പാക്കിസ്ഥാനിൽ വ്യാജ മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട കത്തോലിക്കാ വിശ്വാസി ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു

 
23333

പാക്കിസ്ഥാനിൽ വ്യാജമായി മതനിന്ദാക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിഞ്ഞിരുന്ന അമീർ പീറ്റർ (61) എന്ന കത്തോലിക്കാ വിശ്വാസി ജുഡീഷ്യൽ കസ്റ്റഡിയിൽ മരിച്ചു. ലാഹോറിലെ ക്യാമ്പ് ജയിലിൽ വിചാരണ കാത്തു കഴിയുകയായിരുന്ന അദ്ദേഹം കസ്റ്റഡിയിലിരിക്കെ ഉണ്ടായ കടുത്ത ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജൂലൈ ഒന്നിനാണ് അന്തരിച്ചത്.

കടുത്ത മറവിരോഗവും മറ്റ് ശാരീരിക അസ്വസ്ഥതകളും അലട്ടിയിരുന്ന അമീർ പീറ്ററിന്റെ ആരോഗ്യനില മോശമായത് അദ്ദേഹത്തിൻറെ ജാമ്യാപേക്ഷ കോടതി പരിഗണിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ്. ലാഹോറിലെ സെന്റ് ഫ്രാൻസിസ് ചർച്ച് ഇടവക വികാരിയായ ഫാദർ ഹെൻറി പോളിന്റെ ജ്യേഷ്ഠനാണ് അന്തരിച്ച അമീർ പീറ്റർ. മുസ്ലിം വ്യാപാരിയുമായുണ്ടായ വ്യക്തിപരമായ തർക്കത്തെ തുടർന്നാണ് 2025 ജൂലൈ 19-ന് ഇദ്ദേഹത്തിനെതിരെ മതനിന്ദാക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സാധനങ്ങൾക്ക് അമിതവില ഈടാക്കിയതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യം തീർക്കാൻ വ്യാപാരി വ്യാജ പരാതി നൽകുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു.

കടുത്ത മറവിരോഗം ബാധിച്ചതിനാൽ അമീർ പീറ്ററിന് വിചാരണ നേരിടാനുള്ള മാനസികാരോഗ്യവുമില്ലെന്ന് മെഡിക്കൽ ബോർഡ് നേരത്തെ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ‘ക്രിസ്ത്യൻസ് ട്രൂ സ്പിരിറ്റ്’ (CTS) എന്ന സംഘടനയുടെ സഹായത്തോടെ അഭിഭാഷകർ കോടതിയിൽ മെഡിക്കൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജൂൺ 29-ന് കേസ് പരിഗണിച്ച കോടതി, പരിശോധിച്ച ഡോക്ടറോട് അടുത്ത വാദത്തിന് ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ ഇതിനിടയിലാണ് മരണം സംഭവിച്ചത്.

ജയിൽ അധികൃതർ ഇദ്ദേഹത്തിന് ആവശ്യമായ അടിയന്തര വൈദ്യസഹായം നൽകാൻ തയ്യാറായില്ലെന്നും തടവിലിരിക്കെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായും ആരോപണമുണ്ട്. പാക്കിസ്ഥാനിലെ വിവാദപരമായ മതനിന്ദാ നിയമങ്ങൾ വ്യക്തിവൈരാഗ്യം തീർക്കാനായി എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ദുരന്തമെന്ന് കത്തോലിക്കാ സഭയും മനുഷ്യാവകാശ പ്രവർത്തകരും കുറ്റപ്പെടുത്തി.

Tags

Share this story

From Around the Web