ഒഡീഷയില്‍ കത്തോലിക്ക വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മതബോധന വിഭാഗത്തിലെ അംഗത്തിനും നേരെ ആക്രമണവും ഭീഷണിയുമായി ബജ്റംഗ്ദള്‍

ഒഡീഷയില്‍ കത്തോലിക്ക വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മതബോധന വിഭാഗത്തിലെ അംഗത്തിനും നേരെ ആക്രമണവും ഭീഷണിയുമായി ബജ്റംഗ്ദള്‍
ഭൂവനേശ്വര്‍: ഒഡീഷയിലെ ജലേശ്വറില്‍ കത്തോലിക്ക വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും മതബോധന വിഭാഗത്തിലെ അംഗത്തിനും നേരെ ആക്രമണവും ഭീഷണിയുമായി തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗ്ദള്‍. ജലേശ്വര്‍ ഇടവകയ്ക്ക് കീഴിലുള്ള ഗംഗാധര്‍ ഗ്രാമത്തിന് സമീപം രണ്ട് കത്തോലിക്ക വൈദികരെയും രണ്ട് കന്യാസ്ത്രീകളെയും അല്‍മായനെയും മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ ആരോപണം ഉന്നയിച്ച് ആക്രമിക്കുകയായിരിന്നു.
ഇന്നലെ ഓഗസ്റ്റ് 6ന് ആണ് സംഭവം. ജലേശ്വര്‍ രൂപതയിലെ ജോഡ ഇടവകയിലെ മലയാളി വൈദികരായ ഫാ. ലിജോ നിരപ്പേലും ഫാ. വി. ജോജോയും ഉള്‍പ്പെടെയുള്ള സംഘം രണ്ട് പ്രാദേശിക ക്രൈസ്തവരുടെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഗംഗാധര്‍ മിഷന്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോഴാണ് അതിക്രമം നടന്നത്.
വൈകുന്നേരം 9 മണിയോടെ ഗ്രാമം വിട്ടുപോകുമ്പോള്‍, ഗ്രാമത്തില്‍ നിന്ന് അര കിലോമീറ്റര്‍ അകലെ, ഇടുങ്ങിയ വനപ്രദേശത്ത്, ഏകദേശം എഴുപതോളം ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഒരു സംഘം കാത്തിരിക്കുകയായിരിന്നുവെന്ന് ഫാ. ലിജോ പറഞ്ഞു.
ആദ്യം മോട്ടോര്‍ സൈക്കിളിലുണ്ടായിരുന്ന ഞങ്ങളുടെ മതബോധന അദ്ധ്യാപകനെ അവര്‍ ലക്ഷ്യം വച്ചു. അദ്ദേഹത്തെ അവര്‍ നിഷ്‌കരുണം മര്‍ദ്ദിച്ചു. ബൈക്ക് നശിപ്പിച്ചു. ഇന്ധനം ഊറ്റിയെടുത്തുവെന്നും വൈദികന്‍ വെളിപ്പെടുത്തി.
തുടര്‍ന്ന് അക്രമികള്‍ വൈദികരുടെ വാഹനത്തിന് നേരെ തിരിഞ്ഞു. ബലപ്രയോഗത്തിലൂടെ തടഞ്ഞുനിര്‍ത്തി വര്‍ഗീയമായി അധിക്ഷേപിയ്ക്കുകയായിരിന്നു.
''തള്ളിയും വലിച്ചും, കഠിനമായി മര്‍ദിച്ചും അവര്‍ ഞങ്ങളെ ശാരീരികമായി ആക്രമിച്ചു, ഞങ്ങളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവാങ്ങി. ബിജെഡിയുടെ കാലം കഴിഞ്ഞു,
ഇപ്പോള്‍ ബിജെപിയുടെ ഭരണമാണ് - നിങ്ങള്‍ക്ക് ഇനി ക്രിസ്ത്യാനികളെ ഉണ്ടാക്കാന്‍ കഴിയില്ലായെന്ന്' ആക്രോശിച്ചുക്കൊണ്ടായിരിന്നു ആക്രമണം നടന്നതെന്നും ഫാ. ലിജോ പറയുന്നു.
നിലവില്‍ ഇതുവരെ അക്രമവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് വൈദികര്‍ പറയുന്നത്.