ക്രൈസ്തവ സമൂഹത്തോട് നീതി പുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പിന്തുണ: കത്തോലിക്ക കോണ്‍ഗ്രസ്
കണ്ണൂര്‍: കേരളത്തിലെ ക്രൈസ്തവ സമൂഹത്തോട് നീതി പുലര്‍ത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ക്കായിരിക്കും ക്രൈസ്ത വരുടെ വോട്ടെന്ന് കത്തോലിക്ക കോണ്‍ഗ്രസ്.
തെരഞ്ഞെടുപ്പില്‍ അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നവരെയും കാര്‍ഷിക-വിദ്യാഭ്യാസ മേഖലകളില്‍ ക്രൈസ്തവ രോട് നീതിപുലര്‍ത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളെയും വരുന്ന തെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കുമെന്നും കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന കത്തോലിക്ക കോണ്‍ഗ്രസ് 108-ാം ജന്മവാര്‍ഷിക സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കി.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ട്രഷറര്‍ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേലാണ് പ്രമേയം അവതരിപ്പിച്ചത്.
സാമൂഹികവും സാംസ്‌കാരികവും സാന്പത്തികവുമായി വളര്‍ച്ച നേടിയ കേരള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കുവഹിച്ച കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമാണ്.
കേരളത്തിലെ ക്രൈസ്തവര്‍ രാജ്യപുരോഗതിക്ക് നല്‍കിയ സംഭാവനകള്‍ വിസ്മരിക്കാനുള്ള ശ്രമങ്ങള്‍ പല മേഖലയിലും നടക്കുന്നു. സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ മേഖലകളില്‍നിന്നും അധികാര സ്ഥാപനങ്ങളില്‍നിന്നും ക്രൈസ്തവരെ മാറ്റി നിര്‍ത്താനുള്ള ശ്രമങ്ങളെ ഗൗരവമായി കാണുന്നുവെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
വന്യജീവികളെയും പ്രകൃതിക്ഷോഭങ്ങളെയും മഹാമാരികളെയും ദൈവ വിശ്വാസം മുറുകെപ്പിടിച്ച് നേരിട്ടു തോല്പ്പിച്ച ഒരു തലമുറയുടെ പിന്‍മുറക്കാരായ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന് രാഷ്ട്രീയ അധികാര കേന്ദ്രങ്ങളില്‍ അര്‍ഹമായ പ്രാതിനിധ്യത്തിന് അവകാശമുണ്ട്.
ഈ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള കരുത്ത് ഇന്ന് കത്തോലിക്ക സമുദായത്തിനുണ്ട്. ഈ കരുത്ത് മനസിലാക്കാനുള്ള വിവേകം മുഖ്യധാരാ രാഷ്ട്രീയ നേതൃത്വത്തിന് ഉണ്ടാകണ മെന്നും ക്രൈസ്തതവരുടെ വോട്ട് ഫിക്സഡ് ഡിപ്പോസിറ്റായി ആരും കരുതേണ്ടെന്നും പ്രമേയത്തില്‍ പറയുന്നു.