നേപ്പാളിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പി കത്തോലിക്ക സന്നദ്ധ സംഘടന.നാലായിരം കുടുംബങ്ങളിലേക്ക് സഹായം എത്തിക്കാനാണ് സംഘടനയുടെ ലക്ഷ്യം
കാഠ്മണ്ഡു: നേപ്പാളിലെ രസുവ ജില്ലയിലുണ്ടായ അതിശക്തമായ മിന്നല്‍ പ്രളയത്തെത്തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്കായി വിവിധ തരത്തിലുള്ള സഹായങ്ങളുമായി കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസ്.
നിലവില്‍ ആയിരത്തോളം കുടുംബങ്ങള്‍ക്ക് അടിയന്തര ഭക്ഷണവും താമസസൗകര്യവും മറ്റ് അവശ്യവസ്തുക്കളും ലഭ്യമാക്കിയിട്ടുണ്ട്. നാലായിരം കുടുംബങ്ങളിലേക്ക് സഹായം എത്തിക്കാനാണ് സംഘടന ലക്ഷ്യമിടുന്നത്.
പ്രളയത്തെത്തുടര്‍ന്ന് തകര്‍ന്ന റോഡുകളും പ്രതികൂല കാലാവസ്ഥയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെങ്കിലും സാധിക്കുന്ന വിധത്തിലെല്ലാം സംഘടന സഹായം ലഭ്യമാക്കുന്നുണ്ട്. ദുരിതബാധിതര്‍ക്ക് തയ്യാറാക്കിയ ഭക്ഷണങ്ങള്‍, ശുചിത്വ കിറ്റുകള്‍, സോളാര്‍ ലൈറ്റുകള്‍ എന്നിവ നല്‍കുന്നതിനൊപ്പം ദീര്‍ഘകാല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കും കാരിത്താസ് നേപ്പാള്‍ തുടക്കം കുറിച്ചിട്ടുണ്ട്.
വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വാടക നല്‍കുക, തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യുക, കുട്ടികള്‍ക്കായി താല്‍ക്കാലിക പഠന കേന്ദ്രങ്ങള്‍ ഒരുക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും സംഘടന ഏകോപിപ്പിക്കുന്നുണ്ട്. പ്രകൃതിദുരന്തം കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന അനീതിയുടെ നേര്‍ച്ചിത്രമാണെന്ന് കാരിത്താസ് നേപ്പാള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിസ്റ്റര്‍ സിസിലിയ പറഞ്ഞു. നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ ഇതുവരെ 1,259 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. 5,000ത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്. ടിബറ്റില്‍ 21 പേര്‍ക്കാണ് ജീവന്‍ നഷ്ട്ടമായത്. 541 പേരെ കാണാതായി.