വിദ്യാർത്ഥികൾക്ക് ക്രൈസ്തവ മൂല്യാധിഷ്ഠിത പ്രബോധനം നൽകാൻ കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാകണം: ലിയോ പതിനാലാമൻ പാപ്പാ

 
Papa

ക്രൈസ്തവവിശ്വാസികൾക്കിടയിലുൾപ്പെടെ, യുവജനങ്ങൾക്ക് വിശ്വാസ, ജീവിത യാത്രയിൽ ശരിയായ മാർഗ്ഗനിർദ്ദേശങ്ങളും വിശ്വാസമൂല്യങ്ങളും നൽകുന്നതിൽ കത്തോലിക്കാ കോളേജുകളും യൂണിവേഴ്സിറ്റികളുമുൾപ്പെടെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള സുപ്രധാന പങ്കിനെക്കുറിച്ച് ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ. കത്തോലിക്കാ കോളേജുകളും യൂണിവേഴ്സിറ്റികളും ഉൾക്കൊള്ളുന്ന അമേരിക്കൻ അസോസിയേഷന്റെ പ്രതിനിധികൾക്ക് ജൂൺ 3 ബുധനാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച് സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്.

ഭാവിയിൽ ഒരു മെച്ചപ്പെട്ട ജോലി ഉറപ്പാക്കാൻ കൂടി സഹായകമാകുന്ന വിധത്തിൽ ഒരു വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് സ്വന്തമാക്കാനുള്ള ലക്ഷ്യങ്ങളോടെയെത്തുന്ന വിദ്യാർത്ഥികളെ ശരിയായ രീതിയിൽ നയിക്കാനും, അവരിൽ അറിവിനോടുള്ള ശരിയായ ആഗ്രഹം വളർത്താനും കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ അധ്യാപകർക്കാകണമെന്ന് ഓർമ്മിപ്പിച്ച പാപ്പാ, വിദ്യാർത്ഥികളെ യഥാർത്ഥ സത്യമായ ക്രിസ്തുവിനെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതിന്റെയും അവനിലേക്ക് നയിക്കുന്നതിന്റെയും പ്രാധാന്യവും എടുത്തുപറഞ്ഞു.

താൻ അടുത്തിടെ പുറത്തിറക്കിയ "മഞ്ഞീഫിക്ക ഹുമാനിത്താസ്" (Magnifica Humanitas, 146) എന്ന തന്റെ പ്രഥമ ചാക്രികലേഖനം പരാമർശിച്ച പാപ്പാ, വിദ്യാഭ്യാസരംഗം ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളിൽ ഒന്ന് അറിവിന്റെ മേഖലയിലുള്ള പരിധികളും പരിമിതികളുമാണെന്ന് അനുസ്മരിച്ചു. അറിവുണ്ടെങ്കിലും ജീവിതത്തിന് ലക്ഷ്യബോധം സ്വന്തമാക്കാനോ, ശരിയായ ദിശയിൽ മുന്നോട്ട് നീങ്ങാനോ വിദ്യാർത്ഥികളിൽ പലർക്കും സാധിക്കുന്നില്ലെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

ഭാവി തലമുറകൾക്ക് നൽകുന്ന വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ശരിയായ മൂല്യങ്ങൾ പകർന്നുകൊടുക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ച പാപ്പാ, ആധുനിക വിദ്യാഭ്യാസരംഗത്ത് നിർമ്മിതബുദ്ധി പോലെയുള്ള സാങ്കേതികവിദ്യകളുടെ ഉപയോഗം വർദ്ധിച്ചുവരികയാണെന്ന യാഥാർത്ഥ്യം മറക്കരുതെന്ന് ഉദ്‌ബോധിപ്പിച്ചു. ക്രിയാത്മകമായും മൂല്യാധിഷ്ഠിതമായും സാങ്കേതികവിദ്യകൾ ഉപയോഗിക്കാനായി ഇന്നത്തെ യുവജനങ്ങളെ പരിശീലിപ്പിക്കുകയും തയ്യാറാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകത പരിശുദ്ധ പിതാവ് പ്രത്യേകം എടുത്തുപറഞ്ഞു.

സഭയിൽ ഏൽപ്പിക്കപ്പെട്ടിരിക്കുന്ന സുവിശേഷപ്രഘോഷണനിയോഗത്തിൽ, കത്തോലിക്കാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള ചുമതലയിലേക്കും പരിശുദ്ധ പിതാവ് ഏവരുടെയും ശ്രദ്ധ ക്ഷണിച്ചു. തങ്ങളുടെ വ്യക്തിഗതജീവിതത്തിനും തങ്ങളുടെ രാഷ്ട്രത്തിന്റെ വളർച്ചയ്ക്കും ഉപകാരപ്രദമാകുന്ന ശരിയായ മൂല്യങ്ങളും പ്രബോധനങ്ങളും വിദ്യാർത്ഥികളിലേക്ക് പകരേണ്ടതുണ്ടെന്ന് പാപ്പാ എടുത്തുപറഞ്ഞു.

Tags

Share this story

From Around the Web