ഫിലിപ്പിന്‍സിലെ ഭൂകമ്പബാധിതര്‍ക്ക് പ്രത്യാശയും കൈത്താങ്ങുമായി കത്തോലിക്ക സഭ; 7- ന് പ്രാര്‍ത്ഥനയുടെയും പൊതു അനുതാപത്തിന്റെയും ദിനമായി ആചരിക്കും

സെബു/ ഫിലിപ്പിന്‍സ്: സെപ്റ്റംബര്‍ 30-ന് ഫിലിപ്പിന്‍സിലെ സെബുവിലും സമീപ പ്രവിശ്യകളിലും നാശം വിതച്ച ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് സഹായഹസ്തവുമായി കത്തോലിക്ക സഭയുടെ കീഴിലുള്ള സന്നദ്ധ സംഘടനകളും രൂപതകളും രംഗത്ത്.
6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 68 പേര്‍ മരിക്കുകയും 80,000-ത്തിലധികം കുടുംബങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു. കത്തോലിക്കാ ബിഷപ്പുമാരുടെ മേല്‍നോട്ടത്തിലുള്ള സന്നദ്ധ സംഘടനായ കാരിത്താസ് ഫിലിപ്പീന്‍സാണ് സന്നദ്ധപ്രവര്‍ത്തനങ്ങളുടെ മുന്‍നിരയിലുള്ളത്.ശുദ്ധജലം, പാര്‍പ്പിട സാമഗ്രികള്‍ എന്നിവ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് കാരിത്താസ് നേതൃത്വം നല്‍കുന്നു.
ഭൂകമ്പത്തില്‍ ദൈവാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും ഗുരുതരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. പുരാതനമായ അഞ്ച് ഇടവകകള്‍ ഭാഗികമായി തകര്‍ന്നു. സുരക്ഷിതമല്ലാത്ത പള്ളികളില്‍ വിശുദ്ധ കുര്‍ബാനകള്‍ നിര്‍ത്തിവയ്ക്കുകയും പരിശോധനാ സംഘങ്ങളെ വിന്യസിക്കുകയും ചെയ്തതായി സെബുവിലെ ആര്‍ച്ചുബിഷപ്പ് ആല്‍ബെര്‍ട്ടോ സി ഉയ് വ്യക്തമാക്കി.
സെബുവിലെ അല്‍മായര്‍ക്കായുള്ള കമ്മീഷന്‍ ഭക്ഷണം, വെള്ളം, ശുചിത്വ കിറ്റുകള്‍ എന്നിവ വിതരണം ചെയ്തു. ലിയോ 14 ാമന്‍ മാര്‍പാപ്പ അപ്പസ്തോലിക് നുണ്‍ഷ്യോ വഴി അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു.
ഭൂകമ്പത്തിന്റെ പശ്ചാത്തലത്തില്‍ ഫിലിപ്പീന്‍സിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം ഒക്ടോബര്‍ 7 ദേശീയ പ്രാര്‍ത്ഥനയുടെയും പൊതു അനുതാപത്തിന്റെയും ദിനമായി പ്രഖ്യാപിച്ചു.