മിഷനറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലികള്‍ക്കൊരുങ്ങി കത്തോലിക്കാസഭ

​​​​​​​

 
vatican


വത്തിക്കാന്‍:ഒക്ടോബര്‍ 4, 5 തീയതികളിലായി മിഷനറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ജൂബിലികള്‍ക്കൊരുങ്ങി കത്തോലിക്കാസഭ. 


സമഗ്ര മാനവികവികസനത്തിനായുള്ള ഡികാസ്റ്ററിയുടെയും സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയിലെ, പ്രഥമ സുവിശേഷവത്കരണണത്തിനും പുതിയ പ്രാദേശിക സഭകള്‍ക്കും വേണ്ടിയുള്ള വിഭാഗത്തിന്റെയും സഹകരണത്തോടെയാണ് ജൂബിലി ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.

 രണ്ട് വ്യത്യസ്ത സമൂഹങ്ങളെയാണ് പ്രതീക്ഷിക്കുന്നതെങ്കിലും, വത്തിക്കാനില്‍ പാപ്പാ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ച, ഞായറാഴ്ച അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലി തുടങ്ങി വിവിധ ജൂബിലി ആഘോഷങ്ങള്‍ ഒരുമിച്ചായിരിക്കും നടക്കുകയെന്ന് സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററി ഒക്ടോബര്‍ ഒന്നാം തീയതി പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു.

മിഷനറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെ ജൂബിലി

സന്ന്യസ്തരും അല്മായരുമുള്‍പ്പെടുന്ന മിഷനറിമാര്‍ക്കും, അജപാലനമേഖലയില്‍ സേവനമനുഷ്ഠിക്കുന്ന ആളുകള്‍ക്കും, മിഷനറിമേഖലയുമായി ബന്ധപ്പെട്ട സംഘടനകള്‍ക്കുമായാണ് 'മിഷനറി ലോകത്തിന്റെ ജൂബിലി' സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്.

ഒക്ടോബര്‍ 4 ശനി

ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പാ അനുവദിക്കുന്ന പൊതുകൂടിക്കാഴ്ചാസമ്മേളനത്തോടെയാകും ജൂബിലിയാഘോഷം ആരംഭിക്കുക.

 നൂറോളം രാജ്യങ്ങളില്‍നിന്നുള്ള തീര്‍ത്ഥാടകര്‍ ഈ ചടങ്ങുകളില്‍ സംബന്ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. ജൂബിലിക്കായി റോമിലെത്തിയിരിക്കുന്ന എല്ലാ തീര്‍ത്ഥാടകര്‍ക്കും ഈ പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കാനാകും.

ഉച്ച കഴിഞ്ഞ് രണ്ടു മുതല്‍ അഞ്ച് വരെ മിഷനറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെ ജൂബിലിയില്‍ പങ്കെടുക്കുന്ന തീര്‍ത്ഥാടകര്‍ക്ക് വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ വിശുദ്ധ വാതില്‍ കടക്കാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്. 


വൈകുന്നേരം അഞ്ച് മുതല്‍ ആറേമുക്കാല്‍ വരെ പൊന്തിഫിക്കല്‍ ഉര്‍ബാനിയന്‍ യൂണിവേഴ്‌സിറ്റിയില്‍ 'ജനതകള്‍ക്കിടയിലേക്കുള്ള ഇന്നത്തെ മിഷന്‍: പുതിയ ചക്രവാളങ്ങളിലേക്ക്' എന്ന പേരില്‍  ഒരുക്കിയിരിക്കുന്ന അന്താരാഷ്ട്ര മിഷനറി സമ്മേളനത്തില്‍ തീര്‍ത്ഥാടകര്‍ക്ക് പങ്കെടുക്കാനാകും. സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയിലെ, പ്രഥമ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകള്‍ക്കും വേണ്ടിയുള്ള വിഭാഗമാണ് പരിപാടികള്‍ ഒരുക്കിയിരിക്കുന്നത്.

ഏഴര മുതല്‍ എട്ടര വരെയുള്ള സമയത്ത്, വത്തിക്കാന്‍ പരിസരത്തുള്ള ദേവാലയങ്ങളിലായി, വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ തീര്‍ത്ഥാടകര്‍ക്ക് വിവിധ ഭാഷകളില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിയര്‍പ്പണത്തില്‍ പങ്കെടുക്കാനുള്ള അവസരവുമൊരുക്കിയിട്ടുണ്ട്. 


വൈകിട്ട് ഒന്‍പത് മണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ 'അന്താരാഷ്ട്ര മിഷനറി ജപമാല' പ്രാര്‍ത്ഥന നടക്കും. ഇതിലും എല്ലാ തീര്‍ത്ഥാടകര്‍ക്കും പങ്കെടുക്കാം.

