ആഗോളതാപനത്തിന്റെ ദുരിതഫലങ്ങള്‍ നേരിടുന്ന മഡഗാസ്‌കറില്‍ സഹായവുമായി കത്തോലിക്കാസഭ

 
madagaskaer



വത്തിക്കാന്‍സിറ്റി: ആഗോളതാപനത്തിന്റെ ഫലമായി, മഡഗാസ്‌കറിലെ സാധാരണജനം അനുഭവിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ മൂലമുള്ള ദുരിതാവസ്ഥയില്‍ കൈത്താങ്ങായി കത്തോലിക്കാസഭ.


 ദേശീയ കാരിത്താസ് സംഘടനയുടെ സഹായത്തോടെയാണ്, രാജ്യത്ത് വിവിധ മാനവികസഹായപ്രവര്‍ത്തനപദ്ധതികള്‍ സഭ ആരംഭിച്ചത്.


 ഇതില്‍ ഇറ്റലിയിലെ കാരിത്താസ് സംഘടന ഉള്‍പ്പെടെ, വിവിധ ദേശീയ കാരിത്താസ് സംഘടനകള്‍ സഹായമേകുന്നുണ്ടെന്ന്, ആഫ്രിക്കന്‍ പ്രദേശങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ള ഇറ്റാലിയന്‍ കാരിത്താസ് സംഘടനയുടെ പ്രതിനിധി ഫബ്രീത്സിയോ കവല്ലെത്തി  പ്രസ്താവിച്ചു.

രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സാധനസാമഗ്രികള്‍ എത്തിച്ചുകൊടുക്കുന്നതിന് പകരം, അവര്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വേണ്ട വസ്തുവകകള്‍ വാങ്ങാന്‍ സഹായകമാകുന്ന വിധത്തില്‍ സാമ്പത്തികസഹായമെത്തിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് കവല്ലെത്തി അറിയിച്ചു. 


ഇത്തരമൊരു നയം, പ്രാദേശികമായി ചെറുകിട വ്യവസായങ്ങള്‍ വളരാനും, സമൂഹത്തിലേക്ക് പണമെത്താനും സഹായകരമാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ പ്രാദേശിക കത്തോലിക്കാസഭയുടെ വിവിധ ഘടനകള്‍ വഴിയാണ്, ആളുകളിലേക്ക് സഹായങ്ങളെത്തിക്കുന്നതെന്നും, അതുവഴി യഥാര്‍ത്ഥത്തില്‍ സഹായമാവശ്യമുള്ളവരെ കൃത്യമായി  കണ്ടെത്താന്‍ സാധിക്കുന്നുണ്ടെന്നും കാരിത്താസ് പ്രതിനിധി വ്യക്തമാക്കി.

 രാഷ്ട്രീയപരമായി എളുപ്പമല്ലാത്ത സ്ഥിതിയിലും സഭയുടെ സേവനപ്രവര്‍ത്തനങ്ങളെ പ്രാദേശികാധികാരനേതൃത്വങ്ങള്‍ അംഗീകരിക്കുകയും, അതിനോട് സഹകരിക്കുകയും ചെയ്യുന്നുണ്ടെന്നും കവല്ലെത്തി പ്രസ്താവിച്ചു. 


എന്നാല്‍ ആഫ്രിക്കന്‍ പ്രദേശങ്ങളിലെ വസ്തുതകളെപ്പറ്റി ആഗോളമാധ്യമങ്ങള്‍ അപൂര്‍വ്വമായാണ് സംസാരിക്കുന്നതെന്ന് അദ്ദേഹം അപലപിച്ചു. ഇറ്റലിയിലെ കത്തോലിക്കാസഭയുടെ 'ആയിരത്തിനെട്ട്' എന്ന സാമ്പത്തികപദ്ധതിയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കുറച്ചുവര്‍ഷങ്ങളായി മഡഗാസ്‌കറില്‍ കനത്ത മഴയും, കൊടുങ്കാറ്റുകളും, കരകവിഞ്ഞൊഴുകുന്ന പുഴകളും, സാധാരണ സംഭവമെന്ന നിലയിലേക്ക് എത്തിയിട്ടുണ്ട്.

 പ്രകൃതിദുരന്തങ്ങളില്‍ നിരവധി പേര്‍ മരിക്കുകയും അനേകര്‍ക്ക് പരിക്കുകളേല്‍ക്കുകയും ചെയ്തതിന് പുറമെ, നിരവധി വീടുകളും സ്ഥാപനങ്ങളും തകരുകയും, കൃഷിയിടങ്ങളിലും ഫാമുകളിലും നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

ഓസ്ട്രേലിയയില്‍ രൂപം കൊണ്ട്, ഡിസംബര്‍ 23-ന് രാജ്യത്ത് വീശിയടിച്ച 'ഗ്രാന്റ്' കൊടുങ്കാറ്റാണ് മഡഗാസ്‌കര്‍ ദ്വീപ് നേരിട്ട അവസാന ദുരിതം. 

എന്നാല്‍ മണിക്കൂറില്‍ 147 കിലോമീറ്റര്‍ വരെ വേഗതയില്‍ 2025 ജനുവരി 15-ന് ആഞ്ഞുവീശിയ 'ദിക്കലെദി' ആയിരുന്നു കഴിഞ്ഞ ഒരു വര്‍ഷം രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ കൊടുങ്കാറ്റ്. 

Tags

Share this story

From Around the Web