സര്‍ക്കാര്‍ സഹായം വെട്ടിക്കുറച്ചപ്പോഴും ആഫ്രിക്കയ്ക്കു കൂടുതല്‍ സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനകള്‍

റോം: ആഫ്രിക്കയ്ക്കു വിവിധ സര്‍ക്കാരുകളില്‍ നിന്നും ദാതാക്കളില്‍ നിന്നുമുള്ള ധനസഹായം വെട്ടികുറച്ചപ്പോഴും ഭൂഖണ്ഡത്തെ ചേര്‍ത്തുപിടിച്ച് കത്തോലിക്ക സന്നദ്ധ സംഘടനകള്‍.
സാമൂഹിക നീതിയിലും സമാധാനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് റോമില്‍ അടുത്തിടെ നടന്ന പരിപാടിയില്‍ ആഫ്രിക്കയോടുള്ള തങ്ങളുടെ കരുതല്‍ വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ പ്രകടമാക്കി.
അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് റിലീഫ് സര്‍വീസ് (ഇഞട) സംഘടനയും ജര്‍മ്മന്‍ കത്തോലിക്ക സഭയുടെ വികസന ഏജന്‍സിയായ മിസെറിയറും ലോകത്തെ ഏറ്റവും നിര്‍ധനരുള്ള ഭൂഖണ്ഡമായ ആഫ്രിക്കയോടുള്ള കരുതല്‍ പ്രകടിപ്പിച്ചു.
സാമ്പത്തിക വെല്ലുവിളികള്‍ക്കിടയിലും ആഫ്രിക്കയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്‍ഗണനയായി തുടരുന്നുവെന്ന് ഇരു ഗ്രൂപ്പുകളും വ്യക്തമാക്കി. 2023 മുതല്‍ സഭ നടത്തുന്ന പദ്ധതികള്‍ക്ക് ജര്‍മ്മനിയില്‍ നിന്നുള്ള സര്‍ക്കാര്‍ പിന്തുണ കുറഞ്ഞുവെന്ന് മിസെറിയറിന്റെ ഡയറക്ടര്‍ ഫാ. ആന്‍ഡ്രിയാസ് ഫ്രിക് വെളിപ്പെടുത്തി.
സമീപ വര്‍ഷങ്ങളില്‍ ജര്‍മ്മനിയിലെ ഇടവകകളില്‍ നിന്നുള്ള സംഭാവനകള്‍ കുറഞ്ഞുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിരുന്നാലും, ആഫ്രിക്കയിലെ ദേവാലയങ്ങളുമായും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളുമായും ചേര്‍ന്ന് കൂടുതല്‍ സഹായമെത്തിക്കാന്‍ സംഘടന ദൃഢപ്രതിജ്ഞയെടുത്തിട്ടുണ്ട്. അമേരിക്കയും സമീപകാലത്ത് സഹായം വെട്ടിക്കുറച്ചിരിന്നു.
കാത്തലിക് റിലീഫ് സര്‍വീസ് സംഘടനയുടെ പ്രസിഡന്റ് ഷോണ്‍ കല്ലഹാനും ഫണ്ടിംഗ് പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് സമ്മതിച്ചു. പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ആഫ്രിക്കയിലെ സമൂഹങ്ങളെ സഹായിക്കുന്നത് സിആര്‍എസ് നിര്‍ത്തില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കി.
സംഘടനയുടെ പ്രവര്‍ത്തനം കത്തോലിക്ക സാമൂഹിക പ്രബോധനത്തിന്റെ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും സഹായം ഏറ്റവും ആവശ്യമുള്ളവര്‍ക്ക് എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാന്‍, ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും എപ്പിസ്‌കോപ്പല്‍ കോണ്‍ഫറന്‍സുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കാത്തലിക് റിലീഫ് സര്‍വീസ് സംഘടന വ്യക്തമാക്കി.