ഒക്ടോബര്‍ 5 ഞായര്‍

ഞായറാഴ്ച രാവിലെ പത്തരയ്ക്ക് ലിയോ പതിനാലാമന്‍ പാപ്പാ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ അര്‍പ്പിക്കുന്ന വിശുദ്ധ ബലിയുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകുന്നേരം ഏഴുവരെ 'കസ്‌തേല്‍ സാന്ത് ആഞ്ചെലോ'  യുടെ സമീപം 'ജനതകളുടെ ആഘോഷം' എന്ന പേരില്‍ വിവിധ കലാപരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 


ചടങ്ങുകളില്‍, സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയിലെ, പ്രഥമ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകള്‍ക്കും വേണ്ടിയുള്ള വിഭാഗത്തിന്റെ പ്രോ-പ്രീഫെക്ട് കര്‍ദ്ദിനാള്‍ ലൂയിസ് അന്തോണിയോ താഗ്ലെയുടെയും, ഡിക്കസ്റ്ററിയില്‍നിന്നുള്ള മറ്റ് അംഗങ്ങളുടെയും സാന്നിദ്ധ്യമുണ്ടായിരിക്കും.

കുടിയേറ്റക്കാരുടെ ജൂബിലി

ഇന്ത്യയില്‍നിന്നുള്‍പ്പെടെയുള്ള കുടിയേറ്റക്കാരായ ആളുകള്‍ക്കുവേണ്ടിയുള്ള ജൂബിലിയും ഒക്ടോബര്‍ നാല് അഞ്ച് തീയതികളിലായാണ് നടക്കുക. 

തൊണ്ണൂറ്റിയഞ്ചോളം രാജ്യങ്ങളില്‍നിന്നുള്ള പതിനായിരം തീര്‍ത്ഥാടകര്‍ ഈ ചടങ്ങുകളില്‍ സംബന്ധിക്കുമെന്നാണ് സംഘാടകര്‍ കണക്കുകൂട്ടുന്നത്.

കുടിയേറ്റക്കാരുടെ ജൂബിലിയില്‍ സംബന്ധിക്കുന്നവര്‍ക്കും മിഷനറി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെ ജൂബിലിയില്‍ സംബന്ധിക്കുന്നവര്‍ക്കും വേണ്ടിയുള്ള ഭൂരിഭാഗം ചടങ്ങുകളും ഒരുമിച്ചാണ് ഒരുക്കിയിരിക്കുന്നത്. 

അതുകൊണ്ടുതന്നെ കുടിയേറ്റക്കാരുടെ ജൂബിലിയില്‍ സംബന്ധിക്കുന്നവര്‍ക്കും ഒക്ടോബര്‍ നാല് ശനിയാഴ്ച രാവിലെ പത്തുമണിക്ക് വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ നടക്കുന്ന പൊതുകൂടിക്കാഴ്ചാസമ്മേളനത്തില്‍ സംബന്ധിക്കാനും, ഉച്ച കഴിഞ്ഞ് രണ്ടുമുതല്‍ അഞ്ചുവരെ വിശുദ്ധ വാതില്‍ കടക്കാനും സാധിക്കും.

ഒക്ടോബര്‍ അഞ്ച് ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ലിയോ പതിനാലാമന്‍ പാപ്പായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന വിശുദ്ധ ബലിയര്‍പ്പണത്തിലും കുടിയേറ്റക്കാരുടെ ജൂബിലിയില്‍ സംബന്ധിക്കുന്ന തീര്‍ത്ഥാടകര്‍ക്ക് പങ്കെടുക്കാനാകും.

കര്‍ദ്ദിനാള്‍ ഫാബിയോ ബാജിയോ , സമഗ്രമാനവികവികസനത്തിനുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ അണ്ടര്‍ സെക്രെട്ടറി, സുവിശേഷവത്കരണത്തിനായുള്ള ഡികാസ്റ്ററിയിലെ, പ്രഥമ സുവിശേഷവത്കരണത്തിനും പുതിയ പ്രാദേശിക സഭകള്‍ക്കും വേണ്ടിയുള്ള വിഭാഗത്തിലെ വിവിധ അംഗങ്ങള്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍, ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ വൈകുന്നേരം ഏഴുവരെ 'കസ്‌തേല്‍ സാന്ത് ആഞ്ചെലോ' യുടെ സമീപം 'ജനതകളുടെ ആഘോഷം' എന്ന പേരില്‍ നടത്തപ്പെടുന്ന വിവിധ കലാപരിപാടികളിലും കുടിയേറ്റക്കാരുടെ ജൂബിലിക്കായി എത്തിയവര്‍ക്ക് പങ്കെടുക്കാനാകും.

ചടങ്ങുകളുടെ ഭാഗമായി കേരളത്തില്‍നിന്നുള്ള ലത്തീന്‍ സഭാംഗങ്ങള്‍, ഫിലിപ്പീനി സമൂഹം തുടങ്ങി വിവിധ കൂട്ടായ്മകളിലും സമൂഹങ്ങളിലും നിന്നുള്ള വ്യക്തികളുടെ സാക്ഷ്യങ്ങളും കലാപരിപാടികളുമുണ്ടാകും. ഇറ്റലി, അഫ്ഗാനിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വ്യക്തികളാകും പരിപാടികളുടെ അവതരണചുമതല നിര്‍വ്വഹിക്കുക.

Tags

Share this story

From Around the Web