കത്തോലിക്ക കോണ്‍ഗ്രസ്ഗ് ഗ്ലോബല്‍ മീറ്റ് വത്തിക്കാനില്‍ ഇന്നു തുടങ്ങും
വത്തിക്കാന്‍സിറ്റി: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ മീറ്റ് വത്തിക്കാനില്‍ ഇന്ന് (ഒക്ടോബര്‍ 19) തുടങ്ങും. 109 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യമുള്ള കത്തോലിക്ക കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ അവിസ്മരണീയമായ സംഗമമാണ് റോം ഗ്ലോബല്‍ മീറ്റ്.
ജൂലൈ മൂന്നിന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിലിന് കൈമാറിയ പതാക, 40 രാജ്യങ്ങളില്‍ പ്രയാണം നടത്തി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ഏറ്റുവാങ്ങുന്നതോടെ ഗ്ലോബല്‍ മീറ്റിന് തുടക്കമാകും.
നാളെ രാവിലെ സമ്മേളനവേദിയില്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന സമ്മേളനം മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും.
വിവിധ സെഷനുകളില്‍ പൗരസ്ത്യ സഭാ കാര്യാ ലയം പ്രീഫക്ട് കര്‍ദിനാള്‍ ക്ലോഡിയോ ഗുജറോത്തി, ബിഷപ് ലഗേറ്റ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ആര്‍ച്ചുബിഷപ്പുമാരായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ തോമസ് തറയില്‍, ബിഷപ്പുമാരായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, മാര്‍ ജോയ് ആലപ്പാട്ട്, മാര്‍ ജോസ് കല്ലുവേലില്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ പോളി കണ്ണൂകാടന്‍, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ ടോണി നീലങ്കാവില്‍, മാര്‍ ജോസഫ് അരുമച്ചാടത്ത് ഉള്‍പ്പടെ കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുക്കും.
ആഗോള തലത്തില്‍ സമുദായ ശക്തീകരണത്തിന്റെ വ്യത്യസ്ത മേഖലകള്‍, സാധ്യതകള്‍, ഗ്ലോബല്‍ കണക്ടിവിറ്റി, ബിസിനസ് നെറ്റ്വര്‍ക്കിംഗ് തുടങ്ങിയ വയെ ആസ്പദമാക്കിയുള്ള സെഷനുകള്‍, ചര്‍ച്ചകള്‍, സംവാദങ്ങള്‍, നയരൂപീകരണങ്ങള്‍ എന്നിവ സംഗമത്തിന്റെ ഭാഗമായി നടക്കും.
22ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായുള്ള പ്രത്യേക കൂടിക്കാഴ്ചയും നടക്കും. 23ന് അസീസിയില്‍ ലോകസമാധാനത്തിനായി സമ്മേളന പ്രതിനിധികള്‍ നടത്തുന്ന പ്രാര്‍ത്ഥനയോടെ സമ്മേളനം സമാപിക്കും.