ഡി ആർ കോംഗോയിൽ ഇടവകകളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങളിൽ ആശങ്ക രേഖപ്പെടുത്തി കത്തോലിക്കാ വൈദികർ

 
3233

സഭയുടെ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് വർധിച്ചുവരുന്ന സുരക്ഷാഭീഷണികൾക്കെതിരെ ശക്തമായ ആശങ്ക രേഖപ്പെടുത്തി ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ (DRC) കിൻഷാസ കത്തോലിക്കാ അതിരൂപതയിലെ വൈദികർ. ഇടവകകൾക്ക് ചുറ്റുമുള്ള കുറ്റകൃത്യങ്ങൾ കൂടുതൽ ആസൂത്രിതവും അക്രമാസക്തവുമായി മാറിക്കൊണ്ടിരിക്കുകയാണെന്നും അവർ മുന്നറിയിപ്പ് നൽകി.

2026-ൽ നടന്ന പ്രെസ്ബിറ്ററൽ കൗൺസിൽ യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ്, കോംഗോയുടെ തലസ്ഥാനത്തുടനീളമുള്ള വൈദികർ, സന്ന്യാസിനികൾ, വൈദികാർഥികൾ, സഭയുടെ സ്വത്തുക്കൾ എന്നിവയ്ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളിൽ തങ്ങൾക്കുള്ള ശക്തമായ ഉത്കണ്ഠ വൈദികർ അറിയിച്ചത്. “മുൻപ് ഒറ്റപ്പെട്ട സംഭവങ്ങളായിരുന്ന അക്രമങ്ങൾ ഇപ്പോൾ നമ്മുടെ ഇടവകകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും എതിരെ ആസൂത്രിതമായ കുറ്റകൃത്യങ്ങളുടെ രൂപം കൈവരിച്ചിരിക്കുന്നു” – ജൂൺ 15 തിങ്കളാഴ്ച എസിഐ ആഫ്രിക്കയുമായി (ACI Africa) പങ്കുവച്ച പ്രസ്താവനയിൽ വൈദികർ പറഞ്ഞു. വർധിച്ചുവരുന്ന ഈ അക്രമ പരമ്പരയെ അവർ ശക്തമായി അപലപിച്ചു.

സെന്റ് ഫ്രാൻസിസ് ഡി സെയിൽസ് ഇടവകയിലെ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടതും, എൻഡ്‌ജിലിയിലെ (Ndjili) സെന്റ് ആഗ്നസ് ഇടവകയിലും കിംബാൻസെകെയിലെ (Kimbanseke) സെന്റ് തിയോഫിൽ ഇടവകയിലും സഭാ പ്രവർത്തകർക്ക് നേരെ നടന്ന ആക്രമണങ്ങളും ഉൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ അവർ ചൂണ്ടിക്കാണിച്ചു. സെന്റ് തിയോഫിൽ ഇടവകയിൽ രാത്രിയിലുണ്ടായ അക്രമത്തിൽ ഒരു വികാരിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

വൈദികർ പറയുന്നതനുസരിച്ച്, ദേശീയ സുരക്ഷാ സേനയുടെ വസ്ത്രങ്ങളോട് സാമ്യമുള്ള യൂണിഫോം ധരിച്ച സായുധ സംഘങ്ങളാണ് ചില ആക്രമണങ്ങൾ നടത്തുന്നത്. ഇത് വളരെ ആശങ്കാജനകവും വച്ചുപൊറുപ്പിക്കാനാവാത്തതുമായ സാഹചര്യമാണ്.

Tags

Share this story

From Around the Web