മെക്‌സിക്കോയില്‍ അക്രമത്തിന് ഇരകളായവരുടെ ചിത്രങ്ങളും പേരുകളും ലെയോ പാപ്പയ്ക്ക് കൈമാറാന്‍ കത്തോലിക്കാ സഭ

 
leo papa



ഓഗസ്റ്റ് 30ന് ആചരിക്കുന്ന നിര്‍ബന്ധിത തിരോധാനത്തിന് ഇരകളായവരുടെ അന്താരാഷ്ട്ര ദിനത്തിന്റെ പശ്ചാത്തലത്തില്‍, മെക്‌സിക്കോയിലെ കത്തോലിക്കാ സഭ രാജ്യത്ത് അക്രമത്തിന് ഇരകളായവരുടെ പേരുകളും ചിത്രങ്ങളും ഉള്‍പ്പെടുത്തി ഒരു രേഖ തയ്യാറാക്കുന്നു. ഇത് ലെയോ പതിനാലാമന്‍ മാര്‍പാപ്പയ്ക്ക് കൈമാറും.

മെക്‌സിക്കോ നേരിടുന്ന അക്രമങ്ങള്‍ക്ക് മറുപടിയായി വിവിധ പ്രവര്‍ത്തനങ്ങളെയും സംഘടനകളെയും ഒരുമിപ്പിക്കുന്ന കത്തോലിക്കാ സഭയുടെ സംരംഭമായ 'നാഷണല്‍ ഡയലോഗ് ഫോര്‍ പീസ്' ആണ്, 'ഒരു പേര്, ആയിരം ശബ്ദങ്ങള്‍' (One Name, a Thousand Voices) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി ആരംഭിച്ചത്.


മെക്‌സിക്കോയില്‍ കാണാതായ ആളുകളുടെ ഫോട്ടോകളും വിവരങ്ങളും ഒപ്പം സമീപകാലത്ത് കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെയും പുരോഹിതരുടെയും പട്ടികയും ഈ രേഖയില്‍ ഉള്‍പ്പെടുത്തും. ഈ വിവരങ്ങള്‍ ഐക്യരാഷ്ട്രസഭയ്ക്കും (UN) സമര്‍പ്പിക്കും. കുടുംബാംഗങ്ങളോടും അന്വേഷണ ഗ്രൂപ്പുകളോടും പൊതുസമൂഹത്തോടും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാതായ സ്ഥലം, തീയതി, ഫോട്ടോ, പേര് എന്നിവ അയച്ചുനല്‍കാന്‍ നാഷണല്‍ ഡയലോഗ് ഫോര്‍ പീസ് അഭ്യര്‍ഥിച്ചു.

2026 ഓഗസ്റ്റ് 30 വരെ വിവരങ്ങള്‍ സംഘടനയുടെ ഫേസ്ബുക്ക്, എക്‌സ് (X), ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ വഴിയോ, comunidad@dialogonacionalporlapaz.org.mx എന്ന ഇമെയില്‍ വിലാസത്തിലോ അയക്കാവുന്നതാണ്. മെക്‌സിക്കോയില്‍ അക്രമത്തിന് ഇരകളായവരുടെ പേരുകളും ഫോട്ടോകളും അടങ്ങിയ പട്ടിക പരിശുദ്ധ പിതാവ് എന്നാണ് ഏറ്റുവാങ്ങുക എന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഓഗസ്റ്റ് നാല് മുതല്‍ ആറ് വരെ മെക്‌സിക്കോ സന്ദര്‍ശിച്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്റെ സന്ദര്‍ശനത്തിന് ശേഷമാണ് ഈ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഓഗസ്റ്റ് അഞ്ചിന് കര്‍ദിനാള്‍ പരോളിന്‍, നാഷണല്‍ ഡയലോഗ് ഫോര്‍ പീസ് പ്രതിനിധികളുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച നടത്തിയിരുന്നു. അക്രമസംഭവങ്ങളെക്കുറിച്ച് പഠിക്കുന്ന ഗവേഷകയും യോഗത്തില്‍ പങ്കെടുത്തവരിലൊരാളുമായ എലീന അസോള ഗാരിഡോയുടെ അഭിപ്രായത്തില്‍, സംഘടിത കുറ്റകൃത്യങ്ങള്‍ മൂലം കാണാതായ ആളുകളുടെ കുടുംബങ്ങളുടെ അവസ്ഥയെക്കുറിച്ച് അറിയുക എന്നതായിരുന്നു കൂടിക്കാഴ്ചയില്‍ കര്‍ദിനാളിന്റെ പ്രധാന താല്‍പ്പര്യങ്ങളിലൊന്ന്.

Tags

Share this story

From Around the Web