സ്ത്രീ സുരക്ഷയും മനുഷ്യക്കടത്ത് പ്രതിരോധവും: ബ്രിട്ടീഷ് രാജ്ഞി കാമിലയുമായി കത്തോലിക്കാ സന്യാസിനികൾ കൂടിക്കാഴ്ച നടത്തി

 
23333

ബ്രിട്ടനിലെ കാമില രാജ്ഞിയും അന്താരാഷ്ട്ര കത്തോലിക്കാ സന്യാസിനി സംഘടനയായ യു.ഐ.എസ്.ജി. (UISG – International Union of Superiors General) പ്രതിനിധികളും തമ്മിൽ കൂടിക്കാഴ്ച നടന്നു. ലണ്ടനിലെ ക്ലാരൻസ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ആഗോളതലത്തിൽ സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന വെല്ലുവിളികൾ, മനുഷ്യക്കടത്ത് പ്രതിരോധം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ റോമിൽ നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയുടെ തുടർച്ചയായാണ് ഈ സന്ദർശനം. ലോകമെമ്പാടുമുള്ള യുദ്ധബാധിത പ്രദേശങ്ങളിലും ദുർബലമായ സാഹചര്യങ്ങളിലും കത്തോലിക്കാ സന്യാസിനിമാർ നടത്തുന്ന സമാനതകളില്ലാത്ത സേവനങ്ങളെയും അവരുടെ പങ്കിനെയും രാജ്ഞി അഭിനന്ദിച്ചു.

മനുഷ്യക്കടത്തിനെതിരെ ആഗോളതലത്തിൽ പ്രവർത്തിക്കുന്ന കത്തോലിക്കാ സന്യാസിനിമാരുടെ കൂട്ടായ്മയായ ‘തലിതാ കും’ (Talitha Kum)-ന്റെ പ്രവർത്തനങ്ങൾ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയമായി. 110-ലധികം രാജ്യങ്ങളിൽ സജീവമായ ഈ ശൃംഖല, മനുഷ്യക്കടത്തിന് ഇരയായവരെ പുനരധിവസിപ്പിക്കുന്നതിലും അവർക്ക് തുണയാകുന്നതിലും വഹിക്കുന്ന പങ്കിനെക്കുറിച്ച് തലിത കും അന്താരാഷ്ട്ര കോർഡിനേറ്റർ സിസ്റ്റർ അബി അവെലിനോ രാജ്ഞിയോട് വിശദീകരിച്ചു.

ദുർബലരായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി രാജ്ഞി കാമില ദീർഘകാലമായി നടത്തുന്ന പ്രവർത്തനങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതാണ് കത്തോലിക്കാ സന്യാസിനികളുടെ ഈ ആഗോള ദൗത്യം എന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതിനിധികൾ വ്യക്തമാക്കി.

Tags

Share this story

From Around the Web