മൊസാംബിക്കില്‍ ആയുധ മുനയില്‍ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള. കമ്പ്യൂട്ടറുകളും സെല്‍ ഫോണുകളും പണവും മോഷ്ടിച്ചു

പെമ്പ: ആഫ്രിക്കന്‍ രാജ്യമായ മൊസാംബിക്കിലെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന പെമ്പ രൂപത പരിധിയില്‍ ആയുധ മുനയില്‍ കത്തോലിക്ക സന്യാസിനികളെ ഭീഷണിപ്പെടുത്തി കൊള്ള. മെഴ്സിഡേറിയന്‍ സിസ്റ്റേഴ്സ് ഓഫ് ദി ബ്ലെസ്ഡ് സാക്രമെന്റ് എന്ന സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മുപ്പതോളം സാധുക്കളായ പെണ്‍കുട്ടികളെ പരിപാലിക്കുന്ന കേന്ദ്രത്തിലാണ് ആക്രമണം നടന്നത്.
പതിനെട്ടോളം അക്രമികള്‍ വാക്കത്തികള്‍, ഇരുമ്പ് ദണ്ഡുകള്‍, തോക്കുകള്‍ എന്നിവയുമായി കോണ്‍വെന്റ് പരിസരത്തു അതിക്രമിച്ച് കടക്കുകയായിരിന്നുവെന്നു ഇരയായ സന്യാസിനിയെ ഉദ്ധരിച്ച് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ് വെളിപ്പെടുത്തി.
ആക്രമണകാരികളില്‍ എട്ട് പേര്‍ കോണ്‍വെന്റിനുള്ളില്‍ പ്രവേശിച്ചു. ബാക്കിയുള്ളവര്‍ പ്രവേശന കവാടങ്ങള്‍ക്ക് കാവല്‍ നിന്നു. ഇതിനകം തന്നെ സുരക്ഷാ ഗാര്‍ഡുകളെ അക്രമികള്‍ കീഴടക്കിയിരിന്നു. കന്യാസ്ത്രീകളെ മിഷന്‍ ചാപ്പലിലേക്ക് കൊണ്ടുപോയി മുട്ടുകുത്താന്‍ നിര്‍ബന്ധിച്ചുവെന്നും പിന്നീട് ഭീഷണി മുഴക്കുകയായിരിന്നുവെന്നും സിസ്റ്റര്‍ ഒഫീലിയ റോബ്ലെഡോ പൊന്തിഫിക്കല്‍ സംഘടനയോട് വെളിപ്പെടുത്തി.
കമ്പ്യൂട്ടറുകളും സെല്‍ ഫോണുകളും തങ്ങളുടെ കൈവശമുണ്ടായിരുന്ന പണവും അവര്‍ എടുത്തുകൊണ്ടുപോയി. ''ഞങ്ങളെ അകത്താക്കി ചാപ്പലിന് തീയിടുമെന്ന് ഞങ്ങള്‍ കരുതി. ഇതിനിടെ അവര്‍ സിസ്റ്റര്‍ എസ്‌പെരാന്‍സയെ പള്ളിയുടെ മധ്യഭാഗത്ത് മുട്ടുകുത്തിച്ചു'.
'എന്നിട്ട് തലയറുക്കാന്‍ വാക്കത്തി ഉയര്‍ത്തി. സിസ്റ്ററിനെ കൊല്ലരുതെന്ന് തങ്ങള്‍ കേണപേക്ഷിച്ചു, കരുണയ്ക്കായി ഞാന്‍ യാചിച്ചു. അതൊരു ഭയാനകമായ സമയമായിരുന്നു. ഒടുവില്‍ അവര്‍ അവളെ വിട്ടയച്ചു. അവര്‍ തങ്ങളുടെ മുറികളില്‍ കയറി പണം ആവശ്യപ്പെടുകയും കണ്ടെത്തിയതെല്ലാം എടുക്കുകയും ചെയ്തുവെന്നും സിസ്റ്റര്‍ പറയുന്നു.