ പത്ത് മണിക്ക് നടക്കുന്ന പ്രത്യേക ജൂബിലി പൊതുകൂടിക്കാഴ്ചയില്‍ ലിയോ പതിനാലാമന്‍ പാപ്പാ മതബോധനശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരികുന്നവരുടെ ജൂബിലിയില്‍ സംബന്ധിക്കുന്നവരെ അഭിസംബോധന ചെയ്യും.
ഇതേ ദിവസം വൈകുന്നേരം നാലുമണിക്ക് റോമിലെ വിവിധ ദേവാലയങ്ങളില്‍ മെത്രാന്മാരുടെ സാന്നിധ്യത്തില്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, പോര്‍ച്ചുഗീസ്, സ്പാനിഷ്, ഫ്രഞ്ച്, പോളിഷ് ഭാഷകളില്‍ മതാദ്ധ്യാപകര്‍ക്കായി പ്രത്യേക സമ്മേളനങ്ങള്‍ നടക്കും.
സെപ്റ്റംബര്‍ 28 ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ലിയോ പതിനാലാമന്‍ പാപ്പായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ മുന്നിലെ ചത്വരത്തില്‍ നടക്കുന്ന വിശുദ്ധ ബലിയോടെയാകും ജൂബിലിച്ചടങ്ങുകള്‍ അവസാനിക്കുക.
ചടങ്ങുകള്‍ക്കിടയില്‍ ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള 39 പേരെ മതാധ്യാപകരായി പാപ്പാ നിയമിക്കും.