ദയാവധ ബില്ലിനെ പിന്തുണച്ച കത്തോലിക്ക പ്രതിനിധികള്‍ വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ പാടില്ല: ഫ്രഞ്ച് ബിഷപ്പ്
പാരീസ്: ഫ്രാന്‍സില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ദയാവധ ബില്ലിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ അധോസഭയായ നാഷനല്‍ അസംബ്ലി അംഗീകാരം നല്‍കിയതോടെ കൗദാശിക വിഷയത്തില്‍ ശക്തമായി നിലപാടുമായി കത്തോലിക്ക സഭാനേതൃത്വം.
ഫ്രാന്‍സിലെ ദയാവധ ബില്ലിനു അനുകൂലമായി വോട്ട് ചെയ്ത ദേശീയ അസംബ്ലിയിലെ കത്തോലിക്കാ അംഗങ്ങള്‍ക്ക് ഇനി വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ കഴിയില്ലെന്ന് തെക്കന്‍ ഫ്രാന്‍സിലെ ബയോണിലെ ലെസ്‌കാറിലും ഒലോറോണിലുമുള്ള ബിഷപ്പ് മാര്‍ക്ക് ഐലെറ്റ് വ്യക്തമാക്കി.
പൊതുജീവിതത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു യഥാര്‍ത്ഥ കത്തോലിക്ക വിശ്വാസിയ്ക്കു ദയാവധത്തിനെതിരെയുള്ള സഭയുടെ നിരന്തരമായ പ്രബോധനങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലായെന്ന് ബിഷപ്പ് ഐലെറ്റ് പറഞ്ഞു.
ക്രിസ്തീയ വിശ്വാസം ഒരു വ്യക്തിയുടെ മുഴുവന്‍ നിലനില്‍പ്പിനെയും ഉള്‍ക്കൊള്ളുന്നുവെന്നും ഓരോ നിയമനിര്‍മ്മാതാവും അവര്‍ സ്വീകരിക്കുന്ന പ്രവര്‍ത്തികള്‍ അവര്‍ അവകാശപ്പെടുന്ന വിശ്വാസവുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് മനസ്സാക്ഷിയോടെ പരിശോധിക്കണമെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി.
ബില്ലിനെ പിന്തുണയ്ക്കുന്ന കത്തോലിക്ക നിയമനിര്‍മ്മാതാക്കള്‍ സഭയുടെ ധാര്‍മ്മിക പ്രബോധനങ്ങള്‍ക്കു വിരുദ്ധമായ പൊതു വോട്ടെടുപ്പിനെയാണ് വീക്ഷിക്കേണ്ടതെന്നും പൊരുത്തക്കേടിനെക്കുറിച്ച് അവര്‍ ബോധവാന്മാരാണെങ്കില്‍, അവര്‍ക്ക് ഇനി വിശുദ്ധ കുര്‍ബാന സ്വീകരിക്കാന്‍ കഴിയില്ലായെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിലെ ചില മെത്രാന്‍മാര്‍ ചെയ്തതുപോലെ ഇക്കാര്യം അവരെ ഓര്‍മ്മിപ്പിക്കാന്‍ സഭയ്ക്ക് അധികാരമുണ്ടെന്നും ബിഷപ്പ് മാര്‍ക്ക് വ്യക്തമാക്കി.
ദയാവധത്തോട് ശക്തമായ എതിര്‍പ്പാണ് കത്തോലിക്ക സഭയ്ക്കുള്ളത്. ദൈവികദാനമായ മനുഷ്യജീവന്‍ ജനനം മുതല്‍ സ്വാഭാവിക അന്ത്യം വരെയും അമൂല്യമായി പരിഗണിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും വേണം എന്ന സഭയുടെ അടിസ്ഥാന ധാര്‍മ്മിക പ്രബോധനമാണ് അതിന് അടിസ്ഥാനം.
ഉദ്ദേശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അതീതമായി, ഒരു മനുഷ്യ ജീവന്‍ നഷ്ടപ്പെടുത്തുന്ന ഏതൊരു പ്രവര്‍ത്തിയും കൊലപാതകത്തിന് തുല്യവും മനുഷ്യജീവന്റെ മാഹാത്മ്യത്തെ നിഷേധിക്കുന്നതുമാണെന്നാണ് സഭ പഠിപ്പിക്കുന്നത്